പാകിസ്താനും അഫ്ഗാനിസ്ഥാനും ' അടിയന്തര വെടിനിര്‍ത്തലിന് ' സമ്മതിച്ചെന്ന് ഖത്തര്‍

പാകിസ്താനും അഫ്ഗാനിസ്ഥാനും ' അടിയന്തര വെടിനിര്‍ത്തലിന് ' സമ്മതിച്ചെന്ന് ഖത്തര്‍


ദോഹ: ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ മാരകമായി ഏറ്റുമുട്ടിയ അയല്‍ക്കാരായ അഫ്ഗാനിസ്ഥാനും പാകിസ്താനും അടിയന്തര വെടിനിര്‍ത്തലിന് സമ്മതിച്ചതായി ഖത്തര്‍ അറിയിച്ചു. 
നേരത്തെ സമാനമായി 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കിയിരുന്നെങ്കിലും അത് ലംഘിച്ച് പാകിസ്താന്‍ കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയത് വീണ്ടും സംഘര്‍ഷം വര്‍ധിപ്പിച്ചിരുന്നു. ആക്രമണത്തില്‍ പത്ത് അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ഇതെതുടര്‍ന്ന് തങ്ങള്‍ തിരിച്ചടിക്കുമെന്ന് കഴിഞ്ഞദിവസം അഫ്ഗാനിസ്താന്‍ സൈന്യത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. 
48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത് പാകിസ്താനാണെന്ന് അദ്ദേഹം ആരോപിക്കുകയും ചെയ്തു. ഇതെ തുടര്‍ന്നാണ് ഖത്തറിന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ നടത്തിയത്. നേരത്തെ പ്രശ്‌നത്തില്‍ ഇടപെടാനും പരിഹാരം കാണാനും സൗദി അറേബ്യയും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും സന്നദ്ധത അറിയിച്ചിരുന്നു. 

'ഞായറാഴ്ച നടന്ന ചര്‍ച്ചയ്ക്കിടെ, ഇരു രാജ്യങ്ങളും തമ്മില്‍ ഉടനടി വെടിനിര്‍ത്തലിനും ഇരുകൂട്ടര്‍ക്കുമിടയില്‍ ശാശ്വതമായ സമാധാനവും സ്ഥിരതയും ഏകീകരിക്കുന്നതിനുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും ഇരുപക്ഷവും സമ്മതിച്ചു' എന്ന് ഖത്തര്‍ മന്ത്രാലയം ഒരു പ്രസ്താവനയില്‍ പറഞ്ഞു.