സെലന്‍സ്‌കിയെ വിമര്‍ശിച്ച് ട്രംപ്; യുക്രെയ്ന്‍ യുദ്ധ സമാധാന പദ്ധതിയെക്കുറിച്ച് 'നിരാശ'

സെലന്‍സ്‌കിയെ വിമര്‍ശിച്ച് ട്രംപ്; യുക്രെയ്ന്‍ യുദ്ധ സമാധാന പദ്ധതിയെക്കുറിച്ച് 'നിരാശ'


വാഷിംഗ്ടണ്‍: യുക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക മുന്നോട്ടുവച്ച സമാധാന നിര്‍ദേശങ്ങള്‍ യുക്രെയിന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കി ഇതുവരെ വായിക്കുകയോ ഗൗരവമായി പരിഗണിക്കുകയോ ചെയ്തിട്ടില്ലെന്നതില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരാശ പ്രകടിപ്പിച്ചു. ഞായറാഴ്ച (ഡിസംബര്‍ 7) കെനഡി സെന്റര്‍ ഓണേഴ്‌സിന്റെ റെഡ് കാര്‍പറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ട്രംപിന്റെ പ്രതികരണം. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുട്ടിനുമായും സെലന്‍സ്‌കി ഉള്‍പ്പെടെയുള്ള യുക്രെയ്ന്‍ നേതാക്കളുമായും താന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും, എന്നാല്‍ സമാധാന പദ്ധതിയിലേക്കുള്ള സെലന്‍സ്‌കിയുടെ സമീപനം തങ്ങളെ കുറച്ച് നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു.

'പുട്ടിനുമായും യുക്രെയ്ന്‍ നേതാക്കളുമായും, പ്രത്യേകിച്ച് പ്രസിഡന്റ് സെലന്‍സ്‌കിയുമായും ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഏതാനും മണിക്കൂര്‍ മുന്‍പുവരെ പോലും പ്രസിഡന്റ് സെലന്‍സ്‌കി ഈ സമാധാന നിര്‍ദേശം വായിച്ചിട്ടില്ലെന്ന കാര്യം എന്നെ അല്പം നിരാശപ്പെടുത്തി' എന്നാണ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.

യുക്രെയിനും അമേരിക്കയും തമ്മിലുള്ള നിരവധി ദിവസങ്ങളായുള്ള ചര്‍ച്ചകള്‍ ശനിയാഴ്ച (ഡിസംബര്‍ 6) വലിയ പുരോഗതമില്ലാതെ അവസാനിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പരാമര്‍ശം. എന്നിരുന്നാലും, 'യഥാര്‍ത്ഥ സമാധാനത്തിലേക്ക്' എത്തുമെന്ന പ്രതീക്ഷയില്‍ തുടര്‍ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. ഇതിന് മുന്‍പായി, ഈ ആഴ്ചയുടെ തുടക്കത്തില്‍ അമേരിക്കയുടെ പ്രത്യേക പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരഡ് കുഷ്‌നറും മോസ്‌കോയില്‍ വച്ച് റഷ്യന്‍ പ്രസിഡന്റ് പുട്ടിനുമായി കൂടിക്കാഴ്ച നടത്തി.

നവംബറില്‍ പുറത്ത് വന്നതുമുതല്‍ പലവട്ടം പരിഷ്‌കരിച്ച അമേരിക്കന്‍ സമാധാന നിര്‍ദേശത്തെക്കുറിച്ച് റഷ്യ ഭാഗികമായ എതിര്‍പ്പാണ് അറിയിച്ചിട്ടുള്ളത്. ചില പതിപ്പുകള്‍ മോസ്‌കോയോട് അതീവ അനുകൂലമാണെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. റഷ്യ കൈവശപ്പെടുത്തിയ യുക്രെയ്ന്‍ ഭൂഭാഗങ്ങളാണ് 2022 ഫെബ്രുവരിയില്‍ ആരംഭിച്ച യുക്രെയ്ന്‍ അധിനിവേശത്തിനു ശേഷമുള്ള പ്രധാന തര്‍ക്കവിഷയം.

ഡിസംബര്‍ 2ന് സമാപിച്ച യു.എസ്.-റഷ്യ ഉന്നതതല ചര്‍ച്ചകളിലും യാതൊരു ഇടവേളയുമില്ലാതെ ഈ വിഷയത്തില്‍ അഭിപ്രായഭേദം തുടരുന്നതായി ക്രെംലിന്‍ അറിയിച്ചു. പുട്ടിനും കുഷ്‌നറും വിറ്റ്‌കോഫും നടത്തിയ അഞ്ച് മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം, റഷ്യന്‍ വിദേശകാര്യ ഉപദേഷ്ടാവ് യൂരി ഉഷാക്കോവ് ചര്‍ച്ചകള്‍ 'പ്രയോജനകരമായതായിരുന്നെങ്കിലും അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ല' എന്ന് പറഞ്ഞു. അധിനിവേശ പ്രദേശങ്ങളുടെ കാര്യത്തില്‍ ഇതുവരെ ഒരു സമവായവും ഉണ്ടാകാത്തതായി അദ്ദേഹം വ്യക്തമാക്കിയതോടെ, യുക്രെയ്ന്‍ യുദ്ധ സമാധാന ശ്രമങ്ങള്‍ ഇനിയും കഠിനമായ വഴിയിലൂടെയാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു.