തുര്‍ക്കിയില്‍ അവധി ആഘോഷത്തിനിടെ ആശുപത്രിയില്‍ മരിച്ച ലണ്ടന്‍ യുവതിയുടെ മൃതദേഹത്തില്‍ നിന്ന് ഹൃദയം നഷ്ടപ്പെട്ടുവെന്ന് പരാതി

തുര്‍ക്കിയില്‍ അവധി ആഘോഷത്തിനിടെ ആശുപത്രിയില്‍ മരിച്ച ലണ്ടന്‍ യുവതിയുടെ മൃതദേഹത്തില്‍ നിന്ന് ഹൃദയം നഷ്ടപ്പെട്ടുവെന്ന് പരാതി


ലണ്ടന്‍: തുര്‍ക്കിയില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച യുകെ സ്വദേശിനിയുടെ ഹൃദയം കാണാനില്ലെന്ന് പരാതി. പോര്‍ട്ട്‌സ്മൗത്ത് സ്വദേശിയായ ബെത്ത് മാര്‍ട്ടിന്റെ മൃതദേഹത്തിലാണ് ഹൃദയം കാണാനില്ലെന്ന് കുടുംബത്തിന്റെ ആരോപണം. എട്ടും അഞ്ചും വയസ്സ് പ്രായമുള്ള മക്കള്‍ക്കൊപ്പമാണ് ബെത്തും ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിനും തുര്‍ക്കിയിലേക്ക് അവധി ആഘോഷിക്കാനെത്തിയത്.

തുര്‍ക്കിയില്‍ അവധി ആഘോഷിക്കാനെത്തിയ ബെത്തും കുടുംബവും ഇസ്താംബുളിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ യുവതി ആശുപത്രിയിലായി. അടുത്ത ദിവസം യുവതി മരിച്ചതായി ആശുപത്രി അധികൃതരുടെ റിപ്പോര്‍ട്ടും പുറത്തുവന്നു. ഭക്ഷ്യവിഷബാധയെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ബെത്ത് മാര്‍ട്ടിന്റെ യഥാര്‍ഥ മരണകാരണവും ഇതുവരെയും കണ്ടത്തിയിട്ടില്ലെന്നാണ് വിവരം.

തുര്‍ക്കിയിലെ ആശുപത്രി അധികൃതര്‍ തങ്ങളോട് ഒരു തരത്തിലും സഹകരിച്ചില്ലെന്നും ആദ്യഘട്ടത്തില്‍ താന്‍ ഭാര്യയ്ക്ക് വിഷം നല്‍കിയെന്ന് ആരോപണമുയര്‍ത്തുകയും ചെയ്തതായി ബെത്തിന്റെ ഭര്‍ത്താവ് ലൂക്ക് മാര്‍ട്ടിന്‍ ആരോപിച്ചു. എന്നാല്‍ യുവതിയുടെ ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരണമെന്ന് തുര്‍ക്കി ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം യുവതിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലേക്ക് നയിച്ച കൃത്യമായ കാരണത്തില്‍ മന്ത്രാലയം വിശദീകരണം നല്‍കിയിട്ടുമില്ല.
മൃതദേഹത്തില്‍ ഹൃദയം കാണാനില്ലെന്ന് യുകെയില്‍ നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയതെന്ന് ലൂക്ക് പറയുന്നു. എന്നാല്‍ ബെത്ത് ഒരു തരത്തിലുള്ള ശസ്ത്രക്രിയയ്ക്കും വിധേയയായിട്ടില്ലെന്നാണ് തുര്‍ക്കി അധികൃതര്‍ പറയുന്നത്.