സിയോൾ: ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ തന്റെ പിൻഗാമിയായി മകൾ കിം ജൂ ഏയോയെ തെരഞ്ഞെടുത്തേക്കാമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ രാജ്യത്ത് അധികാര അവകാശത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും ശക്തമാകുന്നു. ദക്ഷിണ കൊറിയയുടെ രഹസ്യാന്വേഷണ ഏജൻസിയായ നാഷനൽ ഇന്റലിജെൻസ് സർവീസ് (എൻ.ഐ.എസ്) ആണ് ഇത്തരമൊരു സൂചന പുറത്തുവിട്ടത്.
ഏകദേശം 13 വയസുള്ളതായി കരുതപ്പെടുന്ന കിം ജൂ ഏ, 2022 നവംബറിൽ ദീർഘദൂര മിസൈൽ പരീക്ഷണ വേളയിൽ പിതാവിനൊപ്പം പൊതുവേദിയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത് വാർത്തകളിൽ നിറഞ്ഞിരുന്നു. തുടർന്ന് നിരവധി ഔദ്യോഗിക പരിപാടികളിലും അവൾ പങ്കെടുത്തു. ഇതെല്ലാം ഭാവിയിലെ നേതൃത്വത്തിനായുള്ള പരിശീലനത്തിന്റെയും പൊതുജന അംഗീകാരം ഉറപ്പാക്കുന്നതിന്റെയും ഭാഗമാണെന്നാണ് ദക്ഷിണ കൊറിയൻ ഏജൻസിയുടെ വിലയിരുത്തൽ.
എന്നാൽ അധികാര കൈമാറ്റം അത്ര എളുപ്പമാകില്ലെന്നതാണ് വിദഗ്ധരുടെ നിരീക്ഷണം. കിം ജോങ് ഉന്റെ സഹോദരിയായ കിം യോ ജോംങ് ആണ് കിമ്മിനുശേഷം രാജ്യത്തെ രണ്ടാം ശക്തിയായി കണക്കാക്കപ്പെടുന്നത്. രാഷ്ട്രീയ-സൈനിക പിന്തുണയുള്ള യോ ജോംഗ്, അധികാര പോരാട്ടത്തിൽ പ്രധാന പങ്ക് വഹിച്ചേക്കാമെന്നാണ് വിലയിരുത്തൽ.
ഉത്തര കൊറിയയിലെ ഭരണകുടുംബത്തിന്റെ ചരിത്രം തന്നെ രക്തരൂക്ഷിതമാണ്. 2011ൽ അധികാരത്തിലെത്തിയ ശേഷം, കിം ജോങ് ഉൻ തന്റെ അമ്മാവനായ ജാങ് സോങ് തായെക്‌സിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി 2013ൽ വധശിക്ഷയ്ക്ക് വിധേയനാക്കിയിരുന്നു. തുടർന്ന് 2017ൽ, കിം ജോങ് ഉന്റെ സഹോദരനായ കിം ജോങ് നാം ക്വാലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാഡീവിഷം ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവം ലോകശ്രദ്ധ നേടിയിരുന്നു. ഒരുകാലത്ത് അദ്ദേഹമാണ് പിൻഗാമിയായി കണക്കാക്കപ്പെട്ടിരുന്നത്.
-സ്ഥാപകൻ കിം ഇൽ സങ് മുതൽ കിം ജോങ് ഇൽ വഴിയും പിന്നീട് കിം ജോങ് ഉൻ വരെയും രാജ്യത്ത് അധികാരം ഇതുവരെ പുരുഷന്മാരിൽ നിന്നാണ് കൈമാറപ്പെട്ടിട്ടുള്ളത് . അത്തരമൊരു പാരമ്പര്യത്തിൽ നിന്ന് മാറി ഒരു വനിതാ നേതാവ് അധികാരത്തിലെത്തുന്നത് വലിയ മാറ്റമാകും.
കിം ജൂ ഏയോ, കിം യോ ജോംഗോ - ആർക്കായിരിക്കും അധികാര പടയിൽ മേൽക്കൈ? ഉത്തര കൊറിയയിലെ വായുകടക്കാത്ത രാഷ്ട്രീയ വ്യവസ്ഥയിൽ നടക്കുന്ന നീക്കങ്ങൾ ലോകം ആകാംക്ഷയോടെ നിരീക്ഷിക്കുകയാണ്.
കിമ്മിനുശേഷം മകൾ ജൂ ഏയോ, അതോ അമ്മായി യോ ജോംഗോയോ; ഉത്തര കൊറിയയിൽ അവകാശപോരിന്റെ സൂചനകൾ
