കരിങ്കടലിലെ ചൈനീസ് ചരക്കു കപ്പലിനെ റഷ്യന്‍ ഡ്രോണ്‍ ആക്രമിച്ചെന്ന് സെലെന്‍സ്‌കി

കരിങ്കടലിലെ ചൈനീസ് ചരക്കു കപ്പലിനെ റഷ്യന്‍ ഡ്രോണ്‍ ആക്രമിച്ചെന്ന് സെലെന്‍സ്‌കി


കീവ്: കരിങ്കടലില്‍ സഞ്ചരിച്ചിരുന്ന ചൈനീസ് ചരക്കുകപ്പലിനെ റഷ്യന്‍ ഡ്രോണ്‍ ആക്രമിച്ചതായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കി ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ബീജിങില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായി കൂടിക്കാഴ്ച നടത്താനിരിക്കെ ഉയര്‍ന്ന ആരോപണം ശ്രദ്ധേയമാണ്.

ഒഡേസ മേഖലയിലെ ആക്രമണത്തിനിടെ ചൈനീസ് ഉടമസ്ഥതയിലുള്ള ചരക്കുകപ്പലിനും ഡ്രോണ്‍ തട്ടിയതായി സെലന്‍സ്‌കി പറഞ്ഞു. കരിങ്കടലില്‍ ഉണ്ടായിരുന്ന കപ്പല്‍ ഏതാണെന്ന് റഷ്യക്കാര്‍ക്ക് അറിയാതിരിക്കില്ലെന്നും അദ്ദേഹം ആരോപിച്ചു.

യുക്രെയ്ന്‍ നാവികസേനയുടെ വക്താവ് ദ്മിത്രോ പ്ലെറ്റെന്‍ചുക് കപ്പലിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും ചൈനീസ് പൗരന്മാരാണെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും അറിയിച്ചു. ആക്രമണത്തിന് ശേഷം ജീവനക്കാര്‍ തന്നെ സ്ഥിതിഗതികള്‍ നിയന്ത്രിച്ചുവെന്നും കപ്പല്‍ യാത്ര തുടര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

കെ എസ് എല്‍ ദെയാങ് ആണ് കപ്പലെന്ന് യുക്രെയ്ന്‍ നാവികസേന വ്യക്തമാക്കി. ആക്രമണത്തിന് പിന്നാലെ കപ്പലിന്റെ മുകള്‍ ഡെക്കിന്റെ ഭാഗം കറുത്ത പുകമൂലം കരിഞ്ഞ നിലയിലുള്ള ചിത്രവും അധികൃതര്‍ പുറത്തുവിട്ടു.

അതേസമയം, റഷ്യ 524 ഡ്രോണുകളും 22 മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി സെലന്‍സ്‌കി ആരോപിച്ചു. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച ആക്രമണത്തില്‍ രാജ്യത്തെ എട്ട് മേഖലകളില്‍ വ്യാപക നാശനഷ്ടമുണ്ടായതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.

യൂറോപ്യന്‍ രാജ്യങ്ങള്‍ സ്വന്തം ആന്റി- ബാലിസ്റ്റിക് പ്രതിരോധ സംവിധാനങ്ങള്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സെലന്‍സ്‌കി ആവര്‍ത്തിച്ചു. റഷ്യ ജനങ്ങളെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിക്കുകയാണെന്നും അതിനാല്‍ യൂറോപ്പിന് സ്വതന്ത്രമായ പ്രതിരോധ ശേഷി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

യുക്രെയ്‌ന്റെ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ പങ്കാളി രാജ്യങ്ങളുമായി ഈ ആഴ്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.