ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് സ്വര്‍ണവും സുപ്രധാന രേഖകളും പിടിച്ചെടുത്തു


തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘം സുപ്രധാന രേഖകളും ഹാര്‍ഡ് ഡിസ്‌കും സ്വര്‍ണവും പണവും പിടിച്ചെടുത്തു. എട്ട് മണിക്കൂറിലധികം നീണ്ട പരിശോധനയ്ക്കു പിന്നാലെയാണ് അന്വേഷണ സംഘത്തിന് ഇവ ലഭിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വസ്തുവകകളും രേഖകളും സംഘം പരിശോധിച്ചു. അതേസമയം പിടിച്ചെടുത്ത സ്വര്‍ണം തങ്ങള്‍ ഉപയോഗിക്കുന്ന സ്വര്‍ണാഭരണങ്ങളാണെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കുടുംബത്തിന്റെ വാദം.

ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണകൃഷ്ണന്‍ പോറ്റിയുടെ വീട്ടിലെത്തിയത്. പരിശോധനയ്ക്കു ശേഷം അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് മടങ്ങിയത്. പുളിമാത്ത് വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് വാര്‍ഡ് അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന.

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് നാലാം ദിവസവും തുടരുകയാണ്. തട്ടിപ്പിനു കൂട്ടുനിന്നു എന്നു കണ്ടെത്തിയ അന്നത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ മുരാരി ബാബുവിനെ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്ത ശേഷം ചെന്നൈ, ബം?ഗ?ളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ തെളിവെടുപ്പിനായി കൊണ്ടു പോകും.

ഉണ്ണികൃഷ്ണന്‍ പോറ്റി 2004 മുതല്‍ 2008വരെ ശബരിമല കീഴ്ശാന്തിയുടെ പരികര്‍മിയായിരുന്നെന്നും ശബരിമലയെ കുറിച്ച് കൃത്യമായ അറിവുള്ളയാളാണെന്നും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല ശ്രീകോവില്‍ മേല്‍ക്കൂരയിലും ചുറ്റുഭാഗത്തും 1998ല്‍ സ്വര്‍ണം പതിച്ചതായി അറിവുള്ളയാളെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

ദ്വാരപാലക ശില്‍പങ്ങളും പില്ലറുകളും പല സ്ഥലങ്ങളിലും പ്രദര്‍ശിപ്പിച്ച് ആചാരലംഘനം നടത്തുകയും തുടര്‍ന്ന് ശബരിമലയില്‍ എത്തിക്കുകയുമായിരുന്നു. ദുരുപയോഗം ചെയ്ത സ്വര്‍ണത്തിന് പകരം സ്വര്‍ണംപൂശുന്നതിനായി വിവിധ സ്‌പോണ്‍സര്‍മാരെ കണ്ടെത്തി അവരില്‍ നിന്ന് വലിയ അളവ് സ്വര്‍ണം വാങ്ങി അത് മുഴുവനായി കൈവശപ്പെടുത്തുകയും ചെയ്തു. കൂടുതല്‍ തെളിവ് ശേഖരിക്കുന്നതിനായി പ്രതിയെ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ കൊണ്ടുപോകേണ്ടതുണ്ട്. പ്രതി സമൂഹത്തില്‍ സ്വാധീനമുള്ളയാളും തെളിവ് നശളിപ്പിക്കാനും കേസിന്റെ അന്വേഷണം തടസ്സപ്പെടുത്താനും കഴിവുള്ളയാളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ 13 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. രാവിലെ 10.30നാണ് പോറ്റിയെ പ്രത്യേക അന്വേഷണ സംഘം റാന്നി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തിച്ചത്. അഭിഭാഷകകരെ ഉള്‍പ്പെടെ പുറത്തിറക്കി രഹസ്യമായാണു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇതു പൂര്‍ണമായും വിഡിയോയില്‍ ചിത്രീകരിച്ചു. ശബരിമലയിലെ 2 കിലോ സ്വര്‍ണം കവര്‍ന്നു എന്നതാണു കേസ്.