ഏഥന്‍സ്: ഇസ്രായേലി ടെലിവിഷന്‍ രംഗത്തെ പ്രമുഖ നിര്‍മാതാവും ടെഹ്‌റാന്‍ സീരീസിന്റെ സഹപ്രൊഡ്യൂസറുമായ ഡാന ഈഡനെ ഗ്രീസിലെ ഏഥന്‍സിലെ ഒരു ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇസ്രായേല്‍ ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയ വ്യക്തികളിലൊരാളായിരുന്നു 52കാരിയായ ഡാന ഈഡന്‍.
പിതാവിന്റെ പാത പിന്തുടര്‍ന്ന് നിര്‍മാതാവായ ഈഡന്‍ പിതാവ് പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്ന് അന്തരിച്ചതിന് ശേഷം കുടുംബത്തിന്റെ നിര്‍മാണ കമ്പനി ഏറ്റെടുക്കുകയായിരുന്നു. ആപ്പിള്‍ ടിവി പ്ലസില്‍ സംപ്രേഷണം ചെയ്ത ടെഹ്‌റാന്‍ എന്ന ചാരപ്രമേയ സീരിസിലൂടയാണ് അവര്‍ ലോകമെമ്പാടും ശ്രദ്ധ നേടിയത്. 2021ല്‍ ഈ സീരീസ് അന്താരാഷ്ട്ര എമ്മി അവാര്‍ഡില്‍ മികച്ച സീരീസിനുള്ള പുരസ്‌കാരം നേടി.
സീരീസിന്റെ നാലാം സീസണ്‍ ചിത്രീകരണത്തിനായി ഈഡന്‍ ഏഥന്‍സിലുണ്ടായിരുന്നു. മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രാഥമിക തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കി ആത്മഹത്യയെന്ന നിലയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
പലവട്ടം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സഹോദരന്‍ അറിയിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവസ്ഥലത്ത് ഗുളികകള്‍ കണ്ടെത്തിയതായും കഴുത്തില്‍ പരിക്കുകള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. പോസ്റ്റ്്‌മോര്‍ട്ടത്തിന് ശേഷം മാേ്രത മരണകാരണം വ്യക്തമായി നിര്‍ണ്ണയിക്കാന്‍ സാധിക്കുകയുള്ളു. ഹോട്ടല്‍ സിസിടിവി ദൃശ്യങ്ങളും ജീവനക്കാരുടെ മൊഴികളും പൊലീസ് ശേഖരിച്ചുവരികയാണ്.
ഡാന ഈഡന്‍, മോശെ സോണ്ടര്‍, മാവോര്‍ കോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് 'ടെഹ്റാന്‍' നിര്‍മിച്ചത്. ടോണി സെയ്ന്റും സൈമണ്‍ ആലനും രചന നിര്‍വഹിച്ചു, ഡാനിയല്‍ സിര്‍കിന്‍ സംവിധാനം ചെയ്തു. 2025 ഡിസംബറില്‍ സീരീസ് നാലാം സീസണിലേക്ക് കടന്നിരുന്നു.
