ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീ രൂക്ഷമായി; 1,200 ഹെക്ടറിലേക്ക് വ്യാപിച്ചു, നിരവധി മേഖലകളില്‍ ഒഴിപ്പിക്കല്‍

ബ്രിട്ടീഷ് കൊളംബിയയില്‍ കാട്ടുതീ രൂക്ഷമായി; 1,200 ഹെക്ടറിലേക്ക് വ്യാപിച്ചു, നിരവധി മേഖലകളില്‍ ഒഴിപ്പിക്കല്‍


ബ്രിട്ടീഷ് കൊളംബിയ: ബോസ്റ്റണ്‍ ബാറിന് സമീപം പടര്‍ന്നുപിടിച്ച ബ്രണ്‍സ്വിക് ക്രീക്ക് കാട്ടുതീ അതിവേഗം വ്യാപിച്ച് 1,200 ഹെക്ടറിലധികം പ്രദേശത്തെ ബാധിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് ഫ്രേസിയര്‍ കാന്യോന്‍ മേഖലയിലെ നിരവധി പ്രദേശങ്ങളില്‍ ഒഴിപ്പിക്കല്‍ ഉത്തരവും ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചു.

ബ്രിട്ടീഷ് കൊളംബിയ വൈല്‍ഡ്ഫയര്‍ സര്‍വീസിന്റെ കണക്കുകള്‍ പ്രകാരം ശനിയാഴ്ച 100 ഹെക്ടറോളം മാത്രമായിരുന്ന തീപിടിത്തം ഒരു ദിവസത്തിനുള്ളില്‍ 1,200 ഹെക്ടറിലേറെയായി വ്യാപിച്ചു. നിലവില്‍ പ്രവിശ്യയില്‍ 'വൈല്‍ഡ്ഫയര്‍ ഓഫ് നോട്ട്' വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഏക കാട്ടുതീയാണിത്. പൊതുജനശ്രദ്ധയും അടിയന്തര പ്രതികരണവും ആവശ്യമായ തീപിടിത്തങ്ങള്‍ക്കാണ് ഈ വിഭാഗീകരണം നല്‍കുന്നത്.

ജൂലൈ 2ന് ഹൈവേ 1ന് സമീപമുള്ള ബോസ്റ്റണ്‍ ബാര്‍ മേഖലയിലാണ് തീപിടിത്തം ആദ്യമായി കണ്ടെത്തിയത്. മനുഷ്യരുടെ അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

ഫ്രേസിയര്‍ വാലി റീജ്യണല്‍ ഡിസ്ട്രിക്ട് നോര്‍ത്ത് ബെന്റ് ഗ്രാമത്തിനും സമീപപ്രദേശങ്ങള്‍ക്കും ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഏകദേശം 146 വസ്തുവകകളെയാണ് ഇത് ബാധിക്കുന്നത്. അതേസമയം ബോസ്റ്റണ്‍ ബാറിലെ 260ഓളം വസ്തുവകകള്‍ക്ക് ഒഴിപ്പിക്കല്‍ ജാഗ്രതാനിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ബോസ്റ്റണ്‍ ബാറിന് വടക്കുള്ള ബുത്രോയ്ഡ് ഇന്ത്യന്‍ ബാന്റ് സമൂഹവും സ്വന്തം പ്രദേശത്തുള്ളവരോട് ഉടന്‍ ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു.

ഒഴിപ്പിക്കപ്പെട്ട ബൂത്രോയ്ഡ് സ്വദേശിനി കരോളിന്‍ സാങ്കി തീപിടിത്തം മൂലമുണ്ടായ ദുരിതം വിവരിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വീടിന് ചുറ്റും കനത്ത ചാരവര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് കുടുംബം അത്യാവശ്യ സാധനങ്ങളുമായി പ്രദേശം വിടുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. 2023-ലെ കൂകിപി ക്രീക്ക് കാട്ടുതീയുടെ ഭീതിജനകമായ അനുഭവം വീണ്ടും ആവര്‍ത്തിക്കുകയാണെന്ന ആശങ്കയും അവര്‍ പങ്കുവച്ചു.

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള ശക്തമായ കാറ്റാണ് തീ അതിവേഗം പടരാന്‍ കാരണമായതെന്നാണ് കരുതുന്നത്. രാത്രിയിലും തീ വന്‍തോതില്‍ വ്യാപിച്ചെങ്കിലും അതിന്റെ പ്രധാന വ്യാപനം നോര്‍ത്ത് ബെന്‍ഡില്‍ നിന്ന് വടക്കോട്ടായിരുന്നു.

ശക്തമായ കാറ്റ് മൂലം പ്രധാന തീപിടിത്തത്തില്‍ നിന്ന് വേര്‍പെട്ട് പുതിയ സ്ഥലങ്ങളിലും തീ പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. സമീപ പ്രദേശങ്ങളിലെ വീടുകള്‍ സംരക്ഷിക്കുന്നതിനും പുതിയ തീപിടിത്തങ്ങള്‍ നിയന്ത്രണവിധേയമാക്കുന്നതിനുമാണ് അഗ്നിശമന സേന ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

കുത്തനെയുള്ള ഭൂപ്രകൃതിയും പുകമൂലമുള്ള കാഴ്ചക്കുറവും കാരണം വിമാനങ്ങളുടെ പ്രവര്‍ത്തനം പരിമിതമാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അഗ്നിശമനസേനയെയും വിമാനസഹായവും ഉള്‍പ്പെടുത്തി പ്രത്യേക ദുരന്തനിവാരണ സംഘത്തെ വിന്യസിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.

ഡ്രൈവ് ബി സിയുടെ അറിയിപ്പ് പ്രകാരം ഹൈവേ 1 ഗതാഗതത്തിന് തുറന്നിട്ടുണ്ട്. എന്നാല്‍ ബോസ്റ്റണ്‍ ബാര്‍ സ്റ്റേഷന്‍ റോഡിനും 4 ബാരല്‍ റോഡിനും ഇടയിലുള്ള ചോമോക്‌സ് റോഡ് അടച്ചിരിക്കുകയാണ്.

കാട്ടുതീയില്‍ നിന്നുള്ള കനത്ത പുക മെറിറ്റ്, ഹോപ് തുടങ്ങിയ പ്രദേശങ്ങളിലും ദൃശ്യമായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നോര്‍ത്ത് ബെന്‍ഡ്, ബോസ്റ്റണ്‍ ബാര്‍, ലിട്ടണ്‍ എന്നിവ ഉള്‍പ്പെടുന്ന തെക്കന്‍ ഫ്രേസര്‍ കാന്യണ്‍ മേഖലയില്‍ വായു മലിനീകരണ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.