മാഞ്ചസ്റ്റര്‍: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കേരളത്തില്‍ തുടരുന്ന ബ്രിട്ടീഷ് യുദ്ധ വിമാനം എഫ് 35 ബിക്ക് വീണ്ടും വീണ്ടും ട്രോള്‍. കേരള ടൂറിസം തുടങ്ങിയ ട്രോളാണ് കടലുകള്‍ കടന്ന് മാഞ്ചസ്റ്ററിലും ട്രോളായത്.
കേരള ടൂറിസത്തിന് പിറകെ മില്‍മയും പിന്നാലെ കേരള പൊലീസും യുദ്ധ വിമാനത്തെ തങ്ങളുടെ പരസ്യ ടൂളാക്കിയിരുന്നു. ഇപ്പോഴത് എഫ് 35 ബിയുടെ സ്വന്തം നാട്ടില്‍ നിന്നുതന്നെയുള്ള ട്രോളായാണ് പുറത്തുവന്നിരിക്കുന്നത്.
യു കെയിലെ മലയാളി റസ്‌റ്റോറന്റായ കേരള കറി ഹൗസാണ് പുതിയ ട്രോള്‍ പരസ്യവുമായി കടന്നുവന്നിരിക്കുന്നത്.
കേരളത്തിന്റെ രുചി വിളമ്പുന്ന കേരള കറി ഹൗസാണ് പരസ്യത്തിനു പിന്നില്‍. 'മകനെ മടങ്ങി വരൂ... കേരളത്തിന്റെ രുചി കേരള കറി ഹൗസ് മാഞ്ചസ്റ്ററില്‍ വിളമ്പുമ്പോള്‍ നീ എന്തിനവിടെ തന്നെ നില്‍ക്കുന്നു'' എന്നാണ് കേരള കറി ഹൗസ് പരസ്യം നല്‍കിയത്. വാര്‍ത്ത പോലെയാണ് പരസ്യം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിന്റെ വൈബിനായി കൊതിക്കുന്നവര്‍ ഇതൊരു തമാശയായി എടുക്കണമെന്ന അടിക്കുറിപ്പും കൊടുത്തിട്ടുണ്ട്.
'കേരളം അതിമനോഹരം, ഇവിടം വിട്ടുപോകാന്‍ തോന്നുന്നില്ല! തീര്‍ച്ചയായും ഈ നാടിനെ ശുപാര്‍ശ ചെയ്യുന്നു'' എന്നാണ് കേരള ടൂറിസം വകുപ്പ് പുറത്തിറക്കിയ യുദ്ധ വിമാന പരസ്യം. പിന്നാലെ 'അല്ലെങ്കിലും ഒരു കൂള്‍ ബ്രേക്ക് ആരാ ആഗ്രഹിക്കാത്തത്, എന്‍'ജോയ്'' എന്ന് മില്‍മയും 'സുരക്ഷയാണ് സാറെ ഇവിടുത്തെ മെയിന്‍' എന്ന് കേരള പൊലീസും പരസ്യം പുറത്തിറക്കി.