88 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു; ബി സി ട്രീ ഫ്രൂട്ട്‌സ് സഹകരണസംഘം അടച്ചു പൂട്ടലിലേക്ക്

88 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു; ബി സി ട്രീ ഫ്രൂട്ട്‌സ് സഹകരണസംഘം അടച്ചു പൂട്ടലിലേക്ക്


ബ്രിട്ടീഷ് കൊളംബിയ: ഒന്‍പത് പതിറ്റാണ്ടോളമായി ഒക്കനാഗന്‍ താഴ്വരയില്‍ പ്രവര്‍ത്തിക്കുന്ന ബി സി ട്രീ ഫ്രൂട്ട്സ് കോ-ഓപ്പറേറ്റീവ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു. കര്‍ഷകരോട് പിരിഞ്ഞു പോകാനും സ്വത്തുക്കള്‍ ലിക്വിഡേറ്റ് ചെയ്യാനും കോടതിയുടെ നിര്‍ദ്ദേശം കാത്തിരിക്കുകയാണ് സംഘം.

230ലധികം കര്‍ഷക കുടുംബങ്ങളാണ് ബി സി ട്രീ ഫ്രൂട്ട്‌സ് സഹകരണ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഗുണനിലവാരത്തിന്റെ അടയാളമായി ദശാബ്ദങ്ങളായി പഴങ്ങളുടെ പാക്കേജിംഗും ആപ്പിള്‍ സ്റ്റിക്കറുകളും അലങ്കരിച്ച പച്ച ഇലയുടെ ലോഗോയുടെ പേരിലാണ് ഉപഭോക്താക്കള്‍ക്ക് ബി സി ട്രീയെ കൂടുതല്‍ അറിയുന്നത്.

വെള്ളിയാഴ്ച മുതല്‍ സഹകരണ സംഘത്തിന് പാക്കിംഗ് സൗകര്യങ്ങളില്‍ ഫലം ലഭിക്കില്ലെന്ന് ഇ-മെയില്‍ വഴി അംഗങ്ങളെ അറിയിക്കുകയും 2024 സീസണിലെ പഴങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുന്നതിന് മറ്റൊരു ബദല്‍ ഉടന്‍ തിരയാന്‍ കര്‍ഷകരോട് ആവശ്യപ്പെടുകയും ചെയ്തു. 

പഴങ്ങളുടെ അളവിലുണ്ടായ കുറവ്, കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍, വിപണിയിലെ ബുദ്ധിമുട്ടുകള്‍, സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിവയാണ് സഹകരണ സ്ഥാപനം പിരിച്ചുവിടാനുള്ള കാരണങ്ങളായി കമ്പനി അയച്ച ഇ-മെയിലില്‍ ഉദ്ധരിച്ചത്.

ഒക്കനാഗന്‍ ഫല കര്‍ഷകര്‍ ഈ ശൈത്യകാലത്തെ അതിരൂക്ഷമായ കാലാവസ്ഥയില്‍ വിനാശകരമായ വിളനാശം നേരിടുന്ന സാഹചര്യത്തിലാണ് ഈ വാര്‍ത്ത വരുന്നത്. താഴ്വരയിലെ മിക്കവാറും എല്ലാ പീച്ച്, ആപ്രിക്കോട്ട്, നെക്റ്ററൈന്‍ വിളകളും ചെറി തോട്ടങ്ങളും നശിച്ചിരിക്കുകയാണ്. 

തങ്ങളുടെ പഴങ്ങള്‍ക്ക് പുതിയ വിപണി കണ്ടെത്താനാണ് കര്‍ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ഒക്കനാഗന്‍ ആപ്പിള്‍ വിളവെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ സഹകരണ സംഘത്തിലെ അംഗങ്ങളെല്ലാം തങ്ങളുടെ ഉത്പന്നങ്ങള്‍ വാങ്ങാന്‍ ആളെ കണ്ടെത്താനുള്ള അവസ്ഥയിലാണുള്ളത്. 

ബി സി ട്രീ സഹകരണ സംഘം പിരിച്ചു വിടാനുള്ള തീരുമാനം ഞെട്ടിപ്പിക്കുന്നതും സങ്കടകരവുമാണെന്നാണ് വെസ്റ്റ് കെലോനയില്‍ ആപ്പിള്‍ കൃഷി ചെയ്യുന്ന കുടുംബത്തിലെ അംഗമായ പര്‍മീന്ദര്‍ സൈനി പറഞ്ഞത്.

എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയില്ലെന്നും പഴങ്ങള്‍ തണുപ്പിക്കാന്‍ സൂക്ഷിക്കാന്‍ കഴിയുന്ന സ്ഥലത്തേക്ക് എങ്ങനെയാണ് കൊണ്ടുപോവുകയെന്നും കൂളറുകളില്‍ നിന്നും സ്‌റ്റോറുകളിലേക്ക് എങ്ങനെ എത്തിക്കുമെന്നും പര്‍മീന്ദര്‍ സൈനി ചോദിക്കുന്നു. 

കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള സഹകരണസംഘമാണ് ബി സി ട്രീ ഫ്രൂട്ട്‌സ് കോ ഓപറേറ്റീവ്.  

1936ല്‍ സ്ഥാപിതമായ ബി സി ട്രീ ഫ്രൂട്ട്‌സ് കോഓപറേറ്റീവ് ഗ്രോവര്‍ സപ്ലൈ കമ്പനി, കെലോനയില്‍ ഫ്രഷ് ഫ്രൂട്ട് മാര്‍ക്കറ്റ്, 2014ല്‍ ബി സിയുടെ ബ്രാന്‍ഡഡ് ക്രാഫ്റ്റ് സൈഡര്‍ കമ്പനി എന്നിവ ഉള്‍പ്പെടുത്തി വിപുലീകരിച്ചെങ്കിലും സമീപ വര്‍ഷങ്ങളില്‍ സാമ്പത്തിക വെല്ലുവിളികളും ഗ്രോവര്‍ അംഗത്വത്തിന്റെ വലിയൊരു വിഭാഗത്തില്‍ നിന്നും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനങ്ങളില്‍ എതിര്‍പ്പും നേരിടേണ്ടി വന്നിരുന്നു. 

2022ല്‍ ബി സി ട്രീ ഫ്രൂട്ട്സ് അതിന്റെ ലേക് കണ്‍ട്രി ഫ്രൂട്ട് പാക്കിംഗ് ഹൗസ് അടച്ചുപൂട്ടിയതോടെ മധ്യ, വടക്കന്‍ ഒകനാഗന്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ തെക്കന്‍ ഒകനാഗനിലെ ഒലിവറിലേക്ക് കയറ്റി അയയ്ക്കാന്‍ നിര്‍ബന്ധിതരാക്കി.

ഇതില്‍ പ്രതിഷേധിച്ച്, സഹകരണ സംഘത്തിന്റെ അംഗത്വത്തിന്റെ പ്രത്യേക പൊതുയോഗത്തില്‍ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടാന്‍ സൈനിയും മറ്റ് കര്‍ഷകരും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

ആ സമയത്ത് ആവശ്യമായ വോട്ട് തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍ ഈ പ്രവര്‍ത്തനങ്ങളെല്ലാം മാറുമായിരുന്നുവെന്നാണ് സൈനി പറഞ്ഞത്. 

കെലോവ്‌ന ആസ്ഥാനമായുള്ള ആപ്പിള്‍ കര്‍ഷകനും മുന്‍ ബോര്‍ഡ് അംഗവുമായ അമര്‍ജിത് ലാലിയും ബി സിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നു. ഒലിവര്‍ പാക്കിംഗ് ഹൗസിലേക്കുള്ള മാറ്റവും സഹകരണ സംഘത്തിന്റെ സ്വത്തുക്കള്‍ വിറ്റതും ഉള്‍പ്പെടെ സമീപ വര്‍ഷങ്ങളില്‍ ട്രീ ഫ്രൂട്ട്‌സ് വ്യത്യസ്ത നടപടികള്‍ എടുത്തിരുന്നു. ഇതെല്ലാം  ഒന്നിനുപുറകെ ഒന്നായി മണ്ടത്തരമായെന്നും അമര്‍ജിത് ലാലി പറഞ്ഞു. ബി സി ട്രീ ഫ്രൂട്ട്‌സിന്റെ തകര്‍ച്ചയെക്കുറിച്ച് സര്‍ക്കാര്‍ പൂര്‍ണ്ണ ഓഡിറ്റും അന്വേഷണവും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഹകരണസംഘത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ചയോടെ ഈ വര്‍ഷം എങ്ങനെ തങ്ങളുടെ പഴങ്ങള്‍ വിപണിയിലെത്തിക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലാലിയും മറ്റ് പഴ കര്‍ഷകരും യോഗം ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

'സ്വകാര്യ പാക്കര്‍മാര്‍ക്ക് ഇത്രയും പഴങ്ങള്‍ പായ്ക്ക് ചെയ്യാനുള്ള കഴിവില്ലെന്നും ലാലി പറഞ്ഞു. സ്വകാര്യ പാക്കര്‍മാര്‍ക്ക് കുറച്ച് എടുക്കാനാവുമെങ്കിലും മുഴുവനും എടുക്കാനാവില്ല. അതുകൊണ്ടുതന്നെ കര്‍ഷകര്‍ക്ക് വിനാശകരമായ വര്‍ഷമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. 

ബി സി ട്രീ ഫ്രൂട്ട് വിഭാഗവുമായി മന്ത്രാലയ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നാണ് കൃഷി, ഭക്ഷ്യ മന്ത്രി പാം അലക്‌സിസ് പറഞ്ഞത്.

88 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു; ബി സി ട്രീ ഫ്രൂട്ട്‌സ് സഹകരണസംഘം അടച്ചു പൂട്ടലിലേക്ക്