മസ്തിഷ്‌കാഘാത ചികിത്സാരംഗത്ത് ഇന്ത്യയെ ആഗോള ലക്ഷ്യസ്ഥാനമാക്കുന്ന നേട്ടവുമായി ജിപ്മർ

മസ്തിഷ്‌കാഘാത ചികിത്സാരംഗത്ത് ഇന്ത്യയെ ആഗോള ലക്ഷ്യസ്ഥാനമാക്കുന്ന നേട്ടവുമായി ജിപ്മർ


പുതുച്ചേരി: മസ്തിഷ്‌കാഘാത (സ്‌ട്രോക്ക് )ചികിത്സയിൽ ഇന്ത്യക്ക് മഹത്തായ നാഴികക്കല്ല് പാകി ജവഹർലാൽ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പോസ്റ്റ്ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്  (ജിപ്മർ).  ഇവർ വികസിപ്പിച്ച 'സൂപ്പർനോവ' എന്ന അത്യാധുനിക മെക്കാനിക്കൽ ത്രോംബെക്ടമി ഡിവൈസിന്റെ ക്ലിനിക്കൽ ട്രയൽ വിജയകരമായി പൂർത്തിയായതായി സ്ഥാപനം അറിയിച്ചു.

തലച്ചോറിലെ ആർട്ടറിയിൽ തടസം സൃഷ്ടിക്കുന്ന രക്തക്കട്ടുകൾ നീക്കം ചെയ്യുന്നതിനായി രൂപകല്പന ചെയ്ത ഈ ഉപകരണം യുഎസിലെ ഇന്ത്യൻ വംശജരായ എഞ്ചിനീയർമാരും ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റുകളും ചേർന്നാണ് വികസിപ്പിച്ചത്. ഹൈദരാബാദിലെ ഒരു സ്ഥാപനത്തിൽ നിർമിച്ച ഈ ഡിവൈസിന് ഇപ്പോൾ ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (DCGI) വാണിജ്യ ഉപയോഗത്തിന് അനുമതി നൽകിയതായി ജിപ്മർ ന്യൂറോളജി വിഭാഗം മേധാവി ഡോ. സുനിൽ നാരായൺ പറഞ്ഞു.

'ഗ്രാസ്‌റൂട്ട് ട്രയൽ' എന്ന പേരിൽ നടത്തിയ പഠനഫലങ്ങൾ ഒക്ടോബർ 22 മുതൽ 24 വരെ ബാഴ്‌സലോണയിൽ നടന്ന വേൾഡ് സ്‌ട്രോക്ക് കോൺഗ്രസിലാണ് പ്രഖ്യാപിച്ചത്. വിലയേറിയ ഇറക്കുമതി ഉപകരണങ്ങൾക്ക് തുല്യമായ സുരക്ഷയും ഗുണമേന്മയും സൂപ്പർനോവ കാണിച്ചുവെന്നാണ് റിപ്പോർട്ട്. ഇന്ത്യയിൽ തന്നെ നിർമിക്കുമ്പോൾ ഈ ഉപകരണം ഇറക്കുമതി ഉപകരണങ്ങളെ ക്കാൾ 50-70 ശതമാനം വരെ കുറഞ്ഞ വിലയിൽ ലഭ്യമാകും. ഇത് സർക്കാർ ആശുപത്രികൾക്കും താഴ്ന്ന വരുമാന രാജ്യങ്ങളിലെ രോഗികൾക്കും ആധുനിക സ്‌ട്രോക്ക് ചികിത്സ ലഭ്യമാക്കും.

വേൾഡ് 'എവരി മിനിറ്റ് കൗണ്ട്‌സ്' എന്ന തീമിൽ ലോക സ്‌ട്രോക്ക് ദിനം ആഘോഷിക്കുന്ന ഇപ്പോൾ ഈ നേട്ടം വലിയ പ്രാധാന്യമർഹിക്കുന്നു. സ്‌ട്രോക്ക് സംഭവിച്ചതിനു ശേഷം ആദ്യ 3-4.5 മണിക്കൂറിനുള്ളിൽ തലച്ചോറിലെ കട്ടപിടിച്ച രക്തത്തെ ദ്രവിപ്പിക്കുന്ന മരുന്നുകൾ വളരെ ഫലം ചെയ്യുമെന്നും, 6-7 മണിക്കൂറിനുള്ളിൽ വരുന്ന രോഗികൾക്ക് മെക്കാനിക്കൽ ത്രോംബെക്ടമി ഉപകരണത്തിലൂടെ ജീവൻ നിലനിർത്താൻ കഴിയുമെന്നും ഡോക്ടർമാർ ഓർമ്മിപ്പിച്ചു.

സമയബന്ധിത ചികിത്സയ്ക്കായി ജനങ്ങൾ അതിവേഗ പരിശോധന പട്ടിക(FAST Checklist) മനസ്സിലാക്കിയിരിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിച്ചു-മുഖപേശികളുടെ കോട്ടം, കൈകളിലെ ബലക്ഷയം, സംസാരിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ശ്രദ്ധയിൽപെട്ടാൽ ഉടൻതന്നെ വൈദ്യ സഹായം തേടണം. കാരണം ഇതൊക്കെയാണ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങൾ.

രക്തസമ്മർദ്ദം, പ്രമേഹം, കൊളസ്‌ട്രോൾ നിയന്ത്രണം, പുകയില ,മദ്യം എന്നിയുടെ ഉപയോഗം ഒഴിവാക്കൽ, നിത്യേന വ്യായാമം, ശരിയായ ഉറക്കം എന്നിവ സ്‌ട്രോക്ക് തടഞ്ഞുനിർത്താൻ വളരെ അത്യാവശ്യമാണെന്ന് അവർ ചൂണ്ടിക്കാട്ടി.