ലെബനനിലെ ക്രൈസ്തവ ഗ്രാമങ്ങള്‍ ഇസ്രയേലില്‍ ലയിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് നെതന്യാഹു; ആരോപണം തള്ളി ഗ്രാമ മേയര്‍

ലെബനനിലെ ക്രൈസ്തവ ഗ്രാമങ്ങള്‍ ഇസ്രയേലില്‍ ലയിക്കാന്‍ ആവശ്യപ്പെട്ടുവെന്ന് നെതന്യാഹു; ആരോപണം തള്ളി ഗ്രാമ മേയര്‍


ജറുസലേം: ബെഞ്ചമിന്‍ നെതന്യാഹു ലെബനനിലെ സൈനിക നടപടികളെ ന്യായീകരിച്ചുകൊണ്ട് നടത്തിയ പരാമര്‍ശം പുതിയ വിവാദത്തിന് വഴിവെച്ചു. തെക്കന്‍ ലെബനനിലെ ചില ക്രൈസ്തവ ഗ്രാമങ്ങള്‍ ഇസ്രായേലില്‍ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നാണ് നെതന്യാഹു അവകാശപ്പെട്ടത്. എന്നാല്‍ ഈ ആരോപണം ലെബനനിലെ ഒരു ക്രൈസ്തവ ഗ്രാമത്തിന്റെ മേയര്‍ നിഷേധിച്ചു.

അമേരിക്കന്‍ മാധ്യമമായ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് നെതന്യാഹു ഈ അവകാശവാദം ഉന്നയിച്ചത്. ഹിസ്ബുള്ളയില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് ചില ക്രൈസ്തവ ഗ്രാമങ്ങള്‍ ഇസ്രയേലില്‍ ലയിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും ലോകമെമ്പാടുമുള്ള ക്രൈസ്തവരെ സംരക്ഷിക്കുന്ന സമീപനമാണ് ഇസ്രയേലിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഏത് ഗ്രാമങ്ങളാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചതെന്ന് നെതന്യാഹു വ്യക്തമാക്കിയില്ല.

അതേസമയം, തെക്കന്‍ ലെബനനിലെ റമെയിഷ് ഗ്രാമത്തിന്റെ മേയറായ ഹന്ന അല്‍ അമില്‍ ഈ അവകാശവാദം പൂര്‍ണമായും തള്ളി. രണ്ടുദിവസം മുമ്പ് 15 ക്രൈസ്തവ ഗ്രാമങ്ങള്‍ സംയുക്ത പ്രസ്താവനയിലൂടെ ഇത്തരമൊരു പ്രചാരണം നിഷേധിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ലെബനന്റെ ദേശീയ പരമാധികാരത്തോടും ദേശീയ പതാകയോടുമുള്ള വിശ്വസ്തത ആവര്‍ത്തിച്ച് പ്രഖ്യാപിച്ച ഗ്രാമവാസികള്‍ സ്വന്തം ഭൂമി വിട്ടുപോകില്ലെന്നും ഇസ്രയേലില്‍ ലയിക്കുമെന്ന ആശയം പോലും പരിഗണിക്കാനാകില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും നെതന്യാഹുവും അടുത്തയാഴ്ച വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇരുനേതാക്കളും തമ്മില്‍ സമീപകാലത്ത് ചില അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നത്.