കീവ്: യുക്രയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് റഷ്യയിലെ സോച്ചിയില്‍ എണ്ണ സംഭരണശാലയില്‍ വന്‍ തീപ്പിടിത്തം. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് റീജ്യനല്‍ ഗവര്‍ണര്‍ വെന്യാമിന്‍ കോന്ദ്രാതിയേവ് പറഞ്ഞു.
എണ്ണ സംഭരണശാലയിലെ കൂറ്റന്‍ ഇന്ധന ടാങ്കുകളിലൊന്നില്‍ യുക്രെയ്‌നിന്റെ ഡ്രോണ്‍ പതിച്ചതായും തുടര്‍ന്നാണ് തീപ്പിടുത്തമുണ്ടായതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തീ നിയന്ത്രണവിധേയമാക്കാനായി നൂറിലേറെ അഗ്നിരക്ഷാസേനാംഗങ്ങള്‍ രംഗത്തുണ്ട്.
രണ്ടായിരം ക്യൂബിക് മീറ്റര്‍ സംഭരണശേഷിയുള്ള ഇന്ധനടാങ്കിനാണ് തീപ്പിടിച്ചതെന്ന് റിപ്പോര്‍ട്ട്. തീപ്പിടിത്തത്തെ തുടര്‍ന്ന് സോച്ചിയിലെ വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകളെല്ലാം താത്കാലികമായി നിര്‍ത്തി വച്ചു.