സിറിയയ്ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ മുഴുവന്‍ ഉപരോധങ്ങളും നീക്കുമെന്ന് ട്രംപ്; മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍

സിറിയയ്ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ മുഴുവന്‍ ഉപരോധങ്ങളും നീക്കുമെന്ന് ട്രംപ്; മുന്നറിയിപ്പ് നല്‍കി ഇസ്രായേല്‍


റിയാദ്: സിറിയക്ക് മേല്‍ അമേരിക്ക രേഖപ്പെടുത്തിയ എല്ല ഉപരോധങ്ങളും നീക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നാല് ദിവസത്തെ ഗള്‍ഫ് രാജ്യങ്ങളിലെ സന്ദര്‍ശനത്തിനിടെ, റിയാദില്‍ നടന്ന യുഎസ്-സൗദി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ വെച്ചാണ് ട്രംപ് അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗനുമായും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഉപരോധങ്ങള്‍ നീക്കാനുള്ള തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി.

'സിറിയയ്‌ക്കെതിരായ ഉപരോധങ്ങള്‍ ഞാന്‍ അവസാനിപ്പിക്കാന്‍ ഉത്തരവിടും. അതുവഴി അവര്‍ക്ക് വികസനം നേടാനുള്ള അവസരം നല്‍കും. ഇപ്പോള്‍ അവരുടെ സമയമാണ്. ഞങ്ങള്‍ എല്ലാം നീക്കം ചെയ്യുകയാണ് '- ട്രംപ് പറഞ്ഞു. ഉപരോധങ്ങള്‍ ക്രൂരമായിരുന്നു. സിറിയയിലെ പുതിയ ഭരണകൂടം രാജ്യത്തെ സ്ഥിരപ്പെടുത്തി സമാധാനം നിലനിര്‍ത്തുമെന്നാണ് തന്റെ പ്രതീക്ഷയെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു.

സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ഷറായുമായി കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. 2000ന് ശേഷം യുഎസ്, സിറിയന്‍ നേതാക്കള്‍ തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. അല്‍ഷറാ 2016ല്‍ അല്‍ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിച്ചെങ്കിലും, അദ്ദേഹം നേതൃത്വം നല്‍കിയ എച്ച് ടി എസിനെ, യുഎസും യുഎന്നും ഭീകരസംഘടനയായി മുദ്രകുത്തിയിരുന്നു. 2025 ജനുവരിയില്‍ എച്ച് ടി എസ് ഔദേ്യാഗികമായി പിരിച്ചുവിട്ടെങ്കിലും അല്‍ഷറായ്ക്ക് ഭീകരവാദസംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണം ശക്തമാണ്.

ട്രംപിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ഷൈബാനി, പ്രഖ്യാപനം വളരെ പോസിറ്റീവ് ആണെന്നും ഇത് സിറിയന്‍ ജനതയ്ക്ക് നിര്‍ണായക വഴിത്തിരിവ് ആയിരിക്കുമെന്നും പറഞ്ഞു. ഉപരോധങ്ങള്‍ നീക്കുന്നത് ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും സിറിയന്‍ സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവനം ചെയ്യാനും നിര്‍ണായകം ആണെന്നായിരുന്നു യുഎന്‍ പ്രത്യേക ദൂതന്‍ ഗെയര്‍ പെഡേഴ്‌സണ്‍ അഭിപ്രായപ്പെട്ടത്.

എന്നാല്‍, അല്‍ഷറായുടെ ഭീകരവാദ ഭൂതകാലത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഇസ്രായേല്‍ രംഗത്ത് വന്നു. പുതിയ സിറിയന്‍ ഭരണകൂടത്തോട് അതിവേഗം അടുക്കുന്നതിനെതിരെ ഇസ്രായേല്‍ മുന്നറിയിപ്പും നല്‍കുന്നു. 2024 ഡിസംബറില്‍, ഇസ്രായേല്‍ ഡമാസ്‌കസിലെ പ്രസിഡന്റിന്റെ കൊട്ടാരം ലക്ഷ്യമിട്ട് ആക്രമണം നടത്തിയിരുന്നു.

സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പൂര്‍ണമായി പിന്‍വലിക്കാനുള്ള ട്രംപിന്റെ പദ്ധതിയും ഈ പ്രഖ്യാപനവുമായി ബന്ധപ്പെട്ടിരിക്കുന്നു. അല്‍ഷറായുമായുള്ള കൂടിക്കാഴ്ച, ഈ പിന്‍വലിക്കലിനെ ത്വരിതപ്പെടുത്താനും ഇറാന്‍ സിറിയയില്‍ വീണ്ടും സ്വാധീനം ചെലുത്തുന്നത് തടയാനും ഉദ്ദേശിച്ചുള്ളതാണെന്നും വിലയിരുത്തപ്പെടുന്നു.