ഡോ. ജോബിന്‍ വര്‍ഗ്ഗീസ് ഒ സി എഫ് പി പ്രസിഡന്റ്

ഡോ. ജോബിന്‍ വര്‍ഗ്ഗീസ് ഒ സി എഫ് പി പ്രസിഡന്റ്


ടൊറന്റോ: ബ്രാംപ്ടണ്‍ മേഖലയിലെ ആരോഗ്യ രംഗത്ത് സജീവ സാന്നിധ്യമായ ഡോ. ജോബിന്‍ വര്‍ഗ്ഗീസ് ഒന്റാരിയോ കോളജ് ഫാമിലി ഫിസിഷ്യന്‍സ് (ഒ സി എഫ് പി) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ച് വര്‍ഷമായി ഒ സി എഫ് പി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗമാണ് അദ്ദേഹം. 

ടൊറന്ഞറോ മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രൈമറി കെയര്‍ എജ്യുക്കേഷന്‍ അസിസ്റ്റന്റ് ഡീനും വില്യം ഓസ്ലര്‍ ഹെല്‍ത്ത് സിസ്റ്റം അക്കാദമിക് വിഭാഗം അസോഷ്യേറ്റ് വൈസ് പ്രസിഡന്റുമായ ഡോ. ജോബിന്‍ കോവിഡ് ലോങ്‌ടേം കെയര്‍ വിഭാഗം മെഡിക്കല്‍ ഡയറക്ടറായിരുന്നു. 

എട്ടുവര്‍ഷത്തോളം മക്മാസ്റ്റര്‍ ഫാമിലി മെഡിസിന്‍ റസിഡന്‍സി പ്രോഗ്രാം ഡയറക്ടറായിരുന്നു. 

ഫാമിലി ഫിസിഷ്യന്‍മാരുടെ ആവശ്യങ്ങളും മൂല്യങ്ങളും ഉയര്‍ത്തുന്നതിലും ഏറെ പ്രതിബദ്ധത കാണിക്കുന്ന ഡോ. ജോബിന്റെ നേതൃത്വത്തില്‍ ഒ സി എഫ് പി അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികളുമായി മുന്നോട്ടു പോകുന്നതിന് സജ്ജമാണെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ദീപി സുര്‍ പറഞ്ഞു. രണ്ടു വര്‍ഷമായി പ്രസിഡന്റായിരുന്ന ഡോ. മേഘലെ കുമനനോടുള്ള കടപ്പാടും രേഖപ്പെടുത്തി. 

കനേഡിയന്‍ ആരോഗ്യ മേഖലയില്‍ നിര്‍ണായക സ്ഥാനമുള്ള ഫാമിലി ഫിസിഷ്യന്മാര്‍ക്ക് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിലാകും ശ്രദ്ധയെന്ന് പ്രസിഡന്റായി സ്ഥാനമേറ്റ ഡോ. ജോബിന്‍ പറഞ്ഞു. 

കോഴഞ്ചേരി മുഞ്ഞനാട്ട് ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റേയും ആനിയുടേയും മകനാണ് ഡോ. ജോബിന്‍ വര്‍ഗ്ഗീസ്. അയിരൂര്‍ ചെറുകര ജോര്‍ജി അലക്‌സാണ്ടറിന്റേയും (ദുബൈ) വല്‍സയുടേയും മകള്‍ ഡോ. എലിസബത്താണ് ഭാര്യ. മക്കള്‍: ലിയോറ, വിയാന്‍.

ഡോ. ജോബിന്‍ വര്‍ഗ്ഗീസ് ഒ സി എഫ് പി പ്രസിഡന്റ്