ഒന്റാരിയോ: യൂറോപ്യന്‍ യൂണിയനുമായുള്ള കാനഡയുടെ ബന്ധത്തിന് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചരിത്രപരമായ ചുവടുവയ്പ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് വോണ്‍ ഡെര്‍ ലെയ്നും ചേര്‍ന്ന് പുതിയതും അഭിലഷണീയവും സമഗ്രവുമായ പങ്കാളിത്തം രൂപപ്പെടുത്തുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. മൂല്യങ്ങളിലും നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര സംവിധാനത്തിലും വേരൂന്നുന്ന പങ്കാളിത്തം പൊതുതാത്പര്യങ്ങളും ലക്ഷ്യമിടുന്നു.
വ്യാപാരം, സാമ്പത്തിക സുരക്ഷ, ഡിജിറ്റല്‍ പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനത്തിനും പരിസ്ഥിതി നശീകരണത്തിനുമെതിരായ പോരാട്ടം എന്നിവയുള്‍പ്പെടെ സഹകരണവും ബന്ധവും ശക്തിപ്പെടുത്തുന്നതിന് കാനഡയും യൂറോപ്യന്‍ യൂണിയനും ഒന്നിലധികം മേഖലകളില്‍ സമഗ്രമായ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കും. ഇത് കാനഡയിലെയും യൂറോപ്യന്‍ യൂണിയനിലെയും തൊഴിലാളികള്‍ക്കും ബിസിനസുകള്‍ക്കും പൗരന്മാര്‍ക്കും കൂടുതല്‍ സാമ്പത്തിക അവസരങ്ങളും ദീര്‍ഘകാല നേട്ടവും ലഭ്യമാക്കും.
ഇതിന്റെ ഭാഗമായി കാനഡയും യൂറോപ്യന്‍ യൂണിയനും സുരക്ഷാ, പ്രതിരോധ പങ്കാളിത്തത്തില്‍ ഒപ്പുവച്ചു. നാറ്റോ സഖ്യകക്ഷികളായ കാനഡയ്ക്കും യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കും കൂടുതല്‍ വേഗത്തിലും സാമ്പത്തികമായും ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കും. റീആം യൂറോപ്പ് പ്ലാന്‍/ റെഡിനസ് 2030ന്റെ ഭാഗമായ സെക്യൂരിറ്റി ആക്ഷന്‍ ഫോര്‍ യൂറോപ്പില്‍ (സേഫ്) കാനഡയുടെ പങ്കാളിത്തത്തിലേക്കുള്ള ആദ്യപടിയാണ് പുതിയ കൂട്ടായ്മ. ഈ സംരംഭത്തിലെ കാനഡയുടെ പങ്കാളിത്തം രാജ്യത്തിന് ഗണ്യമായ പ്രതിരോധ സംഭരണ, വ്യാവസായിക അവസരങ്ങള്‍ സൃഷ്ടിക്കും.
വര്‍ധിച്ചുവരുന്ന അപകടകരവും വിഭജിക്കപ്പെട്ടതുമായ ലോകത്ത് കാനഡയുടെ പുതിയ സര്‍ക്കാര്‍ അന്താരാഷ്ട്ര പങ്കാളിത്തങ്ങളെ ശക്തിപ്പെടുത്തുന്നതിലും വൈവിധ്യവത്ക്കരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കൂടുതല്‍ സുരക്ഷിതവും സമ്പന്നവുമായ ലോകത്തിനായി പുതിയ അന്താരാഷ്ട്ര, നിയമാധിഷ്ഠിത സംവിധാനം കെട്ടിപ്പടുക്കുന്നതിനാണ് കാനഡ യൂറോപ്യന്‍ യൂണിയനുമായും മറ്റ് സഖ്യകക്ഷികളുമായും പ്രവര്‍ത്തിക്കുക.
