പാരീസ്: ഇറാനുമായുള്ള സമാധാന കരാറിന്റെ അന്തിമ വ്യവസ്ഥകള്‍ തൃപ്തികരമല്ലെങ്കിലും തെഹ്റാന് കരാറിലെ ബാധ്യതകള്‍ പാലിക്കാത്ത പക്ഷവും അമേരിക്ക വീണ്ടും സൈനിക നടപടി സ്വീകരിക്കുമെന്ന് യു എസ് പ്രസിഡന്റ്
ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി. ഫ്രാന്‍സില്‍ നടക്കുന്ന ജി7 ഉച്ചകോടിയില്‍ ഈജിപ്ത് പ്രസിഡന്റ്
അബ്ദല്‍ ഫത്താഹ് അല്‍-സിസിയോടൊപ്പം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്.
വാഷിംഗ്ടണും തെഹ്റാനും തമ്മില്‍ മാസങ്ങളായുള്ള സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ധാരണാപത്രം ഇതുവരെ അന്തിമരൂപം നേടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒരു ധാരണാപത്രം മാത്രമാണെന്നും തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വീണ്ടും അവര്‍ക്കെതിരെ വെടിവയ്ക്കുകയും അവരുടെ തലയില്‍ ബോംബ് ഇടുകയും ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
ഇറാന് കരാര്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടും ട്രംപ് കടുത്ത മുന്നറിയിപ്പ് നല്കി.
തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍, അവര്‍ ശരിയായ രീതിയില്‍ പെരുമാറിയില്ലെങ്കില്‍, അവരുടെ തലയുടെ നടുവിലേക്ക് തന്നെ വീണ്ടും ബോംബ് വീഴും, അദ്ദേഹം പറഞ്ഞു.
അതേസമയം, അമേരിക്ക- ഇറാന് കരാര്‍ രൂപരേഖ ശക്തമാണെന്നും ട്രംപ് അവകാശപ്പെട്ടു. കരാറില്‍ എന്തൊക്കെയാണുള്ളതെന്ന് എല്ലാവര്ക്കും അറിയില്ലെങ്കിലും അത് വളരെ ശക്തമായ കരാറാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കരാര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ധനവിപണികള്‍ അനുകൂലമായി പ്രതികരിച്ചുവെന്നും കരാര്‍ ഒപ്പുവെച്ചാല്‍ തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും സാധാരണ നിലയിലാകുമെന്നും ട്രംപ് പറഞ്ഞു.
ഓഹരി വിപണി കുതിച്ചുയര്‍ന്നുവെന്നും എണ്ണവില താഴുകയും വാക്കുകളേക്കാള്‍ ശക്തമായി അത് സംസാരിക്കുകയും ചെയ്യുന്നതായി ട്രംപ് പറഞ്ഞു.
അമേരിക്കയും ഇറാനും തമ്മില്‍ മാസങ്ങളായുള്ള വൈരാഗ്യം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ധാരണാപത്രത്തില്‍ രണ്ട് ദിവസത്തിനകം ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സംഭാഷണത്തിനിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ്
ബറാക് ഒബാമക്കെതിരെയും ട്രംപ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. 2015ലെ ഇറാന് ആണവ കരാറിലൂടെ ഒബാമ ഇറാന്റെ അനുകൂലം നേടാന്‍ ശ്രമിച്ചുവെന്നാണ് ട്രംപിന്റെ ആരോപണം.
ഒബാമ 1.7 ബില്യണ്‍ ഡോളര്‍ പണമായി വിമാനത്തില്‍ കയറ്റി ഇറാനിലേക്ക് അയച്ചതായും അവര്‍ വിമാനത്തിന് സമീപം നിന്നുകൊണ്ട് ആ പണം കണ്ടു സന്തോഷിക്കുകയും അദ്ദേഹം കൈക്കൂലി നല്കി പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും പറഞ്ഞ ട്രംപ് താന്‍ അങ്ങനെ ചെയ്തില്ലെന്നും വിശദമാക്കി.
ഒബാമ ഭരണകൂടം ഒപ്പുവെച്ച 2015ലെ ആണവകരാറിനെ ട്രംപ് മുമ്പും പലതവണ വിമര്‍ശിച്ചിരുന്നു. ഇറാനോട് തന്റെ ഭരണകൂടം സ്വീകരിച്ച സമീപനം കൂടുതല്‍ കടുപ്പമുള്ളതും ഫലപ്രദവുമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
