ടൊറന്റോ: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയ്ക്ക് എതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവകളും 51-ാം സംസ്ഥാനമാക്കുമെന്ന പരാമര്‍ശവും കാനഡക്കാര്‍ക്ക് അപമാനമായതിനാല്‍ വ്യക്തിഗതമായി പ്രതികരിക്കണമെന്ന് പ്രധാമന്ത്രി ജസ്റ്റിന്‍ ട്രൂഡോ.
കാനഡയെ തെരഞ്ഞെടുക്കേണ്ട സമയമാണ് ഇപ്പോഴെന്നും വേനല്‍ക്കാല യാത്രാ പദ്ധതികള്‍ മാറ്റി കാനഡയിലെ ദേശീയോദ്യാനങ്ങളും ചരിത്ര സ്മാരകങ്ങളും സന്ദര്‍ശിക്കണമെന്നും ട്രൂഡോ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.
അത്യാവശ്യ സാഹചര്യമല്ലെങ്കില്‍ ഇനി താന്‍ യു എസിലേക്ക് യാത്ര പോകില്ലെന്നാണ് ക്യൂബെക്കിലെ 72കാരനായ അഭിഭാഷകന്‍ ഹാരോള്‍ഡ് വൈറ്റ് പറഞ്ഞു. 60 വര്‍ഷമായി അമേരിക്കയിലെ മെയ്‌നിലേക്ക് പോകുന്ന പതിവ് അദ്ദേഹം അവസാനിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹം ഭാര്യയുമായി സ്‌പെയിനിലേക്കോ കാനഡയിലെ റോഡ് യാത്രകളിലേക്കോ പോകാനാണ് പദ്ധതിയിടുന്നത്.
മെയ്നിലേക്കോ ന്യൂയോര്‍ക്കിലേക്കോ പോകാന്‍ കഴിയില്ലെന്ന് ചിന്തിക്കുന്നത് വിഷമകരമാണെങ്കിലും ട്രംപ് കാനഡയുടെ മുഖത്തടിച്ചത് പോലെയാണ് തോന്നുന്നതെന്നും വൈറ്റ് പറഞ്ഞു.
യു എസ് ട്രാവല്‍ അസോസിയേഷന്‍ പ്രകാരം 2023-ല്‍ 20.4 ദശലക്ഷം കാനഡക്കാരാണ് യു എസിലെത്തിയത്. 20.5 ബില്യണ്‍ ഡോളറാണ് ചെലവഴിച്ചത്. ഇതില്‍ 10 ശതമാനം യാത്രക്കാരെ നഷ്ടപ്പെടുകയാണെങ്കില്‍ പോലും 2.1 ബില്യണ്‍ ഡോളറാണ് നഷ്ടമാവുക.
കാനഡക്കാര്‍ യു എസ് ഒഴിവാക്കാന്‍ തുടങ്ങിയെന്നാണ് കാനഡയുടെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയായ വെസ്റ്റ്ജെറ്റിന്റെ സി ഇ ഒ അലക്‌സിസ് വോണ്‍ ഹോന്‍സ്ബ്രോക്ക് പറഞ്ഞത്. അതോടെ മെക്‌സിക്കോ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ബുക്കിംഗുകളാണ് വര്‍ധിച്ചതെന്നും അദ്ദേഹം വിശദമാക്കി.
എയര്‍ കാനഡ വൈസ് പ്രസിഡന്റ് മാര്‍ക്ക് ഗലാര്‍ഡോ മാര്‍ച്ച് മുതല്‍ സമയക്രമം മാറ്റുമെന്നും യാത്രക്കാരുടെ കുറവ് പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
ഫ്‌ളോറിഡ, കാലിഫോര്‍ണിയ, നെവാഡ, ന്യൂയോര്‍ക്ക്, ടെക്‌സസ് എന്നിവയാണ് കാനഡാക്കാര്‍ കൂടുതല്‍ സന്ദര്‍ശിക്കുന്ന യു എസ് സംസ്ഥാനങ്ങള്‍. ഇവിടങ്ങളിലെ റസ്റ്റോറന്റ്, ഹോട്ടല്‍ മേഖലയ്ക്കും പുതിയ നീക്കം നഷ്ടമുണ്ടാക്കിയേക്കും.
2018-ല്‍ ട്രംപിന്റെ ആദ്യ കാലത്ത് യു എസ് ഏറ്റവും കൂടുതല്‍ വിദേശ സന്ദര്‍ശകരെ ആകര്‍ഷിച്ചുവെന്നും എന്നാല്‍ ഇപ്പോഴത്തെ അവസ്ഥയില്‍ കാനഡക്കാര്‍ യു എസിലേക്ക് യാത്ര മാറ്റി വെക്കുന്നത് താത്ക്കാലികമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു എസ് ട്രാവല്‍ അസോസിയേഷന്‍ സി ഇ ഒ ജിയോഫ് ഫ്രീമാന്‍ പറഞ്ഞു.
നവംബറിന് ശേഷം വിമാന ടിക്കറ്റ് റദ്ദാക്കല്‍ വര്‍ധിച്ചതായും കനേഡിയന്‍ ഡോളറിന്റെ മൂല്യം കുറഞ്ഞതും കാരണമാകുന്നുണ്ടെന്നും ഫ്‌ളൈറ്റ് സെന്റര്‍ ട്രാവല്‍ ഗ്രൂപ്പിന്റെ വക്താവ് അമ്രാ ദുറകോവിച്ച് പറഞ്ഞു. കാനഡക്കാരുടെ യാത്ര ചെയ്യാനുള്ള ആഗ്രഹം ശക്തമാണെന്നതിനാല്‍ പലരും യു എസിനെ ഒഴിവാക്കി മറ്റു കേന്ദ്രങ്ങളാണ് പരിഗണിക്കുന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യവും വ്യവസായവും യാത്രയും ശരിയായ രീതിയിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നതായും ദുറകോവിച്ച് പറഞ്ഞു.
കാനഡക്കാരുടെ വികാരം മനസ്സിലാക്കണമെന്നും അതിനാല്‍ നോര്‍ത്ത് ഡകോറ്റ ടൂറിസം ബോര്‍ഡ് മാര്‍ക്കറ്റിംഗ് നിര്‍ത്തിവച്ചതായും ടൂറിസം ഡയറക്ടര്‍ സാറ ഒട്ട് കോള്‍മാന്‍ പറഞ്ഞു.
ഇന്റര്‍നാഷണല്‍ പീസ് ഗാര്‍ഡന്‍ സിഇഒ ടിം ചാപ്മന്‍ കാനഡ- യു എസ് സൗഹൃദം നിലനില്‍ക്കണമെന്നും രാഷ്ട്രീയത്തെ മറികടന്ന് ജനങ്ങളെ ഒന്നിപ്പിക്കുമെന്നും പറഞ്ഞു.
