ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്രല്ലയെ വധിച്ചതായി ഇസ്രായേല്‍ സൈന്യം

ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്രല്ലയെ വധിച്ചതായി ഇസ്രായേല്‍ സൈന്യം


ജറുസലേം: ബെയ്‌റൂത്തില്‍ വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഹിസ്ബുല്ല തലവന്‍ ഹസന്‍ നസ്‌റല്ലയെ വധിച്ചതായി ഇസ്രായേല്‍ സൈന്യം ശനിയാഴ്ച പ്രഖ്യാപിച്ചു. വ്യോമാക്രമണം കൃത്യമാണെന്നും ബെയ്റൂത്തിന് തെക്ക് ദഹിയയിലുള്ള ആസ്ഥാനത്ത് ഹിസ്ബുല്ലയുടെ നേതൃയോഗം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് വര്‍ഷത്തിലേറെയായി നസ്റല്ല ഹിസ്ബുല്ലയെ നയിക്കുന്നുണ്ട്.

'ഹസ്സന്‍ നസ്റല്ലയ്ക്ക് ഇനി ലോകത്തെ ഭയപ്പെടുത്താന്‍ കഴിയില്ല' എന്നാണ് ഇസ്രായേല്‍ സൈന്യം ശനിയാഴ്ച എക്സില്‍ പോസ്റ്റ് ചെയ്തത്.

ലെബനന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ കുറഞ്ഞത് ആറ് പേര്‍ കൊല്ലപ്പെടുകയും 91 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 

ഇസ്രായേലിലേക്ക് ഹിസ്ബുല്ല ഡസന്‍ കണക്കിന് റോക്കറ്റുകള്‍ വിക്ഷേപിച്ചതിന് പിന്നാലെഹിസ്ബുല്ലയ്‌ക്കെതിരെ ഇസ്രായേല്‍ കനത്ത വ്യോമാക്രമണം നടത്തി. ലെബനനുമായി പിരിമുറുക്കം രൂക്ഷമായതിനാല്‍ കൂടുതല്‍ റിസര്‍വ് സൈനികരെ അണിനിരത്തുകയാണെന്ന് ഇസ്രായേല്‍ സൈന്യം അറിയിച്ചു.

ഹിസ്ബുല്ലയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്റെ യു എസ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഇസ്രായേലിലേക്ക് മടങ്ങി. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തതിന് ശേഷമാണ് നെതന്യാഹു മടങ്ങിയത്. ഹിസ്ബുല്ലയ്ക്കെതിരായ ഇസ്രായേലിന്റെ കാംപയിന്‍ തുടരുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ അന്താരാഷ്ട്ര പിന്തുണയുള്ള വെടിനിര്‍ത്തലിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. യു എന്‍ പ്രസംഗത്തിന് ശേഷം നെതന്യാഹു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സ്ഫോടന വാര്‍ത്ത പുറത്ത് വന്നത്.