കോപ്പന്‍ഹേഗന്‍: അമേരിക്കയുടെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിടെ നിലപാട് തുറന്നുപറഞ്ഞ് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി ജെന്‍സ്-ഫ്രെഡറിക് നീല്‍സന്‍. ഇപ്പോള്‍ തന്നെ അമേരിക്കയോ ഡെന്മാര്‍ക്കോ എന്നൊരു തെരഞ്ഞെടുപ്പ് വന്നാല്‍ ഗ്രീന്‍ലാന്‍ഡ് ഡെന്മാര്‍ക്കിനെയായിരിക്കും തിരഞ്ഞെടുക്കുക എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രീഡെറിക്‌സനൊപ്പം കോപ്പന്‍ഹേഗനില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഈ ശക്തമായ നിലപാട് അറിയിച്ചത്.
ഗ്രീന്‍ലാന്‍ഡിനെ അമേരിക്കയുടെ നിയന്ത്രണത്തിലാക്കണമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ച പ്രസ്താവനകള്‍ക്ക് പിന്നാലെയാണ് നീല്‍സന്റെ പ്രതികരണം. റഷ്യയെയും ചൈനയെയും പ്രതിരോധിക്കാന്‍ ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്നും അതിന്റെ ഉടമസ്ഥാവകാശം അമേരിക്കക്കുണ്ടാകണമെന്നും ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ദ്വീപ് വാങ്ങാനുള്ള സാധ്യതയും അദ്ദേഹം പരസ്യമായി ഉന്നയിച്ചിരുന്നുവെങ്കിലും, സൈനിക ശക്തി ഉപയോഗിക്കുന്നതിനെക്കുറിച്ചും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നു.
ഇതിനെതിരെ കടുത്ത ഭാഷയിലാണ് ഗ്രീന്‍ലാന്‍ഡ് പ്രധാനമന്ത്രി പ്രതികരിച്ചത്. 'ഗ്രീന്‍ലാന്‍ഡ് അമേരിക്കയുടെ ഉടമസ്ഥതയിലാകാന്‍ ആഗ്രഹിക്കുന്നില്ല. അമേരിക്കയുടെ ഭരണത്തിലാകാനോ അമേരിക്കയുടെ ഭാഗമാകാനോ ഞങ്ങള്‍ തയ്യാറല്ല ' എന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഗ്രീന്‍ലാന്‍ഡ് നേരിടുന്നത് ഒരു ഗുരുതരമായ ഭൂരാഷ്ട്രീയ പ്രതിസന്ധിയാണെന്നും, എന്നാല്‍ ജനങ്ങളുടെ മനസ്സ് വ്യക്തമായതാണെന്നും നീല്‍സന്‍ പറഞ്ഞു.
ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രീഡെറിക്‌സനും അമേരിക്കന്‍ നിലപാടിനെതിരെ തുറന്നടിച്ചു. 'ഞങ്ങളുടെ ഏറ്റവും അടുത്ത സഖ്യകക്ഷിയില്‍ നിന്ന് ഉണ്ടാകുന്ന ഈ സമ്മര്‍ദ്ദം പൂര്‍ണമായും അംഗീകരിക്കാനാവാത്തതാണ്' എന്നാണ് അവര്‍ പറഞ്ഞത്. സൈനിക ശക്തി പ്രയോഗിച്ചാല്‍ അത് ട്രാന്‍സ്അറ്റ്‌ലാന്റിക് പ്രതിരോധ സഖ്യത്തിന്റെ അന്ത്യം കുറിക്കുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.
വടക്കേ അമേരിക്കക്കും ആര്‍ക്ടിക് മേഖലയ്ക്കുമിടയില്‍ തന്ത്രപ്രധാനമായ സ്ഥാനമുള്ള ഗ്രീന്‍ലാന്‍ഡ് മിസൈല്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്കും കടല്‍നിരീക്ഷണത്തിനും നിര്‍ണായകമാണ്. രണ്ടാം ലോകമഹായുദ്ധകാലം മുതല്‍ തന്നെ അമേരിക്കയ്ക്ക് ഇവിടെ സൈനിക സാന്നിധ്യമുണ്ട്. നിലവില്‍ 100ലേറെ അമേരിക്കന്‍ സൈനികര്‍ പിറ്റുഫിക് ബേസില്‍ സ്ഥിരമായി നിലയുറപ്പിച്ചിട്ടുണ്ട്. ഡെന്മാര്‍ക്കുമായുള്ള കരാറുകള്‍ പ്രകാരം കൂടുതല്‍ സൈനികരെ വിന്യസിക്കാനും അമേരിക്കക്ക് അവകാശമുണ്ട്. എന്നിരുന്നാലും, ലീസ് കരാര്‍ മതിയാകില്ലെന്നും പൂര്‍ണ ഉടമസ്ഥത വേണമെന്നുമാണ് ട്രംപിന്റെ നിലപാട്.
ഇതിനിടെ, ഡെന്മാര്‍ക്കിന്റെ നേറ്റോ സഖ്യകക്ഷികളായ യൂറോപ്യന്‍ രാജ്യങ്ങളും കാനഡയും ഡെന്മാര്‍ക്കിന് പിന്തുണ പ്രഖ്യാപിച്ചു. ഗ്രീന്‍ലാന്‍ഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അവകാശമുള്ളത് ഡെന്മാര്‍ക്കിനും ഗ്രീന്‍ലാന്‍ഡിനും മാത്രമാണെന്നും, ഐക്യരാഷ്ട്ര സഭയുടെ ചാര്‍ട്ടറിലെ പരമാധികാരവും അതിര്‍ത്തികളുടെ അഖണ്ഡതയും കാത്തുസൂക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
കാലാവസ്ഥാ മാറ്റത്തെ തുടര്‍ന്ന് മഞ്ഞുരുകുന്നതോടെ ഗ്രീന്‍ലാന്‍ഡിലെ അപൂര്‍വ ധാതുക്കളിലും യൂറേനിയത്തിലും എണ്ണ-വാതക സാദ്ധ്യതകളിലും ലോകശ്രദ്ധ വര്‍ധിച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഗ്രീന്‍ലാന്‍ഡിന്റെ ഭാവിയെക്കുറിച്ചുള്ള ആഗോള ശക്തികളുടെ മത്സരം രൂക്ഷമാകുന്നത്. എന്നാല്‍, 'ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ക്കൊരു തിരഞ്ഞെടുപ്പ് വന്നാല്‍, അത് ഡെന്മാര്‍ക്കിനൊപ്പം തന്നെയാകും ' എന്ന വാക്കുകളിലൂടെ ഗ്രീന്‍ലാന്‍ഡ് തങ്ങളുടെ നിലപാട് ഒരിക്കല്‍ കൂടി വ്യക്തമായി രേഖപ്പെടുത്തി.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് വന്നാല്‍ ഡെന്മാര്‍ക്കിനെ സ്വീകരിക്കും ' - അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തള്ളി ഗ്രീന്‍ലാന്‍ഡ്
