ഈജിപ്ത് 'ഒക്ടഗണ്‍' സൈനിക ആസ്ഥാനത്തിന് തുടക്കമിട്ടു

ഈജിപ്ത് 'ഒക്ടഗണ്‍' സൈനിക ആസ്ഥാനത്തിന് തുടക്കമിട്ടു


കെയ്‌റോ: ഈജിപ്തിന്റെ പ്രതിരോധ മേഖലയിലെ നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക തന്ത്രപ്രധാന സൈനിക ആസ്ഥാനമായ 'ഒക്ടഗണ്‍' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഫത്തഹ് എല്‍ സിസിയാണ് പുതിയ സ്ട്രാറ്റജിക് കമാന്‍ഡ് ആസ്ഥാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പശ്ചിമേഷ്യയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്കിടെയാണ് ഈജിപ്തിന്റെ പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്ന സുപ്രധാന പദ്ധതിക്ക് തുടക്കമായത്.

രാജ്യത്തെ ഏറ്റവും ആധുനിക കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ കേന്ദ്രമെന്ന വിശേഷണത്തോടെയാണ് ഈജിപ്ഷ്യന്‍ അധികൃതര്‍ ഈ സമുച്ചയത്തെ അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ആസ്ഥാനങ്ങളില്‍ ഒന്നായും ഇത് കണക്കാക്കപ്പെടുന്നു.

ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ച പ്രസിഡന്റ് സിസി പുതിയ സൈനിക ആസ്ഥാനം സായുധസേനയുടെ എല്ലാ വിഭാഗങ്ങളുടെയും ആസൂത്രണവും ഏകോപനവും കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും യുദ്ധസന്നദ്ധതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുമെന്നും പറഞ്ഞു. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ദേശീയ സുരക്ഷയും തന്ത്രപ്രധാന ലക്ഷ്യങ്ങളും കൂടുതല്‍ ഫലപ്രദമായി കൈവരിക്കാന്‍ ഈ കേന്ദ്രം സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒക്ടഗണിനെ പലരും അമേരിക്കയുടെ പെന്റഗണുമായി താരതമ്യം ചെയ്യുന്നുണ്ടെങ്കിലും അത് വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലല്ല. അമേരിക്കന്‍ പ്രതിരോധ വകുപ്പിന്റെ ആസ്ഥാനമായ പെന്റഗണിനെപ്പോലെ രാജ്യത്തിന്റെ സൈനിക നേതൃത്വം, രഹസ്യാന്വേഷണം, സൈനിക ആസൂത്രണം, പ്രതിസന്ധി നിയന്ത്രണം എന്നിവയെല്ലാം ഒരൊറ്റ കമാന്‍ഡ് സംവിധാനത്തിന് കീഴില്‍ ഏകോപിപ്പിക്കുന്ന കേന്ദ്രമെന്ന നിലയിലാണ് ഒക്ടഗണിന്റെ പ്രാധാന്യം.

22,000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന വിശാലമായ സൈനിക സമുച്ചയമാണ് ഒക്ടഗണ്‍. അഷ്ടഭുജ (ഒക്ടഗണ്‍) മാതൃകയില്‍ രൂപകല്‍പ്പന ചെയ്ത എട്ട് പ്രധാന കെട്ടിടങ്ങളുള്ള സമുച്ചയം ഈജിപ്ത് സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസിന്റെ വിവരമനുസരിച്ച് 13 സംയോജിത തന്ത്രപ്രധാന, ലോജിസ്റ്റിക് മേഖലകളുള്ള പശ്ചിമേഷ്യയിലെ ഏറ്റവും വലിയ പ്രതിരോധ- ഭരണ സമുച്ചയമാണ്. ദേശീയ വിവരങ്ങള്‍ സുരക്ഷിതമായി ശേഖരിക്കാനും സംരക്ഷിക്കാനും അത്യാധുനിക സൈബര്‍ സുരക്ഷാ സംവിധാനങ്ങളോടുകൂടിയ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യം, കമാന്‍ഡ്, ലോജിസ്റ്റിക്‌സ്, പരിശീലനം, ദേശീയ അടിയന്തര സാഹചര്യമാനേജ്‌മെന്റ് എന്നീ നാല് പ്രധാന വിഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന 'ചെറു ഭരണ- പ്രതിരോധ നഗരം' എന്ന നിലയിലാണ് രൂപകല്‍പ്പന നിര്‍വഹിച്ചിരിക്കുന്നത്. അത്യാധുനിക കമാന്‍ഡ്, കണ്‍ട്രോള്‍, കമ്മ്യൂണിക്കേഷന്‍, നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ എന്നിവ കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

ഈജിപ്തിന്റെ പ്രതിരോധ സംവിധാനത്തെ കൂടുതല്‍ ആധുനികവും ഏകോപിതവുമാക്കുന്നതില്‍ ഒക്ടഗണ്‍ നിര്‍ണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.