ഇന്ധനവില കുതിക്കുന്നു; നികുതിയിളവുള്ള 'റെഡ് ഡീസൽ' എല്ലാവർക്കും വാങ്ങാൻ അനുമതി നൽകി ട്രംപ്

ഇന്ധനവില കുതിക്കുന്നു; നികുതിയിളവുള്ള 'റെഡ് ഡീസൽ' എല്ലാവർക്കും വാങ്ങാൻ അനുമതി നൽകി ട്രംപ്


വാഷിങ്ടൺ: അമേരിക്കയിൽ കുതിച്ചുയരുന്ന ഡീസൽ വില പിടിച്ചുനിർത്താൻ നികുതിയിളവുള്ള 'റെഡ് ഡീസൽ' റോഡുകളിൽ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം താൽക്കാലികമായി നീക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കർഷക യന്ത്രങ്ങൾ, നിർമാണ ഉപകരണങ്ങൾ തുടങ്ങിയ ഓഫ്‌റോഡ് ആവശ്യങ്ങൾക്ക് മാത്രമായി ഇതുവരെ പരിമിതപ്പെടുത്തിയിരുന്ന ഡീസൽ ഇനി കൂടുതൽ വ്യാപകമായി ഉപയോഗിക്കാനാകും. ഒക്ടോബർ 5ന് ട്രംപ് ഇതിനായുള്ള എക്‌സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവച്ചു.

നിലവിൽ ഗാലണിന് 6.32 ഡോളറിനടുത്താണ് അമേരിക്കയിലെ ശരാശരി ഡീസൽ വില. സെ്ര്രപംബർ 22ന് വില റെക്കോർഡ് 6.53 ഡോളറിലെത്തിയിരുന്നു. ഇറാൻ യുദ്ധം ഉൾപ്പെടെയുള്ള സംഘർഷങ്ങൾ മൂലമുള്ള വിതരണ തടസ്സങ്ങളും ആഗോള ഡീസൽ ലഭ്യതയിലെ കുറവും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്.

റോഡ് ഉപയോഗത്തിനുള്ള ഡീസലിന് ബാധകമായ ഫെഡറൽ എക്‌സൈസ് നികുതി ഗാലണിന് 24.4 സെന്റാണ്. ട്രംപിന്റെ ഉത്തരവ് പ്രകാരം ഈ നികുതി വർഷാവസാനം വരെ മാറ്റിവയ്ക്കും. മാറ്റിവച്ച നികുതിക്ക് പലിശയോ പിഴയോ ഈടാക്കില്ല. പിന്നീട് ഈ നികുതി പൂർണമായും ഒഴിവാക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കാനും ട്രഷറി സെക്രട്ടറിയോട് നിർദേശിച്ചിട്ടുണ്ട്.

നവംബർ 3ന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉയർന്ന ഇന്ധനവില അമേരിക്കൻ ജനജീവിതച്ചെലവിൽ സമ്മർദം സൃഷ്ടിക്കുന്നതിനിടെയാണ് ട്രംപിന്റെ പുതിയ നടപടി. നികുതിയിളവുള്ള ഡീസലിന്റെ വ്യാപക ഉപയോഗം ഉപഭോക്താക്കൾക്കും ഇന്ധനം കൂടുതലായി ഉപയോഗിക്കുന്ന മേഖലകൾക്കും ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഭരണകൂടത്തിന്റെ പ്രതീക്ഷ.