ക്വാലാലംപൂർ:  ഇന്ത്യയും അമേരിക്കയും തമ്മിൽ 10 വർഷം ദൈർഘ്യമുള്ള പ്രതിരോധ സഹകരണ കരാർ ക്വാലാലംപൂരിൽ വെള്ളിയാഴ്ച ഒപ്പുവെച്ചു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും തമ്മിലാണ് കരാർ ഒപ്പുവച്ചത്.
ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ വിപുലീകരിച്ച യോഗമായ എ.ഡി.എം.എം.-പ്ലസ്- (ADMM-Plus) നോട് അനുബന്ധിച്ചു നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് ഇന്ത്യയുടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് കരാർ ഒപ്പുവെച്ച വിവരം അറിയിച്ചത്.
'ഇന്ന് ഒപ്പുവെച്ച പ്രതിരോധ കരാറിലൂടെ ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പുതിയ അധ്യായം ആരംഭിക്കുകയാണ്.  ഹെഗ്‌സത്തിന്റെ നേതൃത്യത്തിൽ ഈ ബന്ധം കൂടുതൽ ശക്തമാകുമെന്നു താൻ വിശ്വസിക്കുന്നു എന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
- 'ഇന്ത്യയുമായുള്ള പങ്കാളിത്തത്തിന് അമേരിക്കൻ പ്രതിരോധമന്ത്രി പീറ്റ് ഹെഗ്‌സെത്ത് നന്ദി പറഞ്ഞു.  ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള യുഎസ്-ഇന്ത്യ ബന്ധങ്ങളിൽ ഒന്നാണിത്. പരസ്പര വിശ്വാസത്തിലും സംയുക്ത താൽപ്പര്യങ്ങളിലുമാണ് ഈ ബന്ധം പണിതിരിക്കുന്നത്. ഇൻഡോപസഫിക് മേഖലയിലെ സുരക്ഷയും സമൃദ്ധിയും ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുമാണ് ഇതിന് പിന്നിൽ.' -ഹെഗ്‌സെത്ത് പറഞ്ഞു.
'10 വർഷത്തെ ഈ പ്രതിരോധ കരാർ ഉത്സാഹജനകവും ഇരുസൈന്യങ്ങൾക്കും വലിയ മുന്നേറ്റം നൽകുന്നതുമാണ്. ഭാവിയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിന് ഇതൊരു വഴികാട്ടിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ചൈനയുടെ വിപുലമായ പ്രദേശിക താല്പര്യങ്ങൾക്ക് നടുവിൽ കഴിഞ്ഞ വർഷങ്ങളിലായി ഇന്ത്യയും അമേരിക്കയും പ്രതിരോധ-സുരക്ഷാ ബന്ധങ്ങൾ ശക്തിപ്പെടുത്തിയിരുന്നു.
വാണിജ്യ വിഷയങ്ങളിൽ ഡോണൾഡ് ട്രംപ് ഭരണകൂടം ഇന്ത്യയ്‌ക്കെതിരെ തീരുവകൾ ഉയർത്തിയതിനെ തുടർന്ന് ബന്ധങ്ങളിൽ ചില പോറലുകൾ ഉണ്ടായെങ്കിലും, വ്യാപാര തർക്കങ്ങൾ പ്രതിരോധ സഹകരണത്തെ ബാധിക്കില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയും അമേരിക്കയും തമ്മിൽ 10 വർഷത്തെ പ്രതിരോധ സഹകരണ കരാർ ഒപ്പുവെച്ചു
 
                                
                        
