ലൂവ്രെ മ്യൂസിയത്തില്‍ കൊള്ള; പിന്നാലെ മ്യൂസിയം അടച്ചു

ലൂവ്രെ മ്യൂസിയത്തില്‍ കൊള്ള; പിന്നാലെ മ്യൂസിയം അടച്ചു


പാരീസ്: ലൂവ്രെ മ്യൂസിയത്തില്‍ ഞായറാഴ്ച പകല്‍ നടന്ന കൊള്ളയില്‍ അമൂല്യമായ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായി ഫ്രാന്‍സ് ആഭ്യന്തര മന്ത്രി അറിയിച്ചു. 

രാവിലെ ഒന്‍പതരയോടെയാണ് കവര്‍ച്ച നടന്നത്. ഫ്രഞ്ച് കിരീടത്തിലെ ആഭരണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശേഖരം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയത്തിന്റെ ഒന്നാം നിലയിലെ വിഭാഗമായ ഗാലറി ഡി അപ്പോളണിലേക്ക് മോഷ്ടാക്കള്‍ ഒരു ട്രക്കിലെ ലിഫ്റ്റ് സംവിധാനം ഉപയോഗിച്ചാണ് അതിക്രമിച്ചു കയറിയതെന്നാണ് ആഭ്യന്തര മന്ത്രി ലോറന്റ് നുനെസ് ഫ്രാന്‍സ് പറഞ്ഞത്.

മോഷ്ടാക്കള്‍ ഒരു ആംഗിള്‍ ഗ്രൈന്‍ഡര്‍ ഉപയോഗിച്ച് ഒരു ജനലും രണ്ട് ഡിസ്‌പ്ലേ കേസുകളും തകര്‍ത്താണ് ഏഴ് മിനിറ്റിനുള്ളില്‍ കൊള്ളയടിച്ച് രക്ഷപ്പെട്ടതെന്ന് നുനെസ് പറഞ്ഞു. എന്താണ് മോഷ്ടിക്കപ്പെട്ടതെന്ന് അദ്ദേഹം കൃത്യമായി വ്യക്തമാക്കിയില്ല. എന്നാല്‍ മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ക്ക് 'പാരമ്പര്യ'വും 'ചരിത്രപരമായ' മൂല്യവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതൊരു വലിയ കവര്‍ച്ചയാണെന്നും മൂന്നോ നാലോ മോഷ്ടാക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിശ്വസിക്കുന്നതെന്നും കവര്‍ച്ചക്കാര്‍ കൃത്യതയോടെയും വേഗത്തിലും പ്രവര്‍ത്തിച്ചതിനാല്‍ പരിചയസമ്പന്നരാണ് ഇതിനു പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.