വാഷിംഗ്ടണ്‍: അബൂഗുറൈബ് ജയിലില്‍ പീഡനത്തിനിരയായ മൂന്ന് ഇറാഖികള്‍ക്ക് യുഎസ് പ്രതിരോധ കരാറുകാരായ സിഎസിഐ കമ്പനി 42 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഫെഡറല്‍ കോടതി. ജയിലിലെ പീഡനത്തിന് വെര്‍ജീനിയ ആസ്ഥാനമായ കമ്പനി ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തി. 2002-2004 കാലത്താണ് പരാതിക്കാര്‍ ജയിലില്‍ ക്രൂരപീഡനത്തിന് ഇരയായത്. ഓരോരുത്തര്‍ക്കും 14 മില്യന്‍ ഡോളര്‍ വീതം നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധി.
ജയിലിലെ പീഡനത്തിന് കരാറുകാര്‍ ഉത്തരവാദിയാണെന്ന് കോടതി കണ്ടെത്തുന്നതും പിഴ ചുമത്തുന്നതും ആദ്യമായാണ്. ജയിലില്‍ തങ്ങളെ ക്രൂരമായി മര്‍ദിക്കുകയും ബലം പ്രയോഗിച്ച് നഗ്‌നരാക്കുകയും ലൈംഗികാതിക്രമത്തിന് വിധേയരാക്കുകയും ചെയ്‌തെന്ന് പരാതിക്കാര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിധി നിരാശാജനകമാണെന്നും അപ്പീല്‍ നല്‍കുന്നത് ആലോചിക്കുമെന്നും സിഎസിഐ പ്രതികരിച്ചു.
ഇറാഖി പൗരന്‍മാരായ സുഹൈല്‍ അല്‍ ഷിമാരി, സലാഹ് അല്‍ ഇജൈലി, അസദ് അല്‍ സുബാഇ എന്നിവരുടെ ഹരജിയിലാണ് അനുകൂല വിധിയുണ്ടായത്. ഷിമാരി സ്‌കൂള്‍ പ്രിന്‍സിപ്പലും ഇജൈലി മാധ്യമപ്രവര്‍ത്തകനും സുബാഇ പഴക്കച്ചവടക്കാരനുമായിരുന്നു. ചോദ്യം ചെയ്യലിന് മുമ്പ് തടവുകാരെ ഒന്ന് 'മയപ്പെടുത്താന്‍' സിഎസിഐ ഉദ്യോഗസ്ഥര്‍ സൈനികരോട് നിര്‍ദേശിക്കുമായിരുന്നുവെന്നും ഇതാണ് ക്രൂരമര്‍ദനത്തിന് കാരണമായതെന്നും പരാതിക്കാര്‍ കോടതിയില്‍ പറഞ്ഞു. ഒരു കുറ്റവും കണ്ടെത്താനാവാതെ പരാതിക്കാരായ മൂന്നുപേരെയും വെറുതെവിടുകയായിരുന്നു.
ജോര്‍ജ് ഡബ്ലിയു ബുഷ് പ്രസിഡന്റായിരുന്ന കാലത്താണ് യുഎസ് ഇറാഖില്‍ അധിനിവേശം നടത്തി സദ്ദാം ഹുസൈനെ അധികാരഭ്രഷ്ടനാക്കുകയും പിന്നീട് തൂക്കിലേറ്റുകയും ചെയ്തത്. അന്നത്തെ കുപ്രസിദ്ധമായ തടവറയാണ് അബൂഗുറൈബ്. തടവുകാരെ ലൈംഗികാതിക്രമത്തിനും ക്രൂരമായ മര്‍ദനത്തിനും അധിക്ഷേപത്തിനും വിധേയരാക്കുമ്പോള്‍ യുഎസ് സൈനികര്‍ ചിരിക്കുകയും തംബ് ഉയര്‍ത്തിക്കാണിക്കുകയും ചെയ്യുന്നതിന്റെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു. തടവുകാരെ ഷോക്കടിപ്പിക്കുകയും പ്രതീകാത്മക വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്തിരുന്നു.
കൂട്ട നശീകരണായുധങ്ങളുണ്ട് എന്ന് ആരോപിച്ചാണ് യുഎസ് ഇറാഖില്‍ അധിനിവേശം നടത്തിയത്. എന്നാല്‍ ഇറാഖിനെ സമ്പൂര്‍ണമായി തകര്‍ത്ത ശേഷമാണ് യുഎസ് സൈന്യം ഇറാഖില്‍നിന്ന് പിന്‍മാറിയത്. കൂട്ടനശീകരണായുധങ്ങളൊന്നും കണ്ടെത്താനായില്ലെന്ന് ബുഷ് തന്നെ പിന്നീട് സമ്മതിച്ചിരുന്നു.
അബൂഗുറൈബ് ജയിലില്‍ പീഡനത്തിനിരയായ മൂന്ന് ഇറാഖികള്‍ക്ക് 42 മില്യന്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി