ജീവിതച്ചെലവും സാമ്പത്തിക സമ്മര്‍ദ്ദവും വര്‍ധിച്ചു; ക്വിക് സര്‍വീസ് റസ്റ്റോറന്റുകള്‍ക്ക് തിരിച്ചടി

ജീവിതച്ചെലവും സാമ്പത്തിക സമ്മര്‍ദ്ദവും വര്‍ധിച്ചു; ക്വിക് സര്‍വീസ് റസ്റ്റോറന്റുകള്‍ക്ക് തിരിച്ചടി


ഒട്ടാവ: കാനഡയില്‍ ഉയര്‍ന്നുവരുന്ന ജീവിതച്ചെലവും സാമ്പത്തിക സമ്മര്‍ദ്ദവും ഭക്ഷണ മേഖലയെ ബാധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിടുന്നത് ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റുകളാണെന്ന് റിപ്പോര്‍ട്ട്. ഫാസ്റ്റ് ഫുഡ്, കഫേകള്‍ പോലുള്ള കുറഞ്ഞ ചെലവിലുള്ള ഭക്ഷണശാലകളിലാണ് ഉപഭോക്താക്കളുടെ ചെലവ് ചുരുക്കല്‍ കൂടുതല്‍ പ്രകടമാകുന്നതെന്ന് റെസ്റ്റോറന്റ്‌സ് കാനഡയുടെ പുതിയ പഠനം വ്യക്തമാക്കുന്നു.

വാന്‍കൂവറിലെ 'ദ ബേര്‍ഡ്‌സ് ആന്‍ഡ് ദ ബീറ്റ്‌സ്' കഫേ- റെസ്റ്റോറന്റ് നടത്തുന്ന മാത്യു സെനിക്കല്‍- ജന്‍കീര്‍ പറയുന്നതനുസരിച്ച് വിലയെ കുറിച്ചുള്ള ബോധം ഉപഭോക്താക്കളില്‍  ഇപ്പോള്‍ വ്യക്തമായി പ്രകടമാണ്. പകല്‍ സമയത്ത് കഫേയിലെ ഉപഭോക്താക്കള്‍ ഓട് മില്‍ക്കോ സാധാരണ പാലോ തിരഞ്ഞെടുക്കുന്നതിലും സാന്‍ഡ്വിച്ചില്‍ അവക്കാഡോ ചേര്‍ക്കണോയെന്നതിലും പോലും വില കണക്കാക്കുന്നുണ്ട്.

കുറഞ്ഞ വിലയുള്ള വിഭവങ്ങളുടെ വില്‍പ്പന വന്‍തോതില്‍ ഉയര്‍ന്നുവെന്നും കൂടുതല്‍ വിലയുള്ള മെനു ഐറ്റങ്ങളിലേക്കുള്ള ആവശ്യം കുറഞ്ഞതായും അദ്ദേഹം പറഞ്ഞു.

അതേസമയം രാത്രി സമയത്ത് പ്രവര്‍ത്തിക്കുന്ന വൈന്‍ ബാറില്‍ ഉപഭോക്താക്കളുടെ സമീപനം വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു. ചിലര്‍ ചെറിയ ബോട്ടില്‍ തിരഞ്ഞെടുക്കുകയോ തൊട്ടുകൂട്ടാനുള്ളവ ഒഴിവാക്കുകയോ ചെയ്യുന്നുണ്ടെങ്കിലും ആഡംബര ഭക്ഷണാനുഭവത്തില്‍ കൂടുതല്‍ വിലയുള്ള വിഭവങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതില്‍ വലിയ മടിയില്ലെന്നാണ് വിലയിരുത്തല്‍.

റെസ്റ്റോറന്റ്‌സ് കാനഡയുടെ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ജനുവരിയില്‍ ഫുള്‍- സര്‍വീസ് റെസ്റ്റോറന്റുകളുടെ യഥാര്‍ഥ വില്‍പ്പന 4.6 ശതമാനം വര്‍ധിച്ചപ്പോള്‍ ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റുകളുടെ വില്‍പ്പന രണ്ട് ശതമാനം കുറഞ്ഞു. ഫൈന്‍ ഡൈനിംഗ് റെസ്റ്റോറന്റുകളിലാണ് 2025ല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്തൃ തിരക്ക് രേഖപ്പെടുത്തിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

സമ്പന്നര്‍ക്കിപ്പോഴും നല്ല ഭക്ഷണത്തിനായി പണം ചെലവഴിക്കാന്‍ കഴിയുന്നുണ്ടെങ്കിലും കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ നിര്‍ബന്ധിതമായി ചെലവ് ചുരുക്കുകയാണെന്ന് റെസ്റ്റോറന്റ്‌സ് കാനഡ പ്രസിഡന്റ് കെല്ലി ഹിഗിന്‍സണ്‍ പറഞ്ഞു.

റിപ്പോര്‍ട്ടില്‍ പങ്കെടുത്ത റെസ്റ്റോറന്റുകളില്‍ 49 ശതമാനവും മൊത്തം വില്‍പ്പന കുറഞ്ഞതായി അറിയിച്ചു. 54 ശതമാനം ഭക്ഷണശാലകളില്‍ ഉപഭോക്തൃ വരവും കുറഞ്ഞു. ക്വിക്ക് സര്‍വീസ് റെസ്റ്റോറന്റുകളില്‍ 81 ശതമാനവും ലാഭം കുറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഫുള്‍- സര്‍വീസ് റെസ്റ്റോറന്റുകളില്‍ ഇത് 70 ശതമാനമായിരുന്നു.

ഗ്വെല്‍ഫ് സര്‍വകലാശാലയിലെ ഭക്ഷ്യ സാമ്പത്തിക വിദഗ്ധന്‍ മൈക്ക് വോണ്‍ മാസോവിന്റെ അഭിപ്രായത്തില്‍ ഉയര്‍ന്ന ജീവിതച്ചെലവ് കാരണം കുറഞ്ഞ വരുമാനക്കാരാണ് ആദ്യം ഫാസ്റ്റ് ഫുഡ് ചെലവ് കുറയ്ക്കുന്നത്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കും ചെലവ് കൂടുമ്പോള്‍ ആളുകള്‍ക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ അവസരം കുറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനിടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മക്ഡൊണാള്‍ഡ്‌സ്, ബര്‍ഗര്‍ കിംഗ് തുടങ്ങിയ ശൃംഖലകള്‍ വിലക്കുറവുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മക്ഡൊണാള്‍ഡ്‌സ് ചെറിയ കോഫിയുടെ വില ഒരു ഡോളറായി നിശ്ചയിക്കുകയും ചില മെനു ഐറ്റുകളുടെ വില കുറയ്ക്കുകയും ചെയ്തു. ബര്‍ഗര്‍ കിംഗ് '2-ന് 5 ഡോളര്‍', '3-ന് 7 ഡോളര്‍' ഓഫറുകളും അവതരിപ്പിച്ചു.

അതേസമയം, ഹൈ-എന്‍ഡ് റെസ്റ്റോറന്റുകള്‍ ഇപ്പോഴും മികച്ച നിലയില്‍ തുടരുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഒന്റാറിയോയിലെ പ്രശസ്ത റെസ്റ്റോറന്റായ 'പേള്‍ മൊറിസെറ്റ്' ഷെഫ് ഡാനിയല്‍ ഹദീദ പറയുന്നതനുസരിച്ച് ഉയര്‍ന്ന നിലവാരമുള്ള ഡൈനിംഗ് ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരു പൂര്‍ണ രാത്രിയാത്ര അനുഭവമായി മാറിയിരിക്കുകയാണ്.

ആളുകള്‍ പ്രത്യേകത അനുഭവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അവര്‍ക്ക് മികച്ച അനുഭവമാണ് വേണ്ടതെന്നും ഹദീദ പറഞ്ഞു.

രണ്ട് മിഷ്‌ലിന്‍ സ്റ്റാറുകള്‍ നേടിയ അദ്ദേഹത്തിന്റെ റെസ്റ്റോറന്റില്‍ മേയ്, ജൂണ്‍ മാസങ്ങളിലെ ബുക്കിംഗുകള്‍ ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.

അതേസമയം, ഭക്ഷ്യവിലയില്‍ ശരാശരി ഏഴ് ശതമാനം വരെ വര്‍ധനയുണ്ടായിട്ടും ഉപഭോക്താക്കളുടെ ചെലവുഭാരം കണക്കിലെടുത്ത് മെനു നിരക്കുകള്‍ മൂന്ന് ശതമാനത്തോളം മാത്രമാണ് ഉയര്‍ത്തിയതെന്ന് മാത്യു സെനിക്കല്‍- ജന്‍കീര്‍ വ്യക്തമാക്കി.

വില്‍പ്പനയുടെ അളവോ ലാഭമോ ഏതാണ് മുന്‍ഗണന നല്‍കേണ്ടത് എന്ന കണക്കുകൂട്ടലിലാണ് ഇപ്പോള്‍ പല റെസ്റ്റോറന്റുകളുമെന്ന് അദ്ദേഹം പറഞ്ഞു.