വാഷിംഗ്ടണ്‍: ഈ ആഴ്ച ഇറാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഞായറാഴ്ച ആക്‌സിയോസിന് നല്‍കിയ ഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. തിങ്കളാഴ്ച തന്നെ യു എസും ഇറാനും തമ്മില്‍ പരോക്ഷ ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന് പ്രാദേശിക വൃത്തങ്ങളെ ഉദ്ധരിച്ച് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്‍ കരാറിന് തയ്യാറാണെങ്കിലും താന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള കരാറല്ല അതെന്നും ഒരു വര്‍ഷം മുമ്പ് പരിഗണിച്ചേക്കാവുന്ന നിര്‍ദേശമാണ് ഇപ്പോഴത്തേതെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ നിലപാട് കടുപ്പിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാനെതിരായ വ്യോമാക്രമണം പുനരാരംഭിക്കുന്ന കാര്യം താന്‍ പരിഗണിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
ഹോര്‍മുസ് കടലിടുക്കിലൂടെ യു എസ് സൈന്യം വലിയ തോതില്‍ എണ്ണ ഗതാഗതം സാധ്യമാക്കുന്നുണ്ടെന്നും 2 കോടിയിലേറെ ബാരല്‍ എണ്ണ കടന്നുപോയെന്നും ട്രംപ് പറഞ്ഞു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഒറ്റദിന ഗതാഗതമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. വെള്ളിയാഴ്ച രാത്രി മാത്രം 2.2 കോടി ബാരല്‍ എണ്ണ കടലിടുക്കിലൂടെ കയറ്റുമതി ചെയ്തതായി യു എസ് പ്രതിരോധ ഉദ്യോഗസ്ഥനും സ്ഥിരീകരിച്ചതായി ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്തു.
ഐക്യരാഷ്ട്രസഭാ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച ന്യൂയോര്‍ക്കില്‍ യു എസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരഡ് കുഷ്‌നറും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചിയുമായി പരോക്ഷ ചര്‍ച്ച നടത്തിയിരുന്നു. ഖത്തര്‍ ഉദ്യോഗസ്ഥരും ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ സന്ദേശങ്ങള്‍ കൈമാറി ചര്‍ച്ചയില്‍ പങ്കെടുത്തു.
ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ഇറാന്‍ യു എസ് പ്രതിനിധികള്‍ക്ക് മുന്നില്‍ വെച്ചിരുന്നു. യു എസ് നാവിക ഉപരോധം പിന്‍വലിക്കുക, എണ്ണ വില്‍പ്പനയ്ക്കുള്ള ഉപരോധം നീക്കുക, മേഖലയില്‍ വെടിനിര്‍ത്തല്‍ പുനഃസ്ഥാപിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങള്‍. നിര്‍ദേശം ശനിയാഴ്ച ട്രംപ് നിരസിച്ചു.
അതേസമയം, ഖത്തര്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥര്‍ ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാന്‍ ഇരു വിഭാഗങ്ങളുമായും ആശയവിനിമയം തുടരുകയാണ്. തിങ്കളാഴ്ച തന്നെ അറാഖ്ചിയുമായും വിറ്റ്‌കോഫുമായും ഖത്തര്‍ മധ്യസ്ഥര്‍ പ്രത്യേകം കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
ട്രംപ് നിര്‍ദേശം നിരസിച്ചെങ്കിലും നയതന്ത്ര പരിഹാരമാണ് ഇറാന്‍ തേടുന്നതെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ചി എന്‍ ബി സിയോട് പറഞ്ഞു. ദേശീയ താത്പര്യങ്ങള്‍ മാത്രമാണ് ഇറാന്‍ പരിഗണിക്കുന്നതെന്നും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ട്രംപ് നിര്‍ദേശം നിരസിച്ചതായി അറിയിച്ചെങ്കിലും മധ്യസ്ഥര്‍ വഴി ഔദ്യോഗിക പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്നും അറാഖ്ചി പറഞ്ഞു.
