സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ ഫ്‌ളോറിഡയില്‍ വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കിടെ ഫ്‌ളോറിഡയില്‍ വെടിവെയ്പ്; ഒരാള്‍ കൊല്ലപ്പെട്ടു


ഫ്‌ളോറിഡ: പെന്‍സകോള നഗരത്തില്‍ സ്വാതന്ത്ര്യദിനമായ ജൂലൈ 4-ന്റെ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ വെടിവെയ്പില്‍ 19-കാരന്‍ കൊല്ലപ്പെടുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പ്രാദേശിക സമയം പുലര്‍ച്ചെ 1.30ഓടെ പാലഫോക്‌സ് സ്ട്രീറ്റ്-ഇന്‍ഡെന്‍സിയ സ്ട്രീറ്റ് ജംഗ്ഷനു സമീപം വെടിക്കെട്ട് പ്രദര്‍ശനം നടക്കുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. 'ടീന്‍ ടേക്ക്ഓവര്‍' എന്ന പേരില്‍ നിരവധി കൗമാരക്കാരും യുവാക്കളും ഇവിടെ ഒത്തുകൂടിയിരുന്നു. വെടിക്കെട്ട് അവസാനിച്ചതിന് പിന്നാലെ നൂറുകണക്കിന് യുവാക്കള്‍ നഗരമധ്യത്തില്‍ സംഘര്‍ഷമുണ്ടാവുകയും സ്‌ഫോടക വസ്തുക്കള്‍ എറിയുകയും വെടിവെയ്പിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

വെടിയേറ്റ 19-കാരനെ സി പി ആര്‍ നല്‍കി രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിച്ചു. 16 മുതല്‍ 26 വയസ്സ് വരെയുള്ള ആറുപേര്‍ ചികിത്സയിലാണ്. ഇവരുടെ ജീവന് നിലവില്‍ ഭീഷണിയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

സ്വാതന്ത്ര്യദിന ആഘോഷവുമായി ബന്ധപ്പെട്ട് പ്രശ്‌നസാധ്യത കണക്കിലെടുത്ത് നഗരമധ്യത്തില്‍ സാധാരണയേക്കാള്‍ മൂന്നിരട്ടി പൊലീസ് സന്നാഹം ഒരുക്കിയിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അമ്പതിലധികം പൊലീസ് ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിച്ചിരുന്നിട്ടും ഇത്തരം സംഭവം നടന്നത് ആശങ്കാജനകമാണെന്ന് പൊലീസ് മേധാവി പറഞ്ഞു.

വെടിവെപ്പിന് മുമ്പ് യുവാക്കളുടെ പെരുമാറ്റം 'ഭയപ്പെടുത്തുന്നതായിരുന്നു' എന്നും സംഭവസ്ഥലത്ത് പൊതു സമാധാനലംഘനത്തിന്റെ പേരില്‍ നിരവധി പേരെ അറസ്റ്റ് ചെയ്‌തെങ്കിലും കൊലപാതകക്കുറ്റം ഇതുവരെ ആരുടെയും മേല്‍ ചുമത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആക്രമണം ഒരാളാണോ ഒന്നിലധികം പേരാണോ നടത്തിയതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. പ്രതികളെയോ പ്രതികളെയോ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായവും പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.