ലില്ലിയും ഐറിസും വീണ്ടും കാട്ടിലെത്തി; ഇരകളേതെന്നതില്‍ സംശയം ബാക്കി

ലില്ലിയും ഐറിസും വീണ്ടും കാട്ടിലെത്തി; ഇരകളേതെന്നതില്‍ സംശയം ബാക്കി


കേപ് ടൗണ്‍: അമ്മച്ചീറ്റയെ സിംഹങ്ങള്‍ കൊന്നതിനെ തുടര്‍ന്ന് അനാഥരായ രണ്ട് ചീറ്റക്കുട്ടികളെ ചീറ്റ കണ്‍സര്‍വേഷന്‍ കേന്ദ്രത്തില്‍ വളര്‍ത്തി തിരികെ കാട്ടിലേക്ക് വിട്ടപ്പോള്‍ അവര്‍ക്കത് വെല്ലുവിളി നിറഞ്ഞ മടക്കയാത്രയായി. ദക്ഷിണാഫ്രിക്കയിലെ ആഷ്യ ചീറ്റാ കണ്‍സര്‍വേഷന്‍ കേന്ദ്രത്തില്‍ വളര്‍ന്ന ലില്ലിയും ഐറിസുമാണ് ആദ്യമായി കാട്ടില്‍ സ്വതന്ത്ര ജീവിതം പരീക്ഷിച്ചത്. എന്നാല്‍ ആദ്യ ദിനത്തില്‍ തന്നെ അബദ്ധങ്ങളടബദ്ധങ്ങളാണ് അവ ചെയ്തത്. 

മൂന്ന് മാസം പ്രായമുള്ളപ്പോഴാണ് ലില്ലിയുടെയും ഐറിസിന്റെയും സഹോദരന്റെയും അമ്മ സിംഹങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്വയം ജീവിക്കാനുള്ള പ്രായമാകാത്തതിനാല്‍  ഇവയെ കേപ് ടൗണില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള പാള്‍ മേഖലയിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

മനുഷ്യസമ്പര്‍ക്കം പരമാവധി കുറച്ച് ഇവയെ വേട്ടയാടാന്‍ പരിശീലിപ്പിക്കുകയായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. 400 മീറ്റര്‍ നീളമുള്ള ട്രാക്കില്‍ കൃത്രിമ ഇരകളെ പിന്തുടരുന്ന പരിശീലനത്തിലൂടെ ഇവയുടെ വേഗവും കരുത്തും വര്‍ധിപ്പിച്ചു.

ഒരു വര്‍ഷത്തിലേറെ നീണ്ട പരിശീലനത്തിന് ശേഷം ലില്ലിയെയും ഐറിസിനെയും ബോട്ട്‌ലിയേഴ്‌സ്‌കോപ്പ് പ്രൈവറ്റ് ഗെയിം റിസര്‍വിലെ വേലികെട്ടിയ വനമേഖലയിലേക്ക് വിട്ടു. എന്നാല്‍ പരിശീലനം ലഭിച്ചിരുന്നെങ്കിലും ഏത് മൃഗങ്ങളെയാണ് ഇരയാക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്ന കാര്യത്തില്‍ ഇവയ്ക്ക് വ്യക്തതയില്ലായിരുന്നു.

ഇര തേടുന്നതിനിടെ രണ്ട് ടണ്‍ ഭാരമുള്ള കണ്ടാമൃഗത്തെ പിന്തുടര്‍ന്നതും പിന്നീട് സീബ്രകളുടെ ആക്രമണത്തില്‍ നിന്ന് ഓടിരക്ഷപ്പെടേണ്ടി വന്നതുമാണ് ആദ്യ ദിവസത്തെ പ്രധാന സംഭവങ്ങള്‍. രണ്ട് ചീറ്റപ്പുലികളും ആദ്യ ദിവസം മിക്ക കാര്യങ്ങളും തെറ്റിച്ചുവെന്ന് 'ദ നേച്ചര്‍ ഓഫ് തിംഗ്‌സ്' സഹ അവതാരകന്‍ ആന്തണി മോര്‍ഗന്‍ പറഞ്ഞു.

എന്നാല്‍ ഇത് സ്വാഭാവികമായ പഠനപ്രക്രിയയുടെ ഭാഗമാണെന്ന് സംരക്ഷണപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ചീറ്റപ്പുലികളുടെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിക്കുമെന്നും അഞ്ച് ദിവസം വരെ ഇരപിടിത്തം വിജയിക്കാത്ത പക്ഷം അധിക ഭക്ഷണം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

മൂന്ന് മാസം സ്വതന്ത്രമായി വേട്ടയാടി ജീവിക്കാന്‍ കഴിയുന്നുവെന്ന് ഉറപ്പായാല്‍ ഇവയ്ക്ക് സ്ഥിര താമസത്തിനുള്ള വനമേഖല കണ്ടെത്തുമെന്നും സംരക്ഷണകേന്ദ്രം അറിയിച്ചു.