ജീവിത രേഖയും അംശവടിയും മുദ്രമോതിരവും ഉള്‍പ്പെടെ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം അടക്കം ചെയ്യും

ജീവിത രേഖയും അംശവടിയും മുദ്രമോതിരവും ഉള്‍പ്പെടെ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം അടക്കം ചെയ്യും


വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൃതദേഹം തുറന്ന ശവപ്പെട്ടിയില്‍ കിടത്തിയ ചിത്രങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടു. ചുവപ്പ് വസ്ത്രം ധരിച്ച്, കൈകളില്‍ ജപമാല വച്ചുകൊണ്ട് മര ശവപ്പെട്ടിയിലാണ് മാര്‍പാപ്പയുടെ മൃതദേഹം ദര്‍ശനത്തിന് ഒരുക്കിയത്. ബുധനാഴ്ച രാവിലെ മുതല്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനാവും. 

മാര്‍പാപ്പയോടൊപ്പം സംസ്‌ക്കരിക്കുന്ന വസ്തുക്കളുടെ പട്ടികയും വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. 

ബിഷപ്പുമാര്‍ ധരിക്കുന്ന മുകളിലേക്കു നീണ്ടുനില്‍ക്കുന്ന തൊപ്പി മൈറ്റര്‍, ഫ്രാന്‍സിസ് തൊപ്പി, അംശവടി, പാസ്റ്ററല്‍ സ്റ്റാഫ്, ജപമാല, പോപ്പിന്റെ ജീവിതം രേഖപ്പെടുത്തിയ ആധികാരിക രേഖകള്‍ എന്നിവയാണ് പോപ്പിനോടൊപ്പം അടക്കം ചെയ്യുക. പോപ്പിന്റെ ജീവിതം രേഖപ്പെടുത്തിയ ആധികാരിക രേഖകളുടെ ഒരു കോപ്പി വത്തിക്കാനിലും സൂക്ഷിക്കും. 

സാധാരണയായി മാര്‍പാപ്പയെ അടക്കം ചെയ്യുമ്പോള്‍ ജപമാല, മരണ സര്‍ട്ടിഫിക്കറ്റ്, തകര്‍ന്ന മുദ്രമോതിരം എന്നിവയാണ് കൂടെ സംസ്‌ക്കരിക്കുക. ഓരോ മാര്‍പാപ്പയ്ക്കും സ്ഥാനാരോഹണ വേളയില്‍ സമ്മാനിക്കുന്നതാണ് മുദ്ര മോതിരം. അദ്ദേഹത്തിന്റെ മരണത്തോടെ അത് തകര്‍ക്കുകയാണ് പതിവ്.  

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് മുന്നിലുള്ള ചത്വരത്തില്‍ നടക്കും.

സാന്താ മരിയ മാഗിയോറിലെ റോമന്‍ ബസിലിക്കയില്‍ സംസ്‌ക്കരിക്കുന്നതിന് മുമ്പ് ശവപ്പെട്ടി പള്ളിക്കുള്ളിലേക്ക് കൊണ്ടുപോകും.

ശവസംസ്‌ക്കാര ചടങ്ങുകള്‍ ലളിതമായിരിക്കണമെന്ന് നേരത്തെ മാര്‍പാപ്പ പറഞ്ഞിരുന്നു. 2023-ല്‍ നടത്തിയ ഒരു അഭിമുഖത്തിലാണ് റോമിലെ എസ്‌ക്വിലിനോ പരിസരത്തുള്ള സാന്താ മരിയ മാഗിയോര്‍ ബസിലിക്കയില്‍ തന്റെ മൃതദേഹം അടക്കം ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞത്.