ഗുകേഷ് 'ദുര്‍ബലരായ കളിക്കാരില്‍ ഒരാളെ'ന്ന ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സന്റെ പരിഹാസത്തിന് ദിവസങ്ങളുടെ ആയുസ് മാത്രം. കളിയാക്കലുകള്‍ക്ക് ചെസ് ബോര്‍ഡില്‍ മറുപടി നല്‍കി ഇന്ത്യന്‍ താരം ഡി ഗുകേഷ്. ക്രൊയേഷ്യയിലെ സാഗ്രെബില്‍ നടന്ന ഗ്രാന്‍ഡ് ചെസ് ടൂറിന്റെ സൂപ്പര്‍ യുണൈറ്റഡ് റാപ്പിഡിന്റെ ആറാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സനെ ഒരിക്കല്‍ കൂടി നിലവിലെ ലോക ചാമ്പ്യന്‍ പരാജയപ്പെടുത്തി. കാള്‍സണെതിരായ ഗുകേഷിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ വിജയമാണിത്.
ആറ് കളികളില്‍ നിന്ന് 10 പോയിന്റുമായി ഗുകേഷ് ഒന്നാം സ്ഥാനത്താണ്. കറുത്ത കരുക്കളുമായി കളിച്ച 18 കാരന്‍ തികച്ചും ആധിപത്യം പുലര്‍ത്തിയ വിജയമാണ് നേടിയത്. ഇത്തവണ നോര്‍വേ ചെസില്‍ കണ്ടതുപോലെ രോഷാകുലനായി മേശയെ തൊഴിക്കാന്‍ കാള്‍സണ്‍ മുതിര്‍ന്നില്ല. ഒരിക്കല്‍ക്കൂടി നിലവിലെ ലോക ചാമ്പ്യനുമുന്നില്‍ തോല്‍വി സമ്മതിച്ച് മടങ്ങി.
'ഇനി നമുക്ക് മാഗ്‌നസിന്റെ ആധിപത്യത്തെ ചോദ്യം ചെയ്യാം, ഇത് വെറുമൊരു തോല്‍വിയല്ല. ഇത് ബോധ്യപ്പെടുത്താവുന്ന ഒന്നാണ്. ഗുകേഷ് പിഴവുകള്‍ മുതലെടുക്കുക മാത്രമല്ല ചെയ്തത് - അദ്ദേഹം നന്നായി കളിച്ചു,' ഗെയിം അവസാനിച്ചപ്പോള്‍ ഗാരി കാസ്പറോവ് കമന്ററിയില്‍ പറഞ്ഞു
