തെരഞ്ഞെടുപ്പിനുമുമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍വീസ് ക്ഷേമ പെന്‍ഷന്‍കരുടേയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നീക്കം

തെരഞ്ഞെടുപ്പിനുമുമ്പ് സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍വീസ് ക്ഷേമ പെന്‍ഷന്‍കരുടേയും ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നീക്കം


തിരുവനന്തപുരം : ആഴ്ചകള്‍ക്കകം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലേക്കു പോകാനൊരുങ്ങുകയാണ് കേരളം. ഭരണ പ്രതിപക്ഷങ്ങള്‍ അരയും തലയും മുറുക്കി അങ്കത്തട്ടിലിറങ്ങാന്‍ മുഴുവന്‍ ശക്തിയും സമാഹരിക്കാനാരംഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു തയ്യാറെടുപ്പുകളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജീവനനക്കാരെയും സര്‍വീസ് ക്ഷേമ പെന്‍ഷന്‍ കാരെയും മറ്റു സേവന ഗ്രൂപ്പുകളെയും സന്തോഷിപ്പിച്ച് കൂടെനിര്‍ത്താനുള്ള അണിയറനീക്കങ്ങളിലാണ് ഭരണ നേതൃത്വം. ഈ വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. 
ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണം, ക്ഷേമ പെന്‍ഷന്‍ വര്‍ധന, ഡിഎ കുടിശികയുടെ ഒരു പങ്ക്, ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം വര്‍ധന തുടങ്ങിയവ നവംബര്‍ ഒന്നിനു മുഖ്യമന്ത്രി നടത്തുന്ന പ്രഖ്യാപനങ്ങളില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

നവംബര്‍ രണ്ടാം വരത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാന്‍ 6 മാസത്തോളം മാത്രമാണ് ശേഷിക്കുന്നത്. എന്നിട്ടും ശമ്പളപരിഷ്‌കരണ കമ്മിഷനെ പ്രഖ്യാപിക്കാത്തതിന്റെ പേരില്‍ ഭരണപക്ഷ സര്‍വീസ് സംഘടനകള്‍ക്കിടയില്‍ വലിയ മുറുമുറുപ്പ് ഉയരുന്നുണ്ട്. ഇതേ കാരണം ചൂണ്ടിക്കാട്ടി പ്രതിപക്ഷ സംഘടനകള്‍ തുടര്‍ച്ചയായ സമരങ്ങളും നടത്തിവരികയാണ്. വരുംദിവസങ്ങളില്‍ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം വര്‍ദ്ധിപ്പിക്കാനുള്ള അണിയറനീക്കങ്ങള്‍ സജീവമാണ്. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാരെയും പെന്‍ഷന്‍കാരെയും ചേര്‍ത്തുനിര്‍ത്തുന്നതിനുള്ള ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ടുവരാനൊരുങ്ങുന്നത്. 

പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങള്‍

 12-ാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ നിയമനം. അതിവേഗം റിപ്പോര്‍ട്ട് വാങ്ങി ഈ സര്‍ക്കാരിന്റെ കാലത്തു തന്നെ നടപ്പാക്കിയേക്കാം.
 1600 രൂപ ക്ഷേമ പെന്‍ഷന്‍ 2000 രൂപ വരെയാക്കാന്‍ സാധ്യത. നിലവിലെ ഒരു മാസത്തെ കുടിശികയും നല്‍കും.
 ജീവനക്കാര്‍ക്കു 17% ഡിഎ കുടിശികയാണ്. ഇതില്‍ 2023 ജനുവരിയില്‍ പ്രഖ്യാപിക്കേണ്ടിയിരുന്ന 4% അനുവദിച്ചേക്കാം. എന്നാല്‍ ഇതുവരെയുള്ള കുടിശികത്തുക പ്രതീക്ഷിക്കേണ്ട.
ഭിന്നശേഷി സംവരണ വ്യവസ്ഥകള്‍ മൂലമുള്ള എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമന പ്രതിസന്ധി പരിഹരിക്കാനുള്ള പ്രഖ്യാപനവും പ്രതീക്ഷിക്കാം.
ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ജീവനക്കാരുടെ കഴിഞ്ഞ ശമ്പള പരിഷ്‌കരണത്തിന്റെ കുടിശികയില്‍ 2 ഗഡുക്കള്‍ ബാക്കിയാണ്. ഇതു പ്രോവിഡന്റ് ഫണ്ടില്‍ ലയിപ്പിക്കുന്ന തീയതി പ്രഖ്യാപിച്ചേക്കും.
 പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്നു കഴിഞ്ഞ 2 ബജറ്റുകളില്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പാക്കിയില്ല. പകരം, ശമ്പളത്തിന്റെ പകുതിയെങ്കിലും പെന്‍ഷന്‍ ലഭിക്കുന്ന അഷ്വേഡ് പെന്‍ഷന്‍ പദ്ധതി കൊണ്ടുവരുമെന്ന പ്രഖ്യാപനം ആവര്‍ത്തിക്കാനാണ് സാധ്യത.