നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ അറസ്റ്റുചെയ്യുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി

നെതന്യാഹു കാനഡയില്‍ പ്രവേശിച്ചാല്‍ അറസ്റ്റുചെയ്യുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി


ഒട്ടാവ :  ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റം ആരോപിച്ച് രാജ്യാന്തര ക്രിമിനല്‍ കോടതി പ്രഖ്യാപിച്ച അറസ്റ്റ് വാറണ്ട് നടപ്പിലാക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡയില്‍ പ്രവേശിച്ചാല്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മാര്‍ക്ക് കാര്‍ണി പറഞ്ഞു. 

സാമ്പത്തിക പ്രസിദ്ധീകരണമായ ബ്ലൂംബെര്‍ഗിന് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ണി ഇക്കാര്യം വ്യക്തമാക്കിയത്. യുദ്ധക്കുറ്റക്കേസുകളില്‍ നെതന്യാഹുവിനെ തടങ്കലില്‍ വയ്ക്കാനുള്ള മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പ്രതിജ്ഞ പാലിക്കുമോ എന്ന ചോദ്യത്തിന് അതെ എന്നാണ് കാര്‍ണി ഉത്തരം നല്‍കിയത്. 

2024 നവംബറിലാണ് ബെഞ്ചമിന്‍ നെതന്യാഹുവിനും യോവ് ഗാലന്റിനും എതിരെ രാജ്യാന്തര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇസ്രയേലും ഹമാസുമായുള്ള യുദ്ധത്തിലെ യുദ്ധകുറ്റങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും പേരിലായിരുന്നു വാറണ്ട്. ഇവര്‍ക്ക് ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തമുണ്ടെന്നും അതു വ്യക്തമാക്കുന്ന സാഹചര്യങ്ങളുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. നെതന്യാഹുവിനും മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെയുള്ള അറസ്റ്റ് വാറണ്ടിനെതിരെ അപ്പീല്‍ നല്‍കാനുള്ള ഇസ്രായേലിന്റെ ശ്രമം രാജ്യാന്തര ക്രിമിനല്‍ കോടതി കഴിഞ്ഞ ആഴ്ച നിരസിച്ചിരുന്നു. 
നെതന്യാഹു ന്യൂയോര്‍ക്ക് നഗരത്തില്‍ പ്രവേശിച്ചാല്‍ അറസ്റ്റുചെയ്യുമെന്ന് ഡെമോക്രാറ്റ് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംമ്ദാനി ആവര്‍ത്തിച്ച് പറഞ്ഞത് വിവാദമായിരുന്നു.