മോണ്‍ട്രിയലിന് സമീപം ചരക്ക് ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല

മോണ്‍ട്രിയലിന് സമീപം ചരക്ക് ട്രെയിന്‍ പാളം തെറ്റി; ആളപായമില്ല


മോണ്‍ട്രിയല്‍: റെപന്റിഗ്നി നഗരത്തില്‍ ചരക്ക് ട്രെയിന്‍ പാളം തെറ്റി. ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

മോണ്‍ട്രിയല്‍ നഗരത്തിന്റെ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന റെപെന്റിഗ്നിയിലെ ലെ ഗാര്‍ദൂര്‍  മേഖലയിലാണ് സംഭവം. 

ട്രെയിനിലെ ഏതെങ്കിലും ബോഗികളില്‍ നിന്ന് ചോര്‍ച്ചയുണ്ടായിട്ടില്ലെന്നും മരണങ്ങളോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 

റെപെന്റിഗ്‌നി മേയര്‍ നിക്കോളസ് ഡുഫോര്‍ സാമൂഹ്യമാധ്യമത്തിലൂടെ നല്‍കിയ അറിയിപ്പില്‍ ട്രെയിന്‍ അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകുകയായിരുന്നുവെന്നതിന് നിലവില്‍ വിവരങ്ങളില്ലെന്ന് വ്യക്തമാക്കി.

മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി അപകടം നടന്ന മേഖലയിലെ വൈദ്യുതി വിതരണം താത്ക്കാലികമായി വിച്ഛേദിച്ചു. ഇതോടെ ഹൈഡ്രോ ക്യൂബെക്കിന്റെ കണക്കുകള്‍ പ്രകാരം ലനഡിയര്‍ മേഖലയിലെ 2,600-ലധികം ഉപഭോക്താക്കളെ വൈദ്യുതി മുടക്കം ബാധിച്ചു.

ട്രെയിന്‍ പാളം തെറ്റിയതിനെ തുടര്‍ന്ന് സമീപത്തെ ചില വേലികള്‍ തകര്‍ന്നതായും സെന്റ് പോള്‍ സ്ട്രീറ്റ് താത്ക്കാലികമായി അടച്ചതായും പൊലീസ് അറിയിച്ചു. യാത്രക്കാര്‍ക്കായി സമീപത്ത് ബദല്‍ വഴികളും ഒരുക്കിയിട്ടുണ്ട്.

20 ബോഗികള്‍ പാളം തെറ്റിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി കനേഡിയന്‍ നാഷണല്‍ റെയില്‍വേ അറിയിച്ചു. ബോഗികള്‍ വിവിധ ദിശകളിലായി മറിഞ്ഞുകിടക്കുകയാണെന്നും ചോര്‍ച്ചയോ തീപിടിത്തമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.

ട്രെയിന്‍ ഏത് തരത്തിലുള്ള ചരക്കാണ് കൊണ്ടുപോയിരുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സംഭവസ്ഥലത്ത് അറ്റകുറ്റപ്പണി സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും അപകടകാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. പാളം പുനഃസ്ഥാപിക്കുന്നതിനും ഗതാഗതം സാധാരണ നിലയിലാക്കുന്നതിനും എത്ര സമയം വേണ്ടിവരുമെന്ന കാര്യം ഇതുവരെ വ്യക്തമല്ല.