ഗാസ: ഭക്ഷ്യപ്രതിസന്ധി രൂക്ഷമായ ഗസ്സ മുനമ്പിലെ ഒരു ബേക്കറിയില്‍ റൊട്ടി വാങ്ങാനുണ്ടായ തള്ളിക്കയറ്റത്തെ തുടര്‍ന്ന് രണ്ട് കുട്ടികളും ഒരു സ്ത്രീയും മരിച്ചു. കുട്ടികളെയും 50 വയസുകാരെയും സെന്‍ട്രല്‍ ഗാസയിലെ ദേര്‍ അല്‍-ബാലയിലെ അല്‍-അഖ്സ ആശുപത്രിയിലേക്ക് മാറ്റി. അല്‍- ബന്ന ബേക്കറിയിലുണ്ടായ തിരക്കില്‍ ശ്വാസം മുട്ടിയാണ് അവര്‍ മരിച്ചതെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ചു.
ഇസ്രായേലിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം കഴിഞ്ഞ രണ്ട് മാസമായി ഗാസയിലേക്ക് അനുവദിച്ച ഭക്ഷണത്തിന്റെ അളവ് 14 മാസമായി തുടരുന്ന യുദ്ധത്തിന്റെ ഏറ്റവും കുറവായിരുന്നു. ഗാസയിലെ ജനങ്ങള്‍ക്കിടയില്‍ പട്ടിണിയും നിരാശയും വര്‍ധിക്കുകയാണെന്ന് യു എന്നും ഉദ്യോഗസ്ഥരും പറയുന്നു.
മാവിന്റെ ക്ഷാമം കാരണം ഗാസയിലെ ചില ബേക്കറികള്‍ കഴിഞ്ഞയാഴ്ച പല ദിവസങ്ങളിലായി അടച്ചിട്ടിരുന്നു. ഗാസ മുനമ്പിലുടനീളമുള്ള ഫലസ്തീനികള്‍ ബേക്കറികളെയും ചാരിറ്റബിള്‍ കിച്ചനുകളെയുമാണ് ഭക്ഷണത്തിനായി ആശ്രയിക്കുന്നത്. പല കുടുംബങ്ങള്‍ക്കും ദിവസത്തില്‍ ഒരു നേരം മാത്രമാണ് ഭക്ഷണം ലഭിക്കുന്നത്.
ലെബനനില്‍ ഇസ്രായേലും ഹിസ്ബുള്ളയും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ കുടിയിറക്കപ്പെട്ട ആയിരങ്ങള്‍ അവരുടെ വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങി. കിഴക്കന്‍, തെക്കന്‍ ലെബനനിലും ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും കഴിഞ്ഞ രണ്ട് മാസമായി ഇസ്രായേല്‍ നടത്തിയ തീവ്രമായ വ്യോമാക്രമണത്തില്‍ പലരുടേയും വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ഏകദേശം 1.2 ദശലക്ഷം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 44,000-ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും 104,000-ത്തിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേല്‍ ഗാസയുടെ വലിയ ഭാഗങ്ങള്‍ നശിപ്പിക്കുകയും 2.3 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.