ന്യൂഡല്‍ഹി:: 2026ലെ ഗ്ലോബല്‍ പാസ്പോര്‍ട്ട് ഇന്‍ഡക്‌സ് പുറത്തുവന്നു. യൂറോപ്യന്‍ രാജ്യങ്ങള്‍ വീണ്ടും പട്ടികയില്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ സ്വീഡന്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുള്ള രാജ്യമായി ഒന്നാം സ്ഥാനത്തെത്തി. ലോകത്തിലെ ഏറ്റവും ശക്തമായ ആദ്യ പത്ത് പാസ്പോര്‍ട്ടുകളില്‍ ഒമ്പതും യൂറോപ്യന്‍ രാജ്യങ്ങളുടേതാണ്.
റെസിഡന്‍സി, പൗരത്വ ഉപദേശ സ്ഥാപനമായ ഗ്ലോബല്‍ സിറ്റിസണ്‍ സൊല്യൂഷന്‍സ് (ജി സി എസ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരു സ്ഥാനം പിറകോട്ടേക്കു പോയി. പട്ടികിയലെ 197 രാജ്യങ്ങളില്‍ 125-ാം സ്ഥാനമാണ് ഇന്ത്യയുടേത്.
പരമ്പരാഗത പാസ്പോര്‍ട്ട് റാങ്കിങ്ങുകളില്‍ നിന്ന് വ്യത്യസ്തമായി ഈ സൂചിക വിസയില്ലാത്ത യാത്രാ സൗകര്യം മാത്രമല്ല, യാത്രാസൗകര്യം (50 ശതമാനം), നിക്ഷേപ സാധ്യത (25 ശതമാനം), ജീവിതനിലവാരം (25 ശതമാനം) എന്നീ മൂന്ന് പ്രധാന മാനദണ്ഡങ്ങളും 14 വ്യത്യസ്ത സൂചികകളും അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.
റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് 26 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം. ഭൂട്ടാന്‍, നേപ്പാള്‍, ജമൈക്ക, തുണീഷ്യ, അംഗോള, ബാര്‍ബഡോസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
അതേസമയം യു എസ്, യു കെ, ജര്‍മി, ഫ്രാന്‍സ്, ചൈന, യു എ ഇ തുടങ്ങിയ 88ഓളം രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇപ്പോഴും മുന്‍കൂര്‍ വിസ ആവശ്യമാണ്.
പട്ടികയില്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളുടെ സ്ഥാനം ഇങ്ങനെയാണ്: ചൈന- 104, മാലിദ്വീപ്- 107, ഭൂട്ടാന്‍- 132, ശ്രീലങ്ക- 141, നേപ്പാള്‍- 164, പാകിസ്ഥാന്‍- 188, അഫ്ഗാനിസ്ഥാന്‍- 197.
ലോകത്തിലെ ഏറ്റവും ശക്തമായ 10 പാസ്പോര്‍ട്ടുകള്‍ സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ്, ഫിന്‍ലാന്റ്, ജര്‍മനി, നെതര്‍ലാന്റ്‌സ്, ഡെന്‍മാര്‍ക്ക്, അയര്‍ലാന്റ്, യു കെ, നോര്‍വേ, സിംഗപ്പൂര്‍.
ലോകത്തിലെ ഏറ്റവും ദുര്‍ബലമായ 10 പാസ്പോര്‍ട്ടുകള്‍ സുഡാന്‍, റിപ്പബ്ലിക്ക് ഓഫ് കോംഗോ, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക്, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, എരിത്രിയ, സിറിയ, യമന്‍, സൗത്ത് സുഡാന്‍, സോമാലിയ, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളുടേതാണ്.
റിപ്പോര്‍ട്ട് പ്രകാരം, ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് യാത്രാസൗകര്യത്തിന്റെ സൂചിക മാത്രമല്ല, ആ രാജ്യത്തിന്റെ സാമ്പത്തിക സാധ്യത, ജീവിതനിലവാരം, ആഗോള അവസരങ്ങള്‍ എന്നിവയും പ്രതിഫലിപ്പിക്കുന്ന പ്രധാന മാനദണ്ഡമായി മാറിക്കൊണ്ടിരിക്കുകയാണ്.
