കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചിലയിടങ്ങളിൽ തന്റെ ചിത്രം ഉൾപ്പെടുത്തി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിക്കുകയും സോഷ്യൽ മീഡിയയിൽ പ്രചരണങ്ങൾ നടക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ.
ഇത്തരം പ്രവർത്തനങ്ങൾ പാർട്ടി രീതിക്കു വിരുദ്ധമാണെന്നും തന്റെ ചിത്രം ഉപയോഗിച്ചുള്ള ബോർഡുകൾ ഉടൻ നീക്കണമെന്നും അദ്ദേഹം ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
പരാജയത്തിൽ നിരാശരായ ചിലർ പാർട്ടി നേതാക്കളെ ലക്ഷ്യമിട്ട് പൊതുവേദികളിൽ വിമർശനം നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഇത് വലതുപക്ഷ ശക്തികൾക്ക് പാർട്ടിയെ ആക്രമിക്കാൻ അവസരമൊരുക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കി വിമർശനങ്ങളും അഭിപ്രായങ്ങളും ഉൾപാർട്ടി വേദികളിൽ ഉന്നയിക്കണമെന്ന് പ്രവർത്തകരോട് അഭ്യർത്ഥിച്ചു.
സി.പി.എം തെരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പാർട്ടിയല്ലെന്നും വിജയപരാജയങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തി തിരുത്തൽ നടപടികൾ കൈക്കൊള്ളുന്ന സംഘടനാ സംസ്‌കാരമാണ് പാർട്ടിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ഗൗരവമായ പരിശോധന പാർട്ടി നേതൃത്വം നടത്തുമെന്നും അതിന്റെ അടിസ്ഥാനത്തിൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും പറഞ്ഞു.
തന്നെ പ്രകീർത്തിച്ച് പാർട്ടി നേതൃത്വത്തിലെ ചിലരെ ഇകഴ്ത്തുന്ന തരത്തിലുള്ള പ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഉൾപാർട്ടി ചർച്ചകളിൽ സി.പി.എം ഭരണഘടന അനുശാസിക്കുന്ന രീതികൾ പാലിക്കണമെന്നും കൂട്ടിച്ചേർത്തു.
ബംഗാളിൽ സി.പി.എം വീണ്ടും ശക്തിപ്രാപിക്കുന്നതിന്റെ സൂചനകൾ ലഭിച്ചുതുടങ്ങിയിട്ടുണ്ടെന്നും കേരളത്തിലെ നിലവിലെ പ്രതിസന്ധിയും പാർട്ടി അതിജീവിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'എന്റെ ചിത്രം വെച്ചുള്ള ബോർഡുകൾ നീക്കണം'; സോഷ്യൽ മീഡിയ ചർച്ചകൾ ഒഴിവാക്കണമെന്ന് പി. ജയരാജൻ
