ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡ സ്വപ്‌നങ്ങളില്‍ മങ്ങല്‍

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡ സ്വപ്‌നങ്ങളില്‍ മങ്ങല്‍


ടൊറന്റോ: ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലത്ത് കാനഡയില്‍ പഠിക്കാനുള്ള സ്വപ്‌നങ്ങള്‍ നെയ്തിരുന്ന പഞ്ചാബി ദില്‍രാജ് സിംഗിനിപ്പോള്‍ ആ പദ്ധതിയോട് താത്പര്യമില്ല. ദില്‍രാജ് സിംഗിന് മാത്രമല്ല കാനഡയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ ആഗ്രഹിച്ച നിരവധി ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് തങ്ങളുടെ സ്വപ്‌നം മങ്ങുകയാണെന്ന തിരിച്ചറിവിലെത്തിയിരിക്കുന്നത്. 

പഠിക്കാനായി കാനഡയിലെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെയെല്ലാം സ്വപ്‌നം നല്ലൊരു ജോലി കൂടി ലഭിക്കുമെന്നതായിരുന്നു. കാനഡ വിദേശ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരെ സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. 

എന്നാലിപ്പോള്‍ ജോലി ലഭിക്കുകയെന്നത് കാനഡയില്‍ വലിയ ബുദ്ധിമുട്ടാണെന്ന് സിംഗ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

മറ്റേതൊരു ദേശീയതയേക്കാളും കൂടുതല്‍ ഇന്ത്യക്കാരെ അന്തര്‍ദേശീയ വിദ്യാര്‍ഥികളായി സ്വീകരിക്കുന്ന ഒരു രാജ്യത്ത് ഉയര്‍ന്ന ജീവിതച്ചെലവിനെയും ദുര്‍ബലമായ തൊഴില്‍ വിപണിയെയും കുറിച്ച് കാനഡയില്‍ താമസിക്കുന്ന സുഹൃത്തുക്കളില്‍ നിന്ന് അടുത്തിടെ മോശമായ അഭിപ്രായങ്ങള്‍ കേട്ടുവെന്നാണ് 21കാരനായ സിംഗ് പറയുന്നത്. 

തന്റെ കൂട്ടുകാരോ സുഹൃത്തുക്കളോ പറയുന്ന കാര്യങ്ങളില്‍ സത്യമുണ്ടോ മിഥ്യയാണോ എന്നൊന്നും സിംഗിന് അറിയില്ല. എങ്കിലും അക്കാരണം കൊണ്ടുമാത്രം തന്റെ പ്രധാന സാധ്യതാ പട്ടികയില്‍ നിന്നും അദ്ദേഹം കാനഡയെ ഇതിനകം ഒഴിവാക്കിക്കഴിഞ്ഞു.

കാനഡയ്ക്ക് പകരം തന്റെ ജ്യേഷ്ഠന്‍ താമസിക്കുന്ന ഓസ്ട്രേലിയയിലേക്ക് പോകാനും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടാനുമാണ് ആഗ്രഹിക്കുന്നതെന്നാണ് സിംഗിന്റെ പക്ഷം. 

പഞ്ചാബ് ആസ്ഥാനമായ വിദേശ പഠന കണ്‍സള്‍ട്ടന്‍സി കമ്പനികളുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പഠനകേന്ദ്രമെന്ന നിലയില്‍ കാനഡയോടുള്ള താത്പര്യം കുറയുകയാണ്. 

ഈ വര്‍ഷം ഏര്‍പ്പെടുത്തിയ താത്കാലിക പരിധിയെത്തുടര്‍ന്ന്, അന്താരാഷ്ട്ര വിദ്യാര്‍ഥി പെര്‍മിറ്റുകളുടെ എണ്ണം 10 ശതമാനം കൂടി കുറയ്ക്കുമെന്ന് കാനഡ സര്‍ക്കാറിന്റെ പ്രഖ്യാപനം വിദ്യാര്‍ഥികളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്. 

താത്ക്കാലിക വിദ്യാര്‍ഥി പരിധി നയം ഭാവി വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പം വിതയ്ക്കുകയാണെന്ന് പഞ്ചാബിലെ ജലന്ധര്‍ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ ആന്റ് സ്റ്റഡി വിദേശ കണ്‍സള്‍ട്ടന്‍സി കമ്പനിയായ ജെയിന്‍ ഓവര്‍സീസ് ഡയറക്ടര്‍ സുമിത് ജെയിന്‍ പറഞ്ഞു.

വര്‍ഷം മുഴുവനും കാനഡ വിവരങ്ങള്‍ കുറച്ചു കുറച്ചായാണ് പുറത്തുവിടുന്നതെന്ന് ജെയിന്‍ പറഞ്ഞു. അവര്‍ ഒറ്റയടിക്ക് വ്യക്തമായ വിവരങ്ങളുമായി വരുന്നില്ല. അതിനാല്‍ ഓരോ തവണയും അത് ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങളിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം പറയുന്നു. 

ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ മുന്‍ വര്‍ഷത്തേക്കാള്‍ 2023-ല്‍ ഇന്ത്യയില്‍ നിന്നുള്ള സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളില്‍ 15 ശതമാനം കുറവു വരുത്തിയാണ് നടപടികള്‍ സ്വീകരിച്ചത്. 

ഫെഡറല്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് 2024 ജനുവരി മുതല്‍ ജൂലൈ വരെ കാനഡയില്‍ മൊത്തം 107,385 ഇന്ത്യന്‍ സ്റ്റഡി പെര്‍മിറ്റ് ഹോള്‍ഡര്‍മാര്‍ ഉണ്ടായിരുന്നുവെന്നാണ്. 2023 ജൂണിനെ അപേക്ഷിച്ച് ഈ വര്‍ഷം ജൂണില്‍ 20 ശതമാനമാണ് ഇടിവുണ്ടായത്.

ജെയിന്‍ 15 വര്‍ഷമായി വിദേശത്ത പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഉപദേശ നിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്ന ബിസിനസാണ് നടത്തുന്നത്. കാനഡ എല്ലായ്‌പ്പോഴും വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ ഓപ്ഷനായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ കമ്പനി സഹായിക്കുന്ന വിദ്യാര്‍ഥികളില്‍ 70 ശതമാനവും 'അനിശ്ചിതത്വത്തിലാണ്' എന്നും കാനഡയില്‍ പഠിക്കാന്‍ അപേക്ഷിക്കുന്നതിന് മുമ്പ് കാത്തിരുന്ന് കാണാനുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന് ജെയിന്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ ഇരുപത് ശതമാനം വിദ്യാര്‍ഥികളും ഇതിനകം കാനഡ കടന്ന് ജര്‍മ്മനി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് അല്ലെങ്കില്‍ യുണൈറ്റഡ് കിംഗ്ഡം പോലുള്ള മറ്റ് രാജ്യങ്ങള്‍ തിരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിഷ്‌ക്കരിച്ച നിയമങ്ങളുടെ ഭാഗമായി, വിദേശ തൊഴിലാളികളുടെ ജീവിതപങ്കാളികള്‍ക്കും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികള്‍ക്കും വര്‍ക്ക് പെര്‍മിറ്റുകളില്‍ ഒട്ടാവ പുതിയ പരിധികള്‍ ഏര്‍പ്പെടുത്തുന്നു. അന്താരാഷ്ട്ര വിദ്യാര്‍ഥി അപേക്ഷകരുടെ ജീവിതച്ചെലവ് സാമ്പത്തിക ആവശ്യകതകള്‍ സര്‍ക്കാര്‍ ഇരട്ടിയിലധികം വര്‍ധിപ്പിച്ചു.

അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിക്കുന്നത് ഭവന വിപണിയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കയ്ക്കിടയിലാണ് ഈ നീക്കങ്ങള്‍. കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണം കഴിഞ്ഞ ദശകത്തില്‍ ഏകദേശം മൂന്നിരട്ടിയായി. 2015ലെ 350,000ല്‍ നിന്ന് കഴിഞ്ഞ വര്‍ഷം ഒരു ദശലക്ഷത്തിലധികമായി.

കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ അയക്കുന്നത് ഇന്ത്യയാണെന്നും ചൈന രണ്ടാം സ്ഥാനത്താണെന്നും ഐ ആര്‍ സി സി കണക്കുകള്‍ കാണിക്കുന്നു. 

ഇന്ത്യയില്‍ പല വിദ്യാഭ്യാസ ഉപദേഷ്ടാക്കള്‍ക്കും പുതിയ നിയമങ്ങള്‍ വിശദീകരിക്കുന്നത് ഒരു വെല്ലുവിളിയാണ്. കുട്ടികളുടെ സ്വപ്നങ്ങള്‍ നിലച്ചിരിക്കുകയാണെന്ന് തനിക്കറിയാമെന്നും ഇതിനെക്കുറിച്ച് വിദ്യാര്‍ത്ഥികളോട് പറയുന്നത് വളരെ ബുദ്ധിമുട്ടാണെന്നും ജെയിന്‍ പറഞ്ഞു.

തങ്ങള്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ അയച്ചിരുന്നതായും എന്നാല്‍ ഇപ്പോഴത്തെ എണ്ണം കഴിഞ്ഞ വര്‍ഷം ചെയ്തതിന്റെ 25 ശതമാനമായി കുറഞ്ഞുവെന്നും ചണ്ഡീഗഡ് ആസ്ഥാനമായുള്ള ജെം ഓവര്‍സീസില്‍ ജോലി ചെയ്യുന്ന പവ്നീത് സിദ്ധു പറഞ്ഞു.

60 മുതല്‍ 70 ശതമാനം വിദ്യാര്‍ഥികള്‍ക്കും കാനഡയില്‍ താത്പര്യം നഷ്ടപ്പെട്ടുവെന്ന് താന്‍ പറയുമെന്നും കാനഡയിലേക്ക് പോകാന്‍ ആഗ്രഹിച്ചിരുന്ന പല വിദ്യാര്‍ഥികളും ഇപ്പോള്‍ ജര്‍മ്മനി, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ് എന്നിവയെക്കുറിച്ച് ചോദിക്കുന്നുണ്ടെന്നും സിദ്ദു പറഞ്ഞു.

കാനഡ ഒഴികെയുള്ള രാജ്യങ്ങളാണ് ജലന്ധറിലെ തന്റെ സുഹൃദ് വലയത്തിലെ ഭൂരിഭാഗം ആളുകളുടെയും മനസ്സില്‍ മുന്നില്‍ നില്‍ക്കുന്നതെന്ന് ദില്‍രാജ് സിംഗ് പറഞ്ഞു.

ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ കാനഡ സ്വപ്‌നങ്ങളില്‍ മങ്ങല്‍