ബ്രിട്ടീഷ്, കാനഡ പൗരന്മാര്‍ക്ക് ചൈനയില്‍ വിസ രഹിത പ്രവേശനം

ബ്രിട്ടീഷ്, കാനഡ പൗരന്മാര്‍ക്ക് ചൈനയില്‍ വിസ രഹിത പ്രവേശനം


ബീജിങ്: ബ്രിട്ടിഷ്, കനേഡിയന്‍ പൗരന്മാര്‍ക്ക് ചൈനയില്‍ വിസ രഹിത പ്രവേശനം. വിനോദ സഞ്ചാര മേഖലയെയും വ്യവസായത്തെയും പരിപോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. 79 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് നിലവില്‍ ചൈനയിലേക്ക് വിസ രഹിത പ്രവേശനം സാധ്യമായത്. വ്യവസായം, വിനോദസഞ്ചാരം, കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കല്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കായി ഈ അവസരം വിനിയോഗിക്കാം.

വിസയില്ലാതെ എത്തുന്നവര്‍ക്ക് 30 ദിവസം വരെ ചൈനയില്‍ തുടരാന്‍ സാധിക്കും. യൂറോപ്പിലെ ഭൂരിപക്ഷം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ചൈനയിലേക്ക് വിസയില്ലാതെ എത്താം. ലാറ്റിന്‍ അമേരിക്കന്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളും കൂട്ടത്തിലുണ്ട്.

യു എസ്, ഇന്തോനേഷ്യ മുതലായ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് മറ്റൊരു രാജ്യത്തേക്കു പോകുന്നതിന് പത്തു ദിവസം വരെ ചൈനയില്‍ തുടരാന്‍ സാധിക്കും. യു കെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍, കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി എന്നിവര്‍ അടുത്തിടെ ചൈന സന്ദര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് വിസാ രഹിത പ്രവേശനം ഉറപ്പാക്കിയത്.