ലോസ്ഏഞ്ചലസ്: മെക്‌സിക്കന്‍ ബോക്‌സര്‍ ജൂലിയോ സീസര്‍ ഷാവേസ് ജൂനിയറെ യു എസ് ഇമിഗ്രേഷന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. അനധികൃതമായി അമേരിക്കയില്‍ താമസിച്ചു എന്ന കുറ്റത്തിനാണ് അറസ്റ്റ്.
ലോസ് ഏഞ്ചലസിലെ താമസ സ്ഥലത്തു നിന്നാണ് ജൂലിയോ സീസര്‍ ഷാവേസിനെ അറസ്റ്റ് ചെയ്തത്. ഷാവേസിനെ മാതൃരാജ്യമായ മെക്‌സിക്കോയിലേയ്ക്ക് നാടുകടത്താനുള്ള നിയമ നടപടികളാണ് പുരോഗമിക്കുന്നത്.
മെക്‌സിക്കോയിലെ പ്രധാനപ്പെട്ട ലഹരി, കുറ്റകൃത്യ ശൃംഖലയായ സിനലാവോ കാര്‍ട്ടലുമായി ഷാവേസിന് ബന്ധമുണ്ടെന്നാണ് യു എസിന്റെ കണ്ടെത്തല്‍. മെക്‌സിക്കോയില്‍ ഷാവേസിനെതിരെ ആയുധക്കടത്ത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. യു എസില്‍ നിന്നും നാടുകടത്തിയാല്‍ ഷാവേസിനെ മെക്‌സിക്കന്‍ പൊലീസ് അറസ്റ്റ് ചെയ്യും.
ഷാവേസിന്റെ ഭാര്യ ഫ്രിഡ മുനോസ് ഷാവേസ് സിനലാവോ കാര്‍ട്ടലിന്റെ നേതാവായിരുന്ന ജോക്വിന്‍ ഗുസ്മാന്റെ മകന്‍ എഡ്ഗര്‍ ഗുസ്മാന്റെ മുന്‍ ഭാര്യയായിരുന്നു. 2008ലാണ് എഡ്ഗര്‍ ഗുസ്മാന്‍ കൊല്ലപ്പെട്ടത്.
ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്ത് ടൂറിസ്റ്റ് വിസയിലാണ് ഷാവേസ് അമേരിക്കയില്‍ എത്തിയത്. 2024 ഫെബ്രുവരി മാസത്തില്‍ വിസ കാലാവധി അവസാനിച്ചു. എന്നാല്‍ പിന്നീട് അനധികൃതമായി അഗദ്ദേഹം യു എസില്‍ തുടരുകയായിരുന്നു. ഷാവേസ് പെര്‍മെനന്റ് റസിഡന്‍സിക്ക് നല്‍കിയ അപേക്ഷയില്‍ വ്യാജവിവരങ്ങള്‍ ഉണ്ടെന്ന് ഇമിഗ്രേഷന്‍ വകുപ്പ് കണ്ടെത്തിയതിനു പിന്നാലെയാണ് അറസ്റ്റ് ചെയ്തത്.