ബംഗ്ലാദേശില്‍ താലിബാന്‍ മാതൃകയില്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് ജമാ അത്ത് ചാര്‍ മൊനായ്

ബംഗ്ലാദേശില്‍ താലിബാന്‍ മാതൃകയില്‍ ശരീഅത്ത് നിയമം നടപ്പാക്കുമെന്ന് ജമാ അത്ത് ചാര്‍ മൊനായ്


ധാക്ക: ബംഗ്ലാദേശില്‍ ശരീ-അത്ത് നിയമം നടപ്പാക്കുമെന്ന് തീവ്ര ഇസ്‌ലാമിക സംഘടനയായ ജമാ അത്ത് ചാര്‍ മൊനായ്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ നടപ്പാക്കിയ ശരിയത്ത് നിയമത്തിന്റെ മാതൃകയാണ് പിന്തുടരുകയെന്ന് ചാര്‍ മൊനായ് പീര്‍ തലവന്‍ സയീദ് മുഹമ്മദ് ഫൈസുല്‍ കരീം പറഞ്ഞു. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബംഗ്ലാദേശി പത്രപ്രവര്‍ത്തകന്‍ ഖല്‍ദ് മുഹിയുദ്ദീനുമായുള്ള അഭിമുഖത്തിലാണ് പ്രസ്താവന.

ഇറാന്റെ തത്ത്വചിന്തയ്‌ക്കൊപ്പം, താലിബാന്‍ മോഡല്‍ ഭരണസംവിധാനമാണ് ഇസ്‌ലാമിക് മൂവ്‌മെന്റ്  ബംഗ്ലാദേശില്‍ നടപ്പാക്കുക. ഞങ്ങള്‍ കൊണ്ടുവരുന്ന ശരിയത്ത് നിയമത്തില്‍ ഹിന്ദുക്കള്‍ക്കും അവകാശങ്ങള്‍ ലഭിക്കുമെന്ന 'വമ്പന്‍' പ്രഖ്യാപനവും മുഫ്തി സയീദ് മുഹമ്മദ് നടത്തി.

മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ മതമൗലികവാദത്തെ പാലൂട്ടി വളര്‍ത്തുകയാണെന്ന് അവാമി ലീഗ് ആരോപിച്ചു. ബംഗ്ലദേശിനെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള പരസ്യ ഭീഷണിയാണിതെന്നും അവാമി ലീഗ് നേതാക്കള്‍ പറഞ്ഞു.

താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ വിലക്കുണ്ട്. ആറാം ക്ലാസ് വരെയാണ് പെണ്‍കുട്ടികള്‍ക്ക് പഠനത്തിനുള്ള അനുമതി. ജോലിക്ക് പോകാനോ സ്വന്തമായി ബിസിനസ് നടത്താനോ അനുവാദമില്ല. എന്തിന് ഉച്ചത്തില്‍ ഖുറാന്‍ വായിക്കാന്‍ പോലും വിലക്കുണ്ട്. ബംഗ്ലാദേശിലും ഇതേ പാതയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമമാണ് ഇസ്‌ലാമിക് മൂവ്‌മെന്റും ഇടക്കാല സര്‍ക്കാരും നടത്തുന്നതെന്ന് വ്യക്തം.

അവാമി ലീഗ് കഴിഞ്ഞ ദിവസം മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ജൂണ്‍ മാസം മാത്രം 63 ബലാല്‍സംഗങ്ങള്‍ ബംഗ്ലദേശിലുണ്ടായെന്നും ഇതില്‍ 17 എണ്ണം കൂട്ടബലാല്‍സംഗങ്ങളാണെന്നും അതിജീവിതമാരില്‍ ഏഴു സ്ത്രീകള്‍ ശാരീരികമായ വെല്ലുവിളികള്‍ നേരിടുന്നവരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.