ടെൽ അവീവ്: രൂക്ഷമായ ആഭ്യന്തര എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും 2026 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇസ്രയേലിലെ ഒരു ചാനല്‍ അഭിമുഖത്തിനിടയിലാണ് നെതന്യാഹു ഭാവി നയം വ്യക്തമാക്കിത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മത്സരിക്കും എന്നാണ് ബെഞ്ചമിന്‍ നെതന്യാഹു മറുപടി നല്‍കിയത്.
2022ലെ അവസാന ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വലതുപക്ഷ ലിക്കുഡ് പാര്‍ട്ടി 32 സീറ്റുകള്‍ നേടിയിരുന്നു. 120 സീറ്റുകളുള്ള ഇസ്രയേലി പാര്‍ലമെന്റിലെ 64 അംഗങ്ങളുടെ പിന്തുണയോടെയാണ് അദ്ദേഹം അധികാരത്തിലെത്തിയത്. ഡിസംബറിലാണ് നെതന്യാഹു സത്യപ്രതിജ്ഞ ചെയ്ത് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയത്.
അന്നുമുതല്‍ തീവ്ര വലതുപക്ഷ സഖ്യ സര്‍ക്കാരിനെ അദ്ദേഹം നയിക്കുന്നു. അടുത്ത വര്‍ഷം ഇസ്രയേലില്‍ നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അതില്‍ വിജയിക്കുമെന്നും മാധ്യമങ്ങളോട് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
അടുത്ത ആഴ്ച പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് 76 വയസ് തികയും. ഇസ്രയേല്‍ എന്ന രാജ്യം നിര്‍മിച്ചതിനുശേഷം ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനം കൈകാര്യം ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് നെതന്യാഹു. 1996 മുതല്‍ 1999 വരെയും വീണ്ടും 2009 മുതല്‍ 2021 വരെയും ഇസ്രയേലിന്റെ പ്രധാനമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചട്ടുണ്ട്. യെയര്‍ ലാപിഡിന്റെയും നഫ്താലി ബെന്നറ്റിന്റെയും നേതൃത്വത്തിലുള്ള ഒരു മധ്യവര്‍ഗ സഖ്യം അധികാരമേറ്റപ്പോള്‍ 2021 ജൂണില്‍ അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കി.
റാഫ അതിര്‍ത്തി ക്രോസിങ് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുറക്കില്ല
ഈജിപ്തിനും ഗാസ മുനമ്പിനും ഇടയിലുള്ള റാഫ അതിര്‍ത്തി ക്രോസിങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. മരിച്ച ബന്ദികളെ തിരികെ കൊണ്ടുവരുന്നതിലും മറ്റ് നിബന്ധനകളിലും ഹമാസ് എങ്ങനെ പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഇത് തുറക്കുന്ന കാര്യം പരിഗണിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവനയില്‍ പറഞ്ഞു. ഈജിപ്തില്‍ താമസിക്കുന്ന പലസ്തീനികളെ ഗാസയിലേക്ക് മടങ്ങാന്‍ അനുവദിക്കുന്നതിനായി റാഫ അതിര്‍ത്തി ക്രോസിങ് തിങ്കളാഴ്ട വീണ്ടും തുറക്കുമെന്ന് കെയ്‌റോയിലെ പലസ്തീന്‍ എംബസി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ബന്ദിയുടെ മൃതദേഹം ലഭിച്ചു
ഇന്ന് (ഒക്‌ടോബര്‍ 19) പുലര്‍ച്ചെ, ഗാസയില്‍ കൊല്ലപ്പെട്ട പത്താമത്തെ ഇസ്രയേലി ബന്ദിയുടെ മൃതദേഹം ലഭിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു. അതേസമയം മറ്റ് 20 ബന്ദികള്‍ ജീവിച്ചിരിപ്പുണ്ടെന്നും സേന വ്യക്തമാക്കി. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ ഒക്ടോബര്‍ പത്തിനാണ് വെടിനിര്‍ത്തല്‍ ആരംഭിച്ചത്.
ആദ്യ ഘട്ടത്തില്‍ തടവുകാരുടെ കൈമാറ്റം, ഗാസയിലേക്ക് മാനുഷിക സഹായം നല്‍കല്‍, ഇസ്രയേല്‍ സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുക എന്നിവയും ഉള്‍പ്പെടന്നു. കരാര്‍ പ്രകാരം, കൊല്ലപ്പെട്ട 18 ഇസ്രായേലി ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി തിരികെ നല്‍കാന്‍ ഹമാസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്രയേല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു
