ടെഹ്‌റാന്: അമേരിക്കയുമായുള്ള ആണവ കരാറുമായി ബന്ധപ്പെട്ട നയതന്ത്ര സംഘര്‍ഷങ്ങള്‍ തുടരുന്നതിനിടെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സ് (ഐ ആര്‍ ജി സി) നാവികസേന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കില്‍ സൈനിക അഭ്യാസം ആരംഭിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്മാര്‍ട്ട് കണ്‍ട്രോള്‍ ഓഫ് ദ സ്ട്രെയ്റ്റ് ഓഫ് ഹോര്‍മുസ് എന്ന പേരിലാണ് അഭ്യാസം നടത്തുന്നത്. ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സിന്റെ നാവിക സേനയാണ് അഭ്യാസത്തിന് നേതൃത്വം നല്‍കുന്നത്. ഐ ആര്‍ ജി സിയുടെ കമാന്‍ഡര്‍- ഇന്‍- ചീഫ് മേജര്‍ ജനറല്‍ മുഹമ്മദ് പക്‌പോര്‍ അഭ്യാസത്തിന് മേല്‍നോട്ടം വഹിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഓപ്പറേഷണല്‍ യൂണിറ്റുകളുടെ സജ്ജത വിലയിരുത്തുക, സുരക്ഷാ പദ്ധതികള്‍ പുനഃപരിശോധിക്കുക, സാധ്യതയുള്ള സുരക്ഷാ ഭീഷണികള്‍ക്ക് സൈനിക പ്രതികരണത്തിനുള്ള സാഹചര്യങ്ങള്‍ പരിശീലിക്കുക എന്നിവയാണ് അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളായി അറിയിച്ചിരിക്കുന്നത്.
ഇതിന് മുമ്പ് ഇറാന്റെ സുപ്രിം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സെക്രട്ടറി അലി ലാരിജാനി അമേരിക്ക ഇറാനെതിരെ ബലം പ്രയോഗിച്ചാല്‍ ടെഹ്‌റാന്‍ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും യുദ്ധം തങ്ങളിലേക്ക് തള്ളിക്കൊടുത്താല്‍ അതിന് മറുപടി നല്‍കുമെന്നും ലാരിജാനിയെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ അവരുടെ താവളങ്ങള്‍ തങ്ങള്‍ ലക്ഷ്യമിടുമെന്നും എ്ന്നാല്‍ മുന്‍ അനുഭവങ്ങളെ അടിസ്ഥാനമാക്കി നോക്കുമ്പോള്‍ മറുവശം വീണ്ടും യുദ്ധത്തിന് ശ്രമിക്കില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ ടെഹ്‌റാനുമായി കരാറിലെത്തുന്നത് ബുദ്ധിമുട്ടായിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇറാന്‍ അമേരിക്കയുമായി ധാരണയിലെത്തുന്നതില്‍ പരാജയപ്പെട്ടാല്‍ ടെഹ്‌റാന് വളരെ വേദനാജനകമായ സാഹചര്യം നേരിടേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
