വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിനും തമ്മില്‍ അടുത്ത മാസം ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടക്കാനിരുന്ന ഉച്ചകോടി റദ്ദാക്കി. റഷ്യ അമേരിക്കക്ക് സമര്‍പ്പിച്ച ആവശ്യങ്ങളുടെ പട്ടിക പരിധികള്‍ക്കും അപ്പുറമുള്ളതാണെന്ന് വാഷിംഗ്ടണ്‍ വിലയിരുത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
റഷ്യയ്‌ക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ പിന്‍വലിക്കണമെന്നും റഷ്യയുടെ പ്രദേശിക അവകാശവാദങ്ങള്‍ അംഗീകരിക്കണമെന്നതും മോസ്‌കോയുടെ ആവശ്യങ്ങളില്‍  ഉള്‍പ്പെട്ടിരുന്നതായി റോയിറ്റേഴ്‌സ്,  ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് ഇതുവരെ ഔദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല. ഈ കൂടിക്കാഴ്ചയുടെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ഇതിനകം തന്നെ സംശയങ്ങള്‍ നിലനിന്നിരുന്നു. 'അടുത്തിടെയൊന്നും ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ചയ്ക്ക് പദ്ധതികളില്ല' എന്നായിരുന്നു ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്.
പുട്ടിന്റെ കാര്യത്തില്‍ താന്‍ നിരാശനാണെന്ന് അടുത്തിടെ ട്രംപ് തുറന്ന് പറഞ്ഞിരുന്നു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍ താന്‍ വ്യക്തിപരമായി ഇടപെടുമെന്ന് നേരത്തേ പറഞ്ഞിരുന്ന ട്രംപിന്റെ നിലപാടിലുള്ള മാറ്റമാണ് ഇതില്‍ നിന്ന് മനസിലാകുന്നത്.
'യുദ്ധം ഉടന്‍ അവസാനിക്കണം, രണ്ടുകൂട്ടരും തങ്ങളുടെ നിലയില്‍ നിന്ന് പിന്മാറണം' എന്ന് ഫ്‌ലോറിഡയില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, ട്രംപ് പറയുകയുണ്ടായി. റഷ്യ നിലവില്‍ കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങള്‍ അവര്‍ക്കൊപ്പം തന്നെ നിലനിര്‍ത്തണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. 'അതില്‍ നിന്ന് മാറി യുക്തിയുള്ള പരിഹാരം കാണുക ഇപ്പോള്‍ വളരെ ബുദ്ധിമുട്ടാണ് ' എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
യുദ്ധവിരാമത്തിന് വേണ്ടി നടത്തിയ ചര്‍ച്ചകളില്‍ പുട്ടിന്‍ തനിക്കെതിരെ രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിച്ചിരിക്കാമെന്നും ട്രംപ് പരാമര്‍ശിച്ചു.
യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങള്‍ക്കായി ട്രംപ് കഴിഞ്ഞ ചില മാസങ്ങളായി ശ്രമിച്ചുവരുന്നുവെങ്കിലും, യാതൊരു പുരോഗതിയും ഇതുവരെ ഉണ്ടാകാത്തത്ിന്റെ നിരാശ ട്രംപ് പര്കടിപ്പിച്ചിരുന്നു.
മോസ്‌കോയുടെ അമിതാവശ്യ പട്ടിക തള്ളി യുഎസ്; ബുഡാപെസ്റ്റിലെ ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ച റദ്ദാക്കി
 
                                
                        
