ട്രംപിന്റെ നിലപാടുകളും പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങളും

ട്രംപിന്റെ നിലപാടുകളും പശ്ചിമേഷ്യയിലെ യുദ്ധമേഘങ്ങളും


പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിന്റെ നിഴലിലാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം സൈനിക ഏറ്റുമുട്ടലുകളും നയതന്ത്ര ചര്‍ച്ചകളും ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്ന അപൂര്‍വ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്നത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ വ്യത്യസ്ത നിലപാടുകളാണെന്ന കാര്യത്തിലുമുണ്ട് കൗതുകം. 

ഒരു ദിവസം ഇറാന്‍ നേതൃത്വത്തെ 'വിശ്വസിക്കാനാകാത്തവിധം ഇരട്ടത്താപ്പ് കാണിക്കുന്നവര്‍' എന്ന് വിശേഷിപ്പിക്കുന്ന ട്രംപ്, മറ്റൊരു ദിവസം 'ഇപ്പോള്‍ തന്നെ ചര്‍ച്ചകള്‍ നടക്കുകയാണ്' എന്ന് പ്രഖ്യാപിക്കുന്നു. 'കരാറോ പൂര്‍ണ കീഴടങ്ങലോ' എന്ന മുന്നറിയിപ്പ് നല്‍കുമ്പോള്‍ തന്നെയാണ് 'അവസാന അവസരം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' എന്ന നിലപാടും അദ്ദേഹം സ്വീകരിക്കുന്നത്. ഈ പരസ്പരവിരുദ്ധ സന്ദേശങ്ങള്‍ അമേരിക്കയുടെ നയത്തെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെങ്കിലും എതിരാളിയെ സൈനികവും മാനസികവുമായി സമ്മര്‍ദത്തിലാക്കാനുള്ള ചര്‍ച്ചാ തന്ത്രമാണിതെന്നാണ് ചില വിദേശനയ വിദഗ്ധരുടെ വിലയിരുത്തലുകളുമുണ്ട്. 

ട്രംപിന്റെ അവകാശവാദങ്ങളെയോ മുന്നറിയിപ്പുകളെയോ ഇറാന്‍ നിരന്തരം തള്ളിക്കളയുകയാണെന്നതു കൂടി ഇതോടൊപ്പം കൂട്ടിവായിക്കണം. ഇറാനുമായി അമേരിക്ക ചര്‍ച്ചകള്‍ നടത്തുകയാണെന്ന് ഡൊണള്‍ഡ് ട്രംപ് അവകാശപ്പെടുന്ന അതേ സമയത്തു തന്നെയാണ് യു എസുമാിയ നേരിട്ട് ചര്‍ച്ചകളില്ലെന്നും, ഒമാന്റെ മധ്യസ്ഥതയില്‍ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പരിമിതമായ ആശയവിനിമയങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നും തെഹ്‌റാന്‍ ആവര്‍ത്തിക്കുന്നത്. ആണവപദ്ധതിയാകട്ടെ തങ്ങളുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടും ഇറാന്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഇതില്‍ ആരെയാണ് വിശ്വസിക്കേണ്ടത് ആരെയാണ് അവിശ്വസിക്കേണ്ടത് എന്നറിയാത്ത അവസ്ഥയിലാണ് ഇറാന്‍ അധികൃതരും ട്രംപുമല്ലാത്ത മറ്റെല്ലാവരും. 

പശ്ചിമേഷ്യയിലെ സംഘര്‍ഷം സൈനികതലത്തില്‍ മാത്രമല്ല, ആഗോള സമ്പദ്വ്യവസ്ഥയെയും നേരിട്ട് ബാധിക്കുന്നതാണ്. മാസങ്ങളായി ലോകം ഇത്തരമൊരു ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ അഞ്ചിലൊരു ഭാഗവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. അതാകട്ടെ ഇറാന്റെ നിയന്ത്രണത്തിലും. അതുകൊണ്ടുതന്നെ യു എസ്- ഇറാന്‍ യുദ്ധം സമ്പദ് വ്യവസ്ഥയില്‍ അനിശ്ചിതത്വം തീര്‍ക്കുകയും എണ്ണവില ഉയര്‍ത്തുകയും ചരക്കുകടത്തിനും ആഗോള വ്യാപാരത്തിനും തിരിച്ചടിയാകുകയും ചെയ്തിട്ടുണ്ട്.  ഇതിന്റെ പ്രതിഫലനം ലോകമെമ്പാടുമുള്ള ഇന്ധനവിലയിലും വിലക്കയറ്റത്തിലും പ്രകടമാണ്. യുദ്ധം ദീര്‍ഘിച്ചാല്‍ അതിന്റെ ആഘാതം ഏഷ്യന്‍ രാജ്യങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്പദ്വ്യവസ്ഥകളെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.

ട്രംപ് ഓരോ സമയത്തും നിലപാട് മാറ്റുകയാണെന്ന ആരോപണം ഉയരുമ്പോഴും പ്രസിഡന്റിന്റെ കാഴ്ചപ്പാടിനെയും പ്രഖ്യാപനങ്ങളെയും പിന്തുണയ്ക്കുന്നവരും കുറവല്ല. ദീര്‍ഘകാലമായി ഇറാന്റെ ആണവപദ്ധതി, മിസൈല്‍ വികസനം, പശ്ചിമേഷ്യയിലെ സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ എന്നിവ ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. ശക്തമായ സാമ്പത്തിക ഉപരോധങ്ങളും സൈനിക സമ്മര്‍ദ്ദവും മാത്രമാണ് നേരത്തെ ഇറാനെ ചര്‍ച്ചാ മേശയിലേക്ക് കൊണ്ടുവന്നതെന്നും ഇനിയും അത്തരം നീക്കങ്ങള്‍ മാത്രമേ ഫലം കാണിക്കുകയുള്ളുവെന്നുമാണ് പിന്തുണക്കുന്നവരുടെ വാദം. ആണവായുധ വികസനം തടയാന്‍ ട്രംപിന്റെ 'പരമാവധി സമ്മര്‍ദ്ദ' നയം അനിവാര്യമാണെന്നും അവരുടെ ചൂണ്ടിക്കാട്ടുന്നു. 

എന്നാല്‍ വിമര്‍ശകര്‍ മുന്നറിയിപ്പ് നല്‍കുന്നത് മറ്റൊന്നാണ്. സൈനിക സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നത് ഇറാനിലെ കടുത്ത നിലപാടുള്ള വിഭാഗങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുകയും പശ്ചിമേഷ്യയില്‍ പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുമെന്ന് അവര്‍ ഭയക്കുന്നു. യുദ്ധം നീണ്ടാല്‍ സാധാരണ ജനങ്ങളെയാണ് അത് ഏറ്റവും കൂടുതല്‍ ബാധിക്കുക. ആയിരക്കണക്കിന് ജീവനുകള്‍ നഷ്ടപ്പെടുന്നതിനൊപ്പം അഭയാര്‍ഥി പ്രതിസന്ധിയും സാമ്പത്തിക അസ്ഥിരതയും കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ട്.

നിലവില്‍ പശ്ചിമേഷ്യ ഒരു നിര്‍ണായക വഴിത്തിരിവിലാണ്. സൈനിക ശക്തിയും നയതന്ത്ര ചര്‍ച്ചകളും ഒരേസമയം പ്രയോഗിക്കുന്ന ട്രംപിന്റെ സമീപനം ഒടുവില്‍ സമാധാനത്തിലേക്കാണോ പുതിയ യുദ്ധത്തിലേക്കാണോ നയിക്കുക എന്നത് ഇനിയും വ്യക്തമല്ല. എന്നാല്‍ ഒരു കാര്യം വ്യക്തമാണ്- അമേരിക്കയും ഇറാനും തമ്മിലുള്ള ഈ ഏറ്റുമുട്ടലിന്റെ പ്രത്യാഘാതം പശ്ചിമേഷ്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്നത്. ലോകസമ്പദ്വ്യവസ്ഥ, ഊര്‍ജസുരക്ഷ, അന്താരാഷ്ട്ര നയതന്ത്രം, ആഗോള രാഷ്ട്രീയ സന്തുലിതാവസ്ഥ എന്നിവയെല്ലാം ഈ സംഘര്‍ഷത്തിന്റെ ഭാവിയെ ആശ്രയിച്ചിരിക്കുന്നു. 

ഇറാനെ സംബന്ധിച്ചിടത്തോളം യുദ്ധം നീണ്ടുപോകുന്നത് അവരുടെ ആഭ്യന്തര പ്രതിസന്ധികളെ മറികടക്കാനുള്ള വലിയ ഉപായമാണെന്ന് കരുതുന്ന വിദേശ വിദഗ്ധരും കുറവല്ല. യുദ്ധം അവസാനിക്കുന്നതോടെ ഭരണകൂടത്തോടുള്ള ജനങ്ങളില്‍ ഒരു വിഭാഗത്തിന്റെ അതൃപ്തി രംഗത്തുവരുമെന്ന് അവര്‍ ഭയക്കുന്നുണ്ട്. അതോടൊപ്പം സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ദുസ്സഹമായ ജനജീവിതം തുടങ്ങിയവയെല്ലാം ഉയര്‍ന്നുവരും. അതൊരു ജനകീയ പ്രക്ഷോഭത്തിലേക്ക് വളര്‍ന്നേക്കാമെന്നും ഭരണകൂടം ഭയപ്പെടുന്നുണ്ടെന്ന് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. 

ട്രംപ് ഭരണകൂടത്തിനാകട്ടെ യുദ്ധം നീളുന്നത് യു എസില്‍ ആഭ്യന്തരമായ പല പ്രശ്‌നങ്ങള്‍ക്കും വഴിമരുന്നിടുമെന്ന ഭയമുണ്ട്. യുദ്ധത്തിന് പെട്ടെന്നൊരു അന്ത്യമുണ്ടായില്ലെങ്കില്‍ യു എസിലെ ഇടക്കാല തെരഞ്ഞെടുപ്പിനെ അത് സ്വാധീനിക്കുമെന്ന് ട്രംപ് ആശങ്കപ്പെടുന്നുണ്ട്. യുദ്ധത്തിലൂടെ യു എസ് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയില്ലെന്നും ഇസ്രായേല്‍ ഒരുക്കിയ വലയിലേക്ക് ട്രംപ് ചാടുകയായിരുന്നുവെന്നും അഭിപ്രായമുള്ളവരും നിരവധിയാണ്. 

ഇറാന്‍ ഭരണകൂടത്തെ അട്ടിമറിച്ച് തങ്ങളുടെ 'പാവ സര്‍ക്കാറിനെ' നിയോഗിക്കണമെന്നാണ് അമേരിക്ക യുദ്ധത്തിന്റെ തുടക്കത്തില്‍ ആഗ്രഹിച്ചതെങ്കിലും പിന്നീട് അത് വേണ്ടതില്ലെന്ന തീരുമാനത്തിലെത്തുകയായിരുന്നു. യുദ്ധം അവസാനിക്കുകയാണെങ്കില്‍ ഇറാനിലെ ജനങ്ങള്‍ തന്നെ ഭരണകൂടത്തിനെതിരെ തിരിയുമെന്ന കണക്കുകൂട്ടലാണ് ട്രംപിനുള്ളത്. 

സൗദി അറേബ്യ, യു എ ഇ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തി ഇറാനെ ചര്‍ച്ചാ മേശയിലെത്തിക്കാനും താത്ക്കാലിക നേട്ടമെങ്കിലും ഉണ്ടാക്കാനും സാധിച്ചാല്‍ തന്നെ തന്റെ വലിയ വിജയമായി അത് അവതരിപ്പിക്കാന്‍ ട്രംപിന് സാധിക്കും. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാനാണ് നിലവില്‍ അദ്ദേഹം ശ്രമിക്കുന്നത്.