ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) തൊഴിൽ നഷ്ടപ്പെടുത്തുമെന്ന ആശങ്കകൾക്ക് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപം വേദിയായ എഐ ഇംപാക്ട് സമ്മിറ്റ് 2026 ൽ, വ്യവസായലോകം ശക്തമായ മറുപടി നൽകി. എഐ മനുഷ്യർക്കു പകരമാകില്ല , മറിച്ച് ഉൽപാദനക്ഷമത വർധിപ്പിക്കുകയും പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുമെന്നാണ് പ്രമുഖ വ്യവസായ നേതാക്കൾ വ്യക്തമാക്കിയത്. അടുത്ത മൂന്ന് വർഷത്തിനിടെ എഐ മേഖലയിൽ വൻ വളർച്ചയുണ്ടാകുമെന്നും അവർ പ്രവചിച്ചു.
'യുവ പ്രൊഫഷണലുകൾ എഐ സാങ്കേതിക വിദ്യയും ഉപകരണങ്ങളും കൈവശപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും, അതിൽ പരാജയപ്പെട്ടാൽ പിന്നിലാകുമെന്നും 'എഐ ജോലികൾ ഇല്ലാതാക്കില്ല'' എന്ന സന്ദേശം ആവർത്തിച്ച് ഉച്ചരിച്ച വ്യവസായ നേതാക്കൾ മുന്നറിയിപ്പ് നൽകി. എഐ മോഡലുകളുടെ പുരോഗതി ഇതുവരെ കാണാത്ത വേഗത്തിലാണ് മുന്നേറുന്നതെന്നും സമ്മേളനx വിലയിരുത്തി.
'സാമ്പത്തിക വളർച്ചക്കും സാമൂഹിക നന്മയ്ക്കുമായി എഐ വിഭവങ്ങളെ ജനാധിപത്യവൽക്കരിക്കൽ'' എന്ന സെഷനിൽ സംസാരിച്ച പുനീത് ചന്ദോക്, കഴിഞ്ഞ മാസങ്ങളിൽ തന്നെ എഐ രംഗത്ത് ഉണ്ടായ മുന്നേറ്റങ്ങൾ സാങ്കേതികവിദ്യയുടെ വേഗത വ്യക്തമാക്കുന്നതാണെന്ന് പറഞ്ഞു. 'ഇന്ന് നമ്മൾ കാണുന്ന മോഡലുകൾ അതിശയിപ്പിക്കുന്നതാണ്. എഐ ഉപയോഗിച്ച് വളരാനും മുന്നേറാനും ലോകം ഇപ്പോൾ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിലെ ബിസിനസുകളെക്കുറിച്ച് സംസാരിക്കവെ, 'അടുത്ത തലമുറ എഐ ബിസിനസുകൾ ക്ലൗഡിൽ മാത്രമല്ല, എഐയെ തന്നെ ആധാരമാക്കിയുള്ളതായിരിക്കുമെന്നും എഐ ജോലി ഇല്ലാതാക്കില്ല, മറിച്ച് ജോലികളെ പുനഃസംഘടിപ്പിക്കും. നിങ്ങൾ ഇന്ന് എഐ പഠിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഒന്നും പഠിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം,' എന്നും ചന്ദോക് വ്യക്തമാക്കി.
ആഗോള അക ഇക്കോസിസ്റ്റത്തിൽ ഇന്ത്യയുടെ സ്ഥാനം ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിൽ കഴിവുള്ള യുവതലമുറ ഉയർന്നു വരുന്നു. നയങ്ങൾ പിന്തുണയ്ക്കുന്നു. ഇന്ത്യയിലെ 59 ശതമാനം ബിസിനസുകൾ ഇതിനകം തന്നെ അക ഏജന്റുകളെ ഉപയോഗിക്കുന്നു. ഇത്രയും വലിയ ടാലന്റ് പൂൾ ലോകത്ത് വിരളമാണ്,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഐ വിനിയോഗം മനുഷ്യരെ മാറ്റിനിർത്തുന്നതിനല്ല, മറിച്ച് കാര്യക്ഷമത വർധിപ്പിക്കുന്നതിനാണെന്ന് 'തൊഴിൽഭാവിയും കൃത്രിമ ബുദ്ധിയും' എന്ന സെഷനിൽ സംസാരിച്ച സഞ്ജീവ് ബിഖ്ചന്ദാനി വ്യക്തമാക്കി. 'എഐ ഉപയോഗിച്ച് മുമ്പ് സാമ്പത്തികമായി സാധ്യമല്ലാതിരുന്ന വിപണി വിഭാഗങ്ങളെ പോലും സേവിക്കാനാകുന്നുണ്ട്'' എന്നും അദ്ദേഹം പറഞ്ഞു.
'ചെറിയ ഉപഭോക്താക്കളെ വ്യക്തിഗതമായി വിളിക്കുന്നത് പലപ്പോഴും സാമ്പത്തികമായി പ്രയോജനകരമല്ല. എന്നാൽ എഐ അടിസ്ഥാനമാക്കിയുള്ള വോയ്‌സ് ബോട്ടുകൾ ഉപയോഗിച്ചതോടെ, മനുഷ്യനാണോ യന്ത്രമാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഉപഭോക്താക്കളെ സമീപിക്കാൻ കഴിഞ്ഞു. ഇതിലൂടെ സേവനം ലഭിക്കാതെ നിന്ന ഒരു വിപണി വിഭാഗത്തെ ഞങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിഞ്ഞു.' ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് ബിഖ്ചന്ദാനി പറഞ്ഞു.
എഐ ഇപ്പോൾ ആരുടെയും ജോലി നഷ്ടപ്പെടുത്തുന്നില്ലെന്നും, മറിച്ച് ജോലി കൂടുതൽ കാര്യക്ഷമമാക്കാനും മെച്ചപ്പെടുത്താനും മാത്രമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോൾ എഐ ഉപയോഗിക്കുന്നത് ഉൽപാദനക്ഷമത വർധിപ്പിക്കാനാണ്. മനുഷ്യരെ മാറ്റിനിർത്താനല്ല,' എന്നും ബിഖ്ചന്ദാനി കൂട്ടിച്ചേർത്തു.
സമ്മേളനത്തിലുടനീളം ഉയർന്ന ഒരു പൊതുസന്ദേശം ഇതായിരുന്നു - എഐ ഒരു ഭീഷണിയല്ല, മറിച്ച് അവസരമാണ്. അതിനെ ഭയപ്പെടുന്നതിനേക്കാൾ, പഠിക്കുകയും സ്വീകരിക്കുകയും ചെയ്യുക എന്നതാണ് ഭാവിയിലേക്ക് മുന്നേറാനുള്ള വഴി.
' എഐ ജോലി നശിപ്പിക്കില്ല, വളർച്ച വേഗത്തിലാക്കും '': വ്യവസായലോകം
