കീവ്: റഷ്യ കീവിനു നേരെ തിങ്കളാഴ്ച പുലര്‍ച്ചെ വന്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തി. ട്രംപും പുടിനും തമ്മില്‍ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഫോണ്‍ സംഭാഷണം നടന്നതിന് ഒരു ദിവസത്തിനുശേഷമാണ് ആക്രമണം ഉണ്ടായത്.
യുക്രെയ്ന്‍ എയര്‍ ഫോഴ്‌സിന്റെ അറിയിപ്പു പ്രകാരം കീവിനെ ലക്ഷ്യമിട്ട് റഷ്യ നിരവധി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചിട്ടുണ്ട്. നഗരത്തില്‍ തുടര്‍ച്ചയായി പത്തിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സിയായ എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
കീവ് സൈനിക ഭരണകൂട മേധാവി തൈമൂര്‍ കചേന്‍കോ ശത്രുസേന ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയാണെന്ന് ടെലഗ്രാമിലൂടെ അറിയിച്ചു. അതേസമയം കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്‌സ്‌കോ നഗരത്തിന്റെ വ്യോമപ്രതിരോധ സംവിധാനം പ്രവര്‍ത്തനക്ഷമമാണെന്നും ജനങ്ങള്‍ സുരക്ഷാ ബങ്കറുകളില്‍ തന്നെ തുടരണമെന്നും അഭ്യര്‍ഥിച്ചു.
ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. കീവിലെ പോഡില്‍ക്‌സി ജില്ലയിലെ ഒരു പാര്‍പ്പിട സമുച്ചയത്തിന് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു. കീവിന് സമീപമുള്ള ബുച്ചാബിനില്‍ കുറഞ്ഞത് മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അടുത്ത ദിവസങ്ങളിലായി യുക്രെയ്‌നും റഷ്യന്‍ ഭൂപ്രദേശങ്ങളിലേക്ക് ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണങ്ങള്‍ ശക്തമാക്കിയിരുന്നു. ഊര്‍ജ അടിസ്ഥാന സൗകര്യങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങള്‍ നടന്നത്. അതേസമയം, റഷ്യയുടെ അധീനതയിലുള്ള സെവസ്റ്റോപോള്‍ നഗരത്തിന് സമീപമുള്ള വൈദ്യുതി സംവിധാനത്തിന് നേരെയുണ്ടായ യുക്രെയ്ന്‍ ആക്രമണത്തെ തുടര്‍ന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി പ്രദേശിക ഗവര്‍ണര്‍ മിഖായില്‍ റാസ്വോഴായെ അറിയിച്ചു.
ആക്രമണത്തിന് മണിക്കൂറുകള്‍ മുമ്പ് ഡൊണള്‍ഡ് ട്രംപും വ്‌ളാഡിമിര്‍ പുടിനും ഏകദേശം 90 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണം നടത്തിയിരുന്നു. യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കണ്ടെത്താന്‍ സഹായിക്കാമെന്ന അമേരിക്കയുടെ നിലപാട് ട്രംപ് ആവര്‍ത്തിച്ചതായി ക്രെംലിന്‍ അറിയിച്ചു. യുദ്ധത്തിന്റെ നിലവിലെ സാഹചര്യം സംബന്ധിച്ച് പുടിന്‍ തന്റെ വിലയിരുത്തല്‍ ട്രംപിനെ അറിയിച്ചതായും യുക്രെയ്‌നും യൂറോപ്യന്‍ രാജ്യങ്ങളും യുദ്ധം ദീര്‍ഘിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചതായും ക്രെംലിന്‍ വക്താക്കള്‍ വ്യക്തമാക്കി.
തുടര്‍ന്ന് ട്രംപ് വോളോഡിമിര്‍ സെലെന്‍സ്‌കിയുമായും ഫോണില്‍ സംസാരിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും അതിനായി അമേരിക്കയുടെ ദൃഢനിശ്ചയം നിര്‍ണായകമാണെന്നും സെലന്‍സ്‌കി പിന്നീട് പ്രതികരിച്ചു.
