ടൊറന്റോ: ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരാന്‍ ശ്രമിക്കുന്ന ഉപഭോക്താക്കള്‍ക്ക് പുതിയ തലവേദനയായി മാറി കോട്ടേജ് ചീസിന്റെ വിലക്കയറ്റവും ക്ഷാമവും. കാനഡയില്‍ ചില പ്രദേശങ്ങളില്‍ കടകളിലെ ഷെല്‍ഫുകളില്‍ പോലും കോട്ടേജ് ചീസ് ലഭിക്കാത്ത സാഹചര്യമാണെന്ന് ഉപഭോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെടുന്നു.
2019നെ അപേക്ഷിച്ച് കോട്ടേജ് ചീസിന്റെ വില മൂന്ന് മടങ്ങ് വരെ ഉയര്‍ന്നുവെന്നാണ് റെഡിറ്റില്‍ ഉപഭോക്താക്കള്‍ ആരോപിക്കുന്നത്. ഇപ്പോള്‍ കടകളില്‍ പോലും കിട്ടാനില്ലെന്നും കിട്ടിയാല്‍ ഒരു കണ്ടെയിനറിന് അഞ്ച് ഡോളറിനടുത്താണ് വിലയെന്നും ഒരു ഉപഭോക്താവ് പ്രതികരിച്ചു.
തൈര് കട്ടകള്‍ അടങ്ങിയ, പ്രോട്ടീന്‍ സമൃദ്ധമായ പുതിയ ചീസ് വിഭാഗത്തില്‍പ്പെടുന്ന കോട്ടേജ് ചീസ് ഒരുകാലത്ത് 'ഡയറ്റ് ഫുഡ്' എന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. പഴങ്ങള്‍ക്കൊപ്പം കുറഞ്ഞ കലോറി ഭക്ഷണമായി ഇത് വിപണനം ചെയ്തിരുന്നുവെന്ന് മക്മാസ്റ്റര്‍ സര്‍വകലാശാലയിലെ കിനീസിയോളജി പ്രൊഫസര്‍ സ്റ്റുവര്‍ട്ട് ഫിലിപ്‌സ് വ്യക്തമാക്കി.
എന്നാല്‍ പിന്നീട് ഗ്രീക്ക് യോഗര്‍ട്ട്, സ്മൂത്തികള്‍, പ്രോട്ടീന്‍ ബാറുകള്‍ തുടങ്ങിയവ ജനപ്രിയമായതോടെ കോട്ടേജ് ചീസ് പിന്നിലായി. മാതാപിതാക്കളോ മുത്തശ്ശന്മാരോ കഴിക്കുന്ന ഭക്ഷണമെന്ന പ്രതിച്ഛായയിലേക്കാണ് അത് മാറിയതെന്ന് ഫിലിപ്‌സ് സി ബി സി ന്യൂസിനോട് പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളുടെ സ്വാധീനവും 'ഹൈ-പ്രോട്ടീന്‍' ഭക്ഷണങ്ങളോടുള്ള വര്‍ധിച്ച താത്പര്യവും കാരണം കോട്ടേജ് ചീസ് വീണ്ടും ജനപ്രീതി നേടുകയാണ്. ടിക്ടോക്കില്‍ കോട്ടേജ് ചീസ് ഉപയോഗിച്ചുള്ള ആയിരക്കണക്കിന് റെസിപ്പി വീഡിയോകളാണ് പ്രചരിക്കുന്നത്. കോട്ടേജ് ചീസ് ടോസ്റ്റ്, ഹൈ-പ്രോട്ടീന്‍ ഐസ്‌ക്രീം, സ്വീറ്റ് പോട്ടേറ്റോ ബൗള്‍ തുടങ്ങിയ വിഭവങ്ങള്‍ യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡായിരിക്കുകയാണ്.
ഈ ആവശ്യകതയാണ് കാനഡയിലെ വിപണിയില്‍ വിലക്കയറ്റത്തിനും വിതരണ പ്രതിസന്ധിക്കും കാരണമായതെന്ന് ഡല്‍ഹൗസി സര്‍വകലാശാലയിലെ അഗ്രി-ഫുഡ് അനലിറ്റിക്‌സ് ലാബ് ഡയറക്ടര്‍ സില്‍വെയ്ന്‍ ഷാര്‍ലിബോയ്സ് പറഞ്ഞു.
ഒന്റാറിയോയില്‍ 500 ഗ്രാം കോട്ടേജ് ചീസിന് 5 മുതല്‍ 6 ഡോളര്‍ വരെയാണ് ഇപ്പോഴത്തെ വില. 2020ല്‍ ഏകദേശം 3.20 ഡോളറിന് ലഭിച്ചിരുന്ന ഉത്പന്നത്തിന് ഇപ്പോള്‍ 60 ശതമാനം വരെ വിലവര്‍ധന ഉണ്ടായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ആറുമാസത്തിനിടെ മാത്രം 15 മുതല്‍ 30 ശതമാനം വരെ വില ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, വര്‍ധിച്ച ആവശ്യകതയ്‌ക്കൊപ്പം കഴിഞ്ഞ വര്‍ഷം അഗ്രോപ്പൂര്‍ പ്ലാന്റിലുണ്ടായ തൊഴിലാളി സമരവും വിതരണത്തെ ബാധിച്ചു. ഇതോടെ ചില പ്രവിശ്യകളില്‍ കടകളിലെ ഡയറി വിഭാഗങ്ങളില്‍ കോട്ടേജ് ചീസ് ഷെല്‍ഫുകള്‍ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഉണ്ടായി.
മെട്രോ, ലോബ്ലോ തുടങ്ങിയ പ്രമുഖ ഗ്രോസറി ശൃംഖലകളും കോട്ടേജ് ചീസിനുള്ള ആവശ്യകത കുത്തനെ ഉയര്‍ന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആവശ്യകത വര്‍ധിച്ചതിനാല്‍ ചിലപ്പോള്‍ വിതരണപരിമിതികള്‍ ഉണ്ടാകാമെന്ന് മെട്രോയുടെ വക്താവ് അറിയിച്ചു.
സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ കണക്കുകള്‍ പ്രകാരം 2023 ഡിസംബര്‍ മുതല്‍ 2024 ഡിസംബര്‍ വരെ രാജ്യത്തെ കോട്ടേജ് ചീസ് ഉത്പാദനം 20 ശതമാനം വര്‍ധിച്ചു. 2025ല്‍ ഉത്പാദനം 35,459 ടണ്ണായി ഉയര്‍ന്നതും ശ്രദ്ധേയമാണ്.
അതേസമയം കോട്ടേജ് ചീസ് ഇപ്പോള്‍ വലിയ തിരിച്ചുവരവാണ് നടത്തുന്നതെന്നും ഉയര്‍ന്ന പ്രോട്ടീന്‍ ഗുണങ്ങളും വൈവിധ്യമാര്‍ന്ന ഉപയോഗങ്ങളും കാരണം ആവശ്യകത വന്‍തോതില്‍ വര്‍ധിക്കുകയാണെന്നും നോര്‍ഡിക്ക കോട്ടേജ് ചീസ് നിര്‍മ്മാതാക്കളായ ഗേ ലീ ഡയറി കമ്പനി വ്യക്തമാക്കി.
കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളെയാണ് അന്വേഷിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
