ലിംപ് ബിസ്കിറ്റിൻ്റെ സ്ഥാപകാംഗം സാം റിവേഴ്സ് അന്തരിച്ചു

ലിംപ് ബിസ്കിറ്റിൻ്റെ സ്ഥാപകാംഗം സാം റിവേഴ്സ് അന്തരിച്ചു


ലോസ് ഏഞ്ചലസ്: ലോകപ്രശസ്ത ന്യു-മെറ്റല്‍ ബാന്‍ഡായ ലിംപ് ബിസ്‌കിറ്റിന്റെ സ്ഥാപക അംഗവും ബേസിസ്റ്റുമായ സാം റിവേഴ്‌സ് (48) അന്തരിച്ചു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ബാന്‍ഡ് ഔദ്യോഗികമായ വാര്‍ത്ത സ്ഥിരീകരിച്ചത്. 1990-കളുടെ അവസാനം മുതല്‍ 2000-കളിലെ തുടക്കത്തില്‍ വരെ റോക്ക് സംഗീതലോകത്ത് സ്വാധീനം ചെലുത്തിയ സംഘത്തിലെ 'ഹൃദയമിടിപ്പ്' നഷ്ടമായതോടെ ആരാധകരും സംഗീതലോകവും ദുഃഖത്തിലായി.

ആദ്യമായി ഒരുമിച്ച് സംഗീതം അവതരിപ്പിച്ച നിമിഷം മുതല്‍ സാം അതുല്യ പ്രകാശവും റിതമും കൊണ്ടുവന്നുവെന്നും അദ്ദേഹത്തിന്റെ കഴിവ് സ്വാഭാവികമായിരുന്നുവെന്നും സാന്നിധ്യം മറക്കാനാവാത്തതായിരുന്നുവെന്നും ഹൃദയം അത്രയും വലിയതായിരുന്നുവെന്നും ഗായകന്‍ ഫ്രെഡ് ഡസ്റ്റ്, ഡ്രമ്മര്‍ ജോണ്‍ ഓട്ടോ, ഗിറ്റാറിസ്റ്റ് വെസ് ബോര്‍ലാന്‍ഡ്, ടേണ്‍ടാബ്‌ലിസ്റ്റ് ഡി ജെ ലിതല്‍ എന്നിവര്‍ ഒപ്പുവെച്ച പ്രസ്താവനയില്‍ പറഞ്ഞു.

മരണകാരണം ബാന്‍ഡ് വ്യക്തമാക്കിയിട്ടില്ലെങ്കിലും റിവേഴ്‌സിന് ഗുരുതരമായ കരള്‍ രോഗമുണ്ടായിരുന്നതായും ആള്‍ട്ടര്‍നേറ്റീവ് നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങളായുള്ള അമിത മദ്യപാനത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് കരള്‍ രോഗം പിടിപെട്ടത്. 2017-ല്‍ അദ്ദേഹം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ശസ്ത്രക്രിയയ്ക്കുശേഷം അദ്ദേഹം പൂർണ്ണമായും സുഖം പ്രാപിക്കുകയും വീണ്ടും ലിംപ് ബിസ്‌കിറ്റില്‍ ചേരുകയും ചെയ്തു. 

ഫ്ലോറിഡയിലെ ജാക്‌സണ്‍വില്ലിലാണ് റിവേഴ്‌സ് ജനിച്ചത്. കൗമാരത്തില്‍ തന്നെ ബേസ് ഗിറ്റാര്‍ വായിക്കാന്‍ തുടങ്ങിയ അദ്ദേഹം, ഡ്രമ്മര്‍ ജോണ്‍ ഓട്ടോയുമായി സംഗീതബന്ധം സ്ഥാപിച്ചു. 1990-കളുടെ തുടക്കത്തില്‍ റെസ്റ്റോറന്റില്‍ ജോലി ചെയ്യുന്നതിനിടെ ഫ്രെഡ് ഡസ്റ്റിനെ പരിചയപ്പെട്ടതോടെയാണ് ലിംപ് ബിസ്‌കിറ്റ് രൂപം കൊണ്ടത്. പിന്നീട് വെസ് ബോര്‍ലാന്‍ഡ്, ഡി ജെ ലിതല്‍ എന്നിവര്‍ ചേര്‍ന്നതോടെ സംഘം ന്യു-മെറ്റല്‍ സംഗീതത്തിന്റെ പ്രതിനിധിയായി മാറി.

സിഗ്നിഫിക്കൻ്റ് അദർ, ചോക്കലേറ്റ് സ്റ്റാർ ഫിഷ് ആൻ്റ് ദി ഹോട്ട് ഡോഗ് ഫ്ലേവേർഡ് വാട്ടർ എന്നീ ആല്‍ബങ്ങള്‍ ആഗോള ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്ത് എത്തിയതോടെ ലിംപ് ബിസ്‌കിറ്റ് ലോകപ്രശസ്തനായി.