മോഡിയുടെ ഓസ്ട്രിയ സന്ദര്‍ശനത്തിനുപിന്നില്‍ എന്താണ് ?

മോഡിയുടെ ഓസ്ട്രിയ സന്ദര്‍ശനത്തിനുപിന്നില്‍ എന്താണ് ?


വിയന്ന: റഷ്യയില്‍ നയതന്ത്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഓസ്ട്രിയയില്‍ എത്തിയിരിക്കുകയാണ്. വളരെക്കാലത്തെ ഇടവേളക്കു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദര്‍ശിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഉജ്ജ്വലമായ വരവേല്‍പ്പാണ് അവിടെ ലഭിച്ചത്. മോഡിക്ക് സ്വാഗതമരുളി വന്ദേമാതരവും ഓസ്ട്രിയന്‍ ഗായക സംഘം ആലപിച്ചു.

യൂറോപ്യന്‍ സന്ദര്‍ശന വേളയില്‍ യു.കെ, ഫ്രാന്‍സ്, ജര്‍മനി തുടങ്ങി ശക്തമായ രാജ്യങ്ങളില്‍ എത്താറുണ്ടെങ്കിലും നിലവില്‍ ആഗോള രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമില്ലാത്ത ഓസ്ട്രിയ സന്ദര്‍ശിക്കുന്ന മോഡിയുടെ തീരുമാനം അല്‍പം അമ്പരപ്പോടെയാണ് ഏവരും നോക്കിക്കണ്ടത്. റഷ്യന്‍ സന്ദര്‍ശനത്തിനു പിന്നാലെയാണെന്നത് മറ്റൊരു സവിശേഷത. ശീതയുദ്ധ കാലത്ത് സോവിയറ്റ് യൂണിയനുമായി അടുത്ത ബന്ധം സൂക്ഷിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി റഷ്യ സന്ദര്‍ശിക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഓസ്ട്രിയന്‍ സന്ദര്‍ശനത്തിനു പിന്നിലും ചില പ്രധാന കാരണങ്ങളുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മോഡിയുടെ സന്ദര്‍ശനം, ഇന്ത്യയുടെ ദീര്‍ഘകാലമായുള്ള വിദേശ നയത്തിന്റെ ഭാഗമായുള്ള നീക്കമാണെന്ന് വിദേശകാര്യ വിദഗ്ധര്‍ പറയുന്നു. യുക്രെയ്ന്‍ യുദ്ധത്തിനു പിന്നാലെ ആഗോളതലത്തില്‍ റഷ്യ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി അവിടെയെത്തുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അവര്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമേരിക്ക നേതൃത്വം നല്‍കുന്ന നേറ്റോ (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) യുടെ ഭാഗമാണ് റഷ്യയോട് അടുത്തുകിടക്കുന്ന മിക്ക യൂറോപ്യന്‍ രാജ്യങ്ങളും. യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഓസ്ട്രിയ പക്ഷേ നേറ്റോയില്‍ അംഗമല്ല.

റഷ്യക്ക് പിന്നാലെ നാറ്റോ അംഗമായ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് എത്തിയാല്‍, അത് റഷ്യയുടെ അപ്രീതിക്ക് കാരണമായേക്കാം എന്ന വിലയിരുത്തലിലാവാം മോഡി ഓസ്ട്രിയ തെരഞ്ഞെടുത്തത്. റഷ്യക്കെതിരെ യു.എസും സഖ്യരാജ്യങ്ങളും ചേര്‍ന്ന് രൂപവത്കരിച്ച സൈനിക സഖ്യമാണ് നേറ്റോ. സോവിയറ്റ് യൂണിയനില്‍നിന്ന് പിരിഞ്ഞുപോയ ഏതാനും രാജ്യങ്ങളും നിലവില്‍ നേറ്റോയില്‍ അംഗങ്ങളാണ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പ്രധാന കാരണം അവര്‍ നേറ്റോയില്‍ ചേരാന്‍ തീരുമാനിച്ചതാണ്. ഓസ്ട്രിയന്‍ സന്ദര്‍ശനത്തിലൂടെ റഷ്യയെ സന്തോഷിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉണ്ടായിരിക്കാം. വാഷിങ്ടനില്‍ നാറ്റോ ഉച്ചകോടി നടക്കുന്നതിനിടെയാണ് മോദി ഓസ്ട്രിയയില്‍ എത്തിയതും. പ്രധാന യൂറോപ്യന്‍ ശക്തികളെ നിരന്തരമായി കാണുന്ന മോഡി ഓസ്ട്രിയയിലും എത്തുമ്പോള്‍, വിദേശനയത്തില്‍ ഇന്ത്യയുടെ ചേരിചേരാ നിലപാട് നിലനിര്‍ത്താനാകുമെന്നും നയതന്ത്രജ്ഞര്‍ കണക്കാക്കുന്നു.